പണം പോയത് മിച്ചം; ഐ.പി.എല്‍ സീസണിലെ ആറ് ഫ്ലോപ്പുകള്‍
വൻ തുക തലയിലടിപ്പിച്ചേൽപ്പിച്ച സമ്മർദമാണ് പലരുടേയം മോശം ഫോമിന് കാരണമെന്ന് വിലയിരുത്തുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളുണ്ട്

പണം വാരിയെറിഞ്ഞ് കളിക്കാരെ വാങ്ങാനാവും. എന്നാൽ അവർക്കൊപ്പം ഫോം കൂടി വിലക്ക് വാങ്ങാനാവുമോ? ഇല്ലെന്നാണ് ഐ.പി.എൽ 18ാം സീസൺ പ്ലേ ഓഫ് ചിത്രം തെളിയുമ്പോൾ ആരാധകർക്ക് ബോധ്യമാവുന്നത്. ഐ.പി.എൽ ചരിത്രത്തിലെ പണക്കണക്കുകൾ പലതും പഴങ്കഥയാക്കിയൊരു താര ലേലമാണ് 18ാം സീസണ് മുമ്പ് അരങ്ങേറിയത്. പല താരങ്ങൾക്കായും ഫ്രാഞ്ചസൈികൾ കോടികൾ വാരിയെറിഞ്ഞ് മത്സരിച്ചു. വിളിച്ച് ഇതെങ്ങോട്ടാണ് പോവുന്നതെന്ന് ആരാധകർ തലയിൽ കൈവച്ച് ചോദിച്ചു. മൂന്ന് ഇന്ത്യൻ താരങ്ങളെ 20 കോടിയിലധികം രൂപ മുടക്കി ടീമുകൾ കൂടാരത്തിലെത്തിച്ചു. എന്നാൽ സീസൺ അവസാനിക്കുമ്പോൾ ഇതിൽ പലതും നഷ്ടക്കച്ചവടമായി പോയെന്ന് പരിതപ്പിക്കുകയാണിപ്പോൾ ടീമുടമകൾ. നോക്കാം ഈ ഐ.പി.എല്ലിലെ ചില നഷ്ടക്കച്ചവടങ്ങൾ.
ഋഷഭ് പന്ത്
ഐ.പി.എൽ ചരിത്രത്തിൽ ഒരു താരത്തിനായൊരു ഫ്രാഞ്ചൈസി മുടക്കുന്ന ഏറ്റവും വലിയ തുക 27 കോടിയാണ്. ഋഷഭ് പന്തിനായി സഞ്ജീവ് ഗോയങ്ക അത്രയും വലിയൊരു തുക മുടക്കിയത് കിരീടം ഉള്ളിൽ കണ്ട് തന്നെയാണ്. ഐ.എസ്.എൽ ക്ലബ്ബായ മോഹൻ ബഗാനിൽ താൻ നടപ്പിലാക്കിയ വിപ്ലവം ക്രിക്കറ്റ് മൈതാനങ്ങളിലും സാധ്യമാവുമെന്നയാൾ ഉറച്ച് വിശ്വസിച്ചു. എന്നാൽ അതത്ര എളുപ്പമല്ലെന്ന് ഗോയങ്കക്ക് കഴിഞ്ഞ സീസണിൽ തന്നെ ബോധ്യമായതാണ്. ടീം തോറ്റപ്പോൾ ക്യാപ്റ്റനോട് കളത്തിലിറങ്ങി കയർക്കുക വരെ ചെയ്ത ഗോയങ്കയെ നോക്കി പണമെറിഞ്ഞവർക്ക് ഉള്ളിൽ ആദിയുണ്ടാവുമെന്ന് കമന്റെഴുതിയവർ ഏറെയാണ്. ഇക്കുറിയും ഐ.പി.എല്ലിൽ ഗോയങ്കക്ക് നഷ്ടക്കച്ചവടം തന്നെ.
റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച ക്യാപ്റ്റൻ പന്തിന്റെ പ്രകടനങ്ങൾ ടീമിന്റെ പുറത്താവലിൽ മുഴച്ച് നിന്നു. 13 മത്സരം കളിച്ച പന്ത് 13.37 ബാറ്റിങ് ആവറേജിൽ 151 റൺസാണ് ആകെ സ്‌കോർ ചെയ്തത്.107.09 ആണ് താരത്തിന്റെ സ്ട്രൈക്ക് റൈറ്റ്. നിർണായക മത്സരങ്ങളിൽ പലതിലും ക്യാപ്റ്റന്റെ ബാറ്റ് ശബ്ദിച്ചില്ല. സീസണിൽ അർധ സെഞ്ച്വറി കണ്ടത് ഒരേ ഒരു തവണ. താര ലേലത്തിന് ശേഷം പഞ്ചാബ് തന്നെ ടീമിലെടുത്ത് കളയുമോ എന്ന ആദിയുണ്ടായിരുന്നെന്ന് പ്രതികരിച്ച പന്തിനെ നോക്കി ശ്രേയസ് അയ്യർ ചിരിക്കുന്നുണ്ടാവുമിപ്പോൾ. ഇക്കുറി മൈതാനത്തേക്കിറങ്ങി ആരോടും കയർക്കാനൊന്നും നിന്നില്ല ഗോയങ്ക. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ബോധ്യമായിക്കാണും.
വെങ്കിടേഷ് അയ്യർ
കഴിഞ്ഞ സീസണിൽ ടീമിന് കിരീടം ചൂടി തന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൈ വിട്ട് കളഞ്ഞ കൊൽക്കത്ത ഇക്കുറി പണംവാരിയെറിഞ്ഞത് ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യർക്കായാണ്. 23.75 കോടി രൂപയാണ് ടീം അയ്യർക്കായി മുടക്കിയത്. സീസണിൽ 20 കോടിയിലധികം പോക്കറ്റിലാക്കിയ മൂന്നിൽ ഒരാൾ. എന്നാൽ അയ്യർ മൈതാനത്ത് അമ്പേ പരാജയമായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് ആകെ സ്‌കോർ ചെയ്തത് 142 റൺസ്. 20.29 ആയിരുന്നു ബാറ്റിങ് ആവറേജ്. സ്ട്രൈക്ക് റൈറ്റാവട്ടെ 139 ഉം. അടുത്ത സീസണ് മുമ്പേ കൊൽക്കത്ത അയ്യരെ വിട്ടു കളയുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
മുഹമ്മദ് ഷമി
പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ പ്രകടനങ്ങൾ അത്രക്ക് ആശാവഹമല്ല. ഐ.പി.എല്ലിലും അതങ്ങനെ തന്നെ. സീസണിൽ പത്ത് കോടി മുടക്കിയാണ് സൺ റൈസേഴ്സ് ഹൈദരാബാദ് ഷമിയെ തട്ടകത്തിലെത്തിച്ചത്. എന്നാൽ അതിനുള്ള പ്രകടനമൊന്നും പുറത്തെടുത്തില്ലെന്ന് മാത്രമല്ല കണക്കിന് തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു ഇന്ത്യയുടെ ലോകകപ്പ് ഹീറോ. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആകെ ആറ് വിക്കറ്റാണ് സീസണിൽ ഷമിയുടെ സമ്പാദ്യം. 56.17 ആണ് ബോളിങ് ആവറേജ്. സീസണിലെ ഏറ്റവും എക്സ്പൻസീവായ ബോളർമാരുടെ പട്ടികയിലാണിപ്പോൾ അയാളുടെ സ്ഥാനം.
ഫ്രേസർ മക്കർക്ക്
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മൈതാനങ്ങളിൽ എരിഞ്ഞ് കത്തിയ താരമാണ് ഓസ്ത്രേലിയക്കാരൻ ഫ്രേസർ മക്കർക്ക്. ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് 330 റൺസായിരുന്നു മക്കർക്കിന്റെ സമ്പാദ്യം. അതിനെക്കാളൊക്കെയേറെ ആരാധകരെ അതിശയിപ്പിച്ചത് അയാളുടെ സ്ട്രൈക്ക് റേറ്റാണ്. 234 പ്രഹര ശേഷിയിലാണ് മക്കർക്ക് അന്ന് സീസൺ അവസാനിപ്പിച്ചത്. 9 കോടി മുടക്കി ഡൽഹി ഈ സീസണിൽ മക്കർക്കിനെ നിലനിർത്താൻ തന്നെ തീരുമാനിച്ചു.
എന്നാൽ കഴിഞ്ഞ സീസണിലെ മിന്നും പ്രകടനങ്ങളൊന്നും മക്കർക്ക് ഇക്കുറി ആവർത്തിച്ചില്ല. ആറ് ഇന്നിങ്സുകളിൽ നിന്നായി ആകെ സമ്പാദ്യം 55 റൺസ്. 105.76 ആണ് സ്ട്രൈക്ക് റൈറ്റ്. പേസ് ബോളർമാർക്കെതിരെ താരം വല്ലാതെ സ്ട്രഗിൾ ചെയ്യുന്നത് കാണാമായിരുന്നു. ആറിൽ അഞ്ച് തവണയും മക്കർക്ക് ഇക്കുറി പുറത്തായത് വേഗപ്പന്തുകളിലാണ്.
ഗ്ലെൻ മാക്സ്വെൽ
ഒരു കാലത്ത് ഐ.പി.എൽ മൈതാനങ്ങളെ ത്രസിപ്പിച്ച ബാറ്റിങ് വിസ്ഫോടനങ്ങൾക്ക് തിരികൊളുത്തിയ വലിയ പേരുകളിൽ ഒന്നാണ് ഗ്ലെൻ മാക്വെൽ. എന്നാൽ കഴിഞ്ഞ കുറച്ച് സീസണുകളിലായി തന്റെ കരിയറിലെ ഏറ്റവും മോശം കാലത്ത് കൂടെയാണ് അയാൾ സഞ്ചരിക്കുന്നത്. ഇക്കുറി 4.2 കോടി മുടക്കിയാണ് മാക്സ് വെല്ലിനെ പഞ്ചാബ് കൂടാരത്തിലെത്തിച്ചത്. എന്നാൽ തന്റെ പ്രൈസ് ടാഗിനോട് നീതി പുലർത്താൻ മാക്സ്വെല്ലിനായില്ല. ആറ് ഇന്നിങ്സുകളിൽ നിന്ന് ആകെ 48 റൺസാണ് സീസണിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. നാല് തവണ രണ്ടക്കം കാണാതെ പുറത്ത്. ആറിൽ നാല് തവണയും വീണത് സ്പിന്നർമാർക്ക് മുന്നിൽ. പിന്നെ കൈവിരലിന് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തേക്ക്.
രചിൻ രവീന്ദ്ര
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച യങ് ടാലന്റുകളിൽ ഒരാളായാണ് ന്യൂസിലന്റ് യുവ താരം രചിൻ രവീന്ദ്ര കണക്കാക്കപ്പെടുന്നത്. വിശ്വ വേദികളിൽ പോലും അതിശയ പ്രകടനങ്ങളുമായി കളംനിറഞ്ഞ് കയ്യടി നേടിയ താരം പക്ഷെ ഇക്കുറി ഐ.പി.എല്ലിൽ ഫ്ളോപ്പായിരുന്നു. നാല് കോടിക്കാണ് സി.എസ്.കെ രചിനെ ടീമിലെത്തിച്ചത്. ചെന്നൈ ആരാധകർ വലിയ പ്രതീക്ഷയോടെ കണ്ട രചിൻ എന്നാൽ സകലരേയും നിരാശപ്പെടുത്തിക്കളഞ്ഞു. എട്ട് ഇന്നിങ്സുകളിൽ 191 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. രചിൻറെ ബാറ്റ് 50 കടന്നത് ഒറ്റത്തവണ മാത്രം. ഇന്ത്യൻ കണ്ടീഷനിൽ പേസ് ബോളർമാർക്ക് മുന്നിൽ പലതവണ അയാൾക്ക് മുട്ടിടിക്കുന്നത് കാണാമായിരുന്നു. മോശം ഫോമിനെ തുടർന്ന് ചെന്നൈ അവസാന മത്സരങ്ങളിൽ രചിനെ പുറത്തിരുത്തുകയും ചെയ്തു.
വലിയ പ്രതീക്ഷയോടെ ടീമുകൾ കൂടാരത്തിലെത്തിച്ച് നിറം മങ്ങിപ്പോയവർ ഇനിയുമേറെയുണ്ട്. വൻ തുക തങ്ങളുടെ തലയിലടിപ്പിച്ചേൽപ്പിച്ച സമ്മർദമാണ് പലരുടേയം മോശം ഫോമിന് കാരണമെന്ന് വിലയിരുത്തുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളുണ്ട്. എന്നാൽ അതേ സമയം കോടികൾ നൽകി തങ്ങളിൽ ഫ്രാഞ്ചൈസികൾ അർപ്പിച്ച വിശ്വാസം കാത്ത് ടീമുകളെ പ്ലേ ഓഫിലേക്ക് നയിച്ച താരങ്ങളുമുണ്ടെന്ന കാര്യവും മറന്ന് പോവരുത്.
Adjust Story Font
16

