Quantcast

'സഞ്ജൂ.. സഞ്ജൂ...' ഇളകിമറിഞ്ഞ് കലൂരിലെ മഞ്ഞക്കടല്‍; ടീം ഇലവൻ പ്രഖ്യാപിച്ച്, ഗ്രൗണ്ടിനെ വലംവച്ച് താരം

മത്സരം തുടങ്ങുന്നതിനുമുൻപ് ബ്ലാസ്റ്റേഴ്‌സ് ഇലവനെ പ്രഖ്യാപിച്ചതും സഞ്ജു തന്നെയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-27 09:33:10.0

Published:

27 Feb 2023 9:31 AM GMT

SanjuSamsonforKeralaBlastersmatch, SanjuSamsonatKaloorStadium
X

കൊച്ചി: ഐ.എസ്.എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹോംഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും എത്തി. ടീമിന്റെ ബ്രാൻഡ് അംബാസഡറായതിനു ശേഷം ഇതാദ്യമായാണ് സഞ്ജു ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാനെത്തിയത്. ആർത്തുവിളിച്ച്, ആരവങ്ങളോടെയാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആരാധകർ താരത്തെ വരവേറ്റത്.

മത്സരം തുടങ്ങുന്നതിനുമുൻപ് ബ്ലാസ്റ്റേഴ്‌സ് ഇലവനെ പ്രഖ്യാപിച്ചതും സഞ്ജു തന്നെയായിരുന്നു. ഓരോ താരങ്ങളെ വിളിക്കുമ്പോഴും വൻ ആരവവും കൈയടിയുമായിരുന്നു ഗാലറിയിൽനിന്ന് ഉയർന്നത്. മത്സരത്തിനിടെ താരം ലൈവ് ചെയ്തു. ശേഷം ഗ്രൗണ്ട് വലംവച്ച് ആരാധകർക്ക് ആവേശം പകരുകയും സെൽഫി എടുക്കുകയും ചെയ്തു. ഈ മാസം ആദ്യത്തിലാണ് സഞ്ജുവിനെ ടീമിന്റെ ബ്രാൻഡ് അംബാസഡറായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

അതേസമയം, അവസാന മത്സരത്തിൽ സ്വന്തം നാട്ടിൽ ജയിച്ചുകയറാമെന്ന ബ്ലാസ്റ്റേഴ്‌സ് മോഹങ്ങൾ ഹൈദരാബാദ് തകർത്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. തങ്ങളുടെ ഹോംഗ്രൗണ്ടിൽ നടന്ന ആദ്യപാദ മത്സരത്തിലെ തോൽവിക്ക് ഹൈദരാബാദ് എഫ്.സി കണക്കുതീർക്കുകയും ചെയ്തു. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജയം. തോറ്റെങ്കിലും നേരത്തെ പ്ലേഓഫ് യോഗ്യത നേടിയതിനാൽ മത്സരഫലം ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിക്കില്ല.

29-ാം മിനുറ്റിൽ ബോർജ ഹെരേരയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ 35-ാം മിനുട്ടിൽ ജോയലിലൂടെ ഹൈദരാബാദ് രണ്ടാം ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡിൽ അതു പാളി.

ലൈൻ റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചിരുന്നില്ല. പിന്നീട് ഓഫ്‌സൈഡ് വിളിച്ച് ആ ഗോൾ നിഷേധിക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പരിശീലകനും താരങ്ങളം രോഷാകുലരായി നാടകീയരംഗങ്ങൾക്കും മത്സരം സാക്ഷിയായി.

Summary: Indian cricketer Sanju Samson came to cheer for Kerala Blasters on the home ground, at Kaloor Stadium, in the final match of the ISL league stage. This is the first time Sanju has come to watch a Blasters match after becoming the team's brand ambassador.

TAGS :

Next Story