Quantcast

അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സച്ചിനുമെത്തി; ദിലീപിന്‍റെ അടുത്ത സര്‍പ്രൈസിനായി കാത്ത് ആരാധകര്‍

ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ സൗഹൃദക്കാഴ്ചകള്‍ കൂടെ ആരാധകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങളും

MediaOne Logo

Web Desk

  • Updated:

    2023-11-04 12:54:18.0

Published:

4 Nov 2023 12:34 PM GMT

അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സച്ചിനുമെത്തി; ദിലീപിന്‍റെ അടുത്ത സര്‍പ്രൈസിനായി കാത്ത് ആരാധകര്‍
X

ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം ഡ്രസ്സിങ് റൂമിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിങ് കോച്ച് ടി.ദിലീപിനെയും കാത്തിരുന്നു. ദിലീപ് ഡ്രസ്സിങ് റൂമില്‍ എഴുന്നേറ്റു നിന്നതും കയ്യടികളോടെ താരങ്ങള്‍ അദ്ദേഹത്തെ വരവേറ്റു. 'നിങ്ങളീ അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം' എന്ന മുഖവുരയോടെയാണ് ദിലീപ് തുടങ്ങിയത്. ഇന്ത്യന്‍ ടീമംഗങ്ങളെ പോലെ തന്നെ ആരാധകരും ആകാംക്ഷയോടെ അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു.

ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്. വിജയിക്ക് ലഭിക്കുന്നത് ഒരു മെഡലാണെങ്കിൽ പോലും അവാർഡ് പ്രഖ്യാപന രീതിയിലെ വ്യത്യസ്തത കൊണ്ട് ഇതിനോടകം ടി.ദിലീപും ഈ പുരസ്‌കാരവും ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മികച്ച ഫീല്‍ഡിങ് പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ കോച്ച് അഭിനന്ദിച്ചു. ഇനി അവാർഡ് പ്രഖ്യാപനത്തിന്റെ സമയമാണ്. എല്ലാവരോടും ടി.വി സ്ക്രീന് മുന്നിലേക്ക് വരാന്‍ കോച്ച് ആവശ്യപ്പെട്ടു. ആകാംക്ഷയോടെ കാത്തിരുന്ന താരങ്ങള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രത്യക്ഷപ്പെട്ടു. താരങ്ങള്‍ ഹര്‍ഷാരവങ്ങളോടെയാണ് സച്ചിനെ വരവേറ്റത്. ടീമിന്‍റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച സച്ചിന്‍ അവാര്‍ഡ് ജേതാവിന്‍റെ പേര് പ്രഖ്യാപിച്ചു.

ഇക്കുറി പുരസ്കാരം ശ്രേയസ് അയ്യര്‍ക്ക്. ഇത് രണ്ടാം തവണയാണ് അയ്യര്‍ ടി.ദിലീപിന്‍റെ മെഡലിന് അര്‍ഹനാവുന്നത്. കെ.എല്‍ രാഹുല്‍ അയ്യരെ മെഡലണിയിച്ചു. താരങ്ങള്‍‌ പരസ്പരം ആലിംഗനം ചെയ്തു. ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ സൗഹൃദക്കാഴ്ചകള്‍ കൂടെ ആരാധകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങളും. മത്സരത്തിനിടയില്‍ തന്നെ അവാര്‍ഡിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് താരങ്ങള്‍ പലവുരും ടി.ദിലീപിനെ നോക്കി പറയുന്ന ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി ലൈന് അരികിൽ നിന്നിരുന്ന ദിലീപിനെ നോക്കി മെഡൽ കഴുത്തിലണിയുന്ന രീതിയിൽ ആംഗ്യം കാണിച്ച രവീന്ദ്ര ജഡേജ, ന്യൂസിലാന്‍റിനെതിരായ മത്സരത്തില്‍ കോൺവേയെ മനോഹരമായൊരു ക്യാച്ചിലൂടെ പുറത്താക്കി ഇതേ ആംഗ്യം കാണിച്ച ശ്രേയസ് അയ്യര്‍ തുടങ്ങിയവരൊക്കെ ഇതിനോടകം അവാര്‍ഡ് ഏറ്റുവാങ്ങിക്കഴിഞ്ഞു. കിവീസിനെതിരായ മത്സരത്തിന് ശേഷം ഏറെ വ്യത്യസ്ത നിറഞ്ഞതായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

താരങ്ങളോട് മൈതാനത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഒരു ഡ്രോൺ കാമറ ആകാശത്തപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതില്‍ ഒരുതാരത്തിന്‍റെ ചിത്രം തൂക്കിയിട്ടിരുന്നു. താരങ്ങള്‍ ഇരട്ടിയാവേശത്തിലായി. ഒടുക്കം അത് അവര്‍ക്കിടയിലേക്ക് പറന്നിറങ്ങി. ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കാന്‍ പറന്നു ക്യാച്ചെടുത്ത ശ്രേയസ് അയ്യര്‍ക്ക് തന്നെയായിരുന്നു പുരസ്കാരം. സഹതാരങ്ങള്‍ അയ്യരെ പൊതിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അടുത്ത മത്സരത്തിലെ മികച്ച ഫീല്‍ഡര്‍ക്ക് ദിലീപ് ഒരുക്കി വക്കുന്ന സര്‍പ്രൈസ് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

TAGS :

Next Story