Quantcast

റയല്‍-ടെബാസ് പോര് വീണ്ടും; റയലിനായി ലാലിഗ ഷെഡ്യൂള്‍ മാറ്റില്ലെന്ന് ലാലിഗ പ്രസിഡന്‍റ്

മറ്റു ലീഗുകളൊന്നും ക്ലബ്ബ് ലോകകപ്പിനായി ഷെഡ്യൂളുകള്‍ മാറ്റുന്നില്ലെന്ന് ടെബാസ്

MediaOne Logo

Web Desk

  • Published:

    11 Jun 2025 12:08 PM IST

റയല്‍-ടെബാസ് പോര് വീണ്ടും; റയലിനായി ലാലിഗ ഷെഡ്യൂള്‍ മാറ്റില്ലെന്ന് ലാലിഗ പ്രസിഡന്‍റ്
X

ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കഴിഞ്ഞ സീസണിൽ തങ്ങളുടെ ചില നിർണായക മത്സരങ്ങളിൽ റഫറിമാർക്ക് സംഭവിച്ച ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി അതിൽ നടപടിയെടുക്കണം എന്ന് റയൽ ആവശ്യമുന്നയിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമാവുന്നത്. റയലിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ടെബാസ് പലകുറി രംഗത്തെത്തി. ക്രൈയിങ് ക്ലബ്ബെന്നാണ് ടെബാസ് ഒരിക്കൽ റയലിനെ വിശേഷിപ്പിച്ചത്. എല്ലാ ദിവസവും റയലിന് പരാതികളാണെന്ന് ടെബാസ് കുറ്റപ്പെടുത്തി. ഇപ്പോഴിതാ വീണ്ടും റയൽ-ടെബാസ് പോരിന് കളമൊരുങ്ങുകയാണ്.

ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കുന്നതിനാൽ ലാലിഗ ഷെഡ്യൂളിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും കഴിഞ്ഞ ദിവസം ലാലിഗക്ക് കത്ത് അയച്ചിരുന്നു. ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് ക്ലബ്ബ് ലോകകപ്പ് അരങ്ങേറുന്നത്. ആഗസ്റ്റ് 16-17 ദിവസങ്ങളിലായാണ് ലാലിഗ ആരംഭിക്കുക. ക്ലബ്ബ് ലോകകപ്പിന് ശേഷം താരങ്ങൾക്ക് വിശ്രമത്തിനായി തങ്ങളുടെ മത്സരങ്ങൾ വൈകിത്തുടങ്ങണമെന്നായിരുന്നു റയലിന്റെയും അത്‌ലറ്റിക്കോയുടേയും ആവശ്യം. ഇക്കാര്യത്തിൽ ടെബാസിന്റെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ക്ലബ്ബ് ലോകകപ്പിൽ കളിക്കുന്നു എന്ന കാരണത്താൽ യൂറോപ്പിലെ മറ്റു ലീഗുകൾ ഒന്നും ടീമുകൾക്ക് ഷെഡ്യൂളിൽ ഇളവുകൾ നൽകുന്നില്ലെന്നാണ് ടെബാസ് പ്രതികരിച്ചത്.

''പ്രീമീയർ ലീഗ്, ബുണ്ടസ് ലിഗ, സീരി.എ എന്നീ ലീഗുകളൊന്നും ക്ലബ്ബ് ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് മത്സരക്രമത്തിൽ ഇളവുനൽകുന്നില്ല. നാഷണൽ ലീഗുകൾ എങ്ങനെയാണ് നമ്മളുമായി യാതൊരു കരാറുമില്ലാതെ നടത്തുന്ന മറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി മാറ്റിവക്കുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് കൊണ്ട് പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് മാത്രമാണ് ഗുണം. മൂന്നാഴ്ചയാണ് വിശ്രമിത്തിനായി ഇളവു നൽകാൻ ഉദ്യേശിച്ചിരിക്കുന്നത് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട'' - ടെബാസ് പറഞ്ഞു.

ഒപ്പം റയലിനിട്ട് കൊട്ടാനും ടെബാസ് മറന്നില്ല. പോയ സീസണിലെ പ്രശ്‌നങ്ങൾ വീണ്ടും എടുത്ത് പുറത്തിട്ട ടെബാസ് കളി തുടങ്ങും മുമ്പേ റയൽ പരാതികൾ ആരംഭിക്കുമായിരുന്നു എന്ന് കുറ്റപ്പെടുത്തി. ബാഴ്‌സ കഴിഞ്ഞ സീസണിൽ രണ്ട് തവണയാണ് റഫറിയിങ്ങിനെ കുറിച്ച് ആകെ പരാതി പറഞ്ഞത്. എന്നാൽ റയൽ ഓരോ കളി തുടങ്ങതിന് മുമ്പേ പരാതിയുമായി പ്രത്യക്ഷപ്പെടുമായിരുന്നു. ടെബാസ് പറഞ്ഞു.


TAGS :

Next Story