വിശ്വവേദികളില്‍ ആരാധകരെ ത്രസിപ്പിച്ച ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍; ആര്‍ക്കാണ് മേല്‍ക്കൈ?
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ 14 തവണയാണ് ഇന്ത്യയും ആസ്‌ത്രേലിയയും നേർക്കു നേർ വന്നത്.

വിശ്വവേദികളിലെ ഇന്ത്യ ആസ്‌ത്രേലിയ പോരാട്ടങ്ങൾ എക്കാലവും ആരാധകർക്ക് ത്രസിപ്പിപ്പിക്കുന്ന ഓർമകളാണ്. കൊണ്ടും കൊടുത്തുമവ പല കാലങ്ങളിലായി ആവർത്തിച്ച് കൊണ്ടിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി ആ വലിയ പോരാട്ടത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങൊരുങ്ങുകയാണ്.
ചരിത്രം പരിശോധിക്കുമ്പോൾ കങ്കാരുക്കളോട് ഇന്ത്യക്ക് കണക്കുകൾ ഏറെ വീട്ടാൻ ബാക്കിയുണ്ട്. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ 14 തവണയാണ് ഇന്ത്യയും ആസ്‌ത്രേലിയയും നേർക്കു നേർ വന്നത്. അതിൽ 9 തവണയും കങ്കാരുക്കൾ വെന്നിക്കൊടി പാറിച്ചു. അഞ്ച് വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നോക്കൗട്ട് മത്സരങ്ങളിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്നിലും വിജയം ഓസീസിനൊപ്പമായിരുന്നു. 2003 ലും 2023 ലും കലാശപ്പോരാട്ടങ്ങളിൽ ഇന്ത്യയെ തകർത്ത് ആസ്‌ത്രേലിയ കിരീടത്തിൽ മുത്തമിട്ടു.
എന്നാല്‍ ടി20 ലോകകപ്പ് വേദികളില്‍ ഇന്ത്യക്കാണ് മേൽക്കൈ. കുട്ടി ക്രിക്കറ്റിന്റെ വിശ്വവേദിയിൽ ആറ് തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ നാലിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരേ ഒരു തവണയാണ് നോക്കൗട്ട് സ്‌റ്റേജിൽ ഇരുവരും ഏറ്റുമുട്ടിയത്. അന്നും ഇന്ത്യ വിജയം കുറിച്ചു.
ചാമ്പ്യൻസ് ട്രോഫിയിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഒരു മത്സരം ഓസീസ് വിജയിച്ചപ്പോൾ ഒരു മത്സരം മഴയെടുത്തു. ചാമ്പ്യൻസ് ട്രോഫി നോക്കൗട്ട് സ്‌റ്റേജിൽ ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കർ ട്രോഫിയിലാണ് അവസാനമായി ഇന്ത്യയും ആസ്‌ത്രേലിയയും നേർക്കു നേർ വന്നത്. 3-1 ന് പരമ്പര സ്വന്തമാക്കിയ കങ്കാരുക്കള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ അവസാനിപ്പിച്ചു. പരമ്പരയിൽ അന്ന് നിറഞ്ഞ് കളിച്ച പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമൊന്നും ഇല്ലാതെ കളത്തിലിറങ്ങുന്ന ഓസീസിന് മേൽ ഇന്ത്യക്ക് തന്നെയാണ് ഒരൽപം മേൽക്കൈ.
Adjust Story Font
16

