Quantcast

ചേട്ടന് പകരക്കാരനായെത്തി; ഒടുക്കം ഹീറോയായി ഹെര്‍ണാണ്ടസ്

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിലാണ് തിയോ ഹെര്‍ണാണ്ടസിന്‍റെ ഗോള്‍ പിറന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-15 10:57:34.0

Published:

14 Dec 2022 8:55 PM GMT

ചേട്ടന് പകരക്കാരനായെത്തി; ഒടുക്കം ഹീറോയായി ഹെര്‍ണാണ്ടസ്
X

ദോഹ: മൊറോക്കോയെ തകര്‍ത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍‌ പ്രവേശിക്കുമ്പോള്‍ അവര്‍ക്കായി ആദ്യം സ്കോര്‍ ചെയ്തത് റൈറ്റ് വിങ് ബാക്കായ തിയോ ഹെര്‍ണാണ്ടസാണ്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിലാണ് തിയോ ഹെര്‍ണാണ്ടസിന്‍റെ ഗോള്‍ പിറന്നത്. റാഫേല്‍ വരാനെ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ താരം ജവാദ് യാമിക്കിന്‍റെ ശരീരത്തില്‍ തട്ടി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഹെര്‍ണാണ്ടസിന്‍റെ കാലുകളിലേക്ക്. ഒരു ആക്രോബാറ്റിക് ഷോട്ടിലൂടെ ഹെര്‍ണാണ്ടസ് പന്ത് വലയിലെത്തിച്ചു.

തന്‍റെ ജ്യേഷ്ടന്‍ ലൂക്കാ ഹെര്‍ണാണ്ടസിന് പകരക്കാരനായാണ് തിയോ ഫ്രാന്‍സ് സ്ക്വാഡിലെത്തുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആസ്ത്രേലിയക്കെതിരെ പരിക്കേറ്റ ലൂക്ക ടീമില്‍ നിന്ന് പുറത്തായിരുന്നു. അതിന് ശേഷം ഫ്രാന്‍സിന്‍റെ റൈറ്റ് വിങ്ങില്‍ സ്ഥിര സാന്നിധ്യമായി തിയോ ഹെര്‍ണാണ്ടസുണ്ട്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പൊളിയാത്ത യാസീന്‍ ബോനോയുടെ കോട്ടയെയാണ് ഹെര്‍ണാണ്ടസ് തകര്‍ത്തത്. ഇതിന് മുമ്പ് കാനഡക്കെതിരെയാണ് ബോനോയുടെ വലകുലുങ്ങിയത്. അതാകട്ടെ ഒരു സെല്‍ഫ് ഗോളായിരുന്നു.ഇന്നത്തെ മത്സരത്തില്‍ രണ്ട് ഗോളുകളാണ് ബോനോയുടെ വലയിലെത്തിയത്. പകരക്കാരനായെത്തിയ റെണ്ടല്‍ കോലു മുവാനിയാണ് ഫ്രാന്‍സിനായി രണ്ടാം തവണ വലകുലുക്കിയത്.

സെമി ഫൈനലിന് തൊട്ട് മുമ്പ് ഈ മത്സരം താന്‍ ലൂക്കക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് തിയോ പറഞ്ഞിരുന്നു. ഈ ലോകകപ്പ് താന്‍ ലൂക്കക്ക് വേണ്ടി നേടുമെന്നും തിയോ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫ്രാന്‍‌സ് ലോകകപ്പ് കലാശപ്പോരിനെത്തുന്നത്.

TAGS :

Next Story