Quantcast

ലയണൽ മെസ്സി പി.എസ്.ജി വിട്ടാൽ ബാഴ്സലോണ മാത്രമാണോ താരത്തിനു പുറകെ?

മെസ്സിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്‌നമാകാത്ത ക്ലബ്ബുകൾ പലതും യൂറോപ്പിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-25 14:31:25.0

Published:

25 April 2023 2:00 PM GMT

ലയണൽ മെസ്സി പി.എസ്.ജി വിട്ടാൽ ബാഴ്സലോണ മാത്രമാണോ  താരത്തിനു പുറകെ?
X

ഈ വേനൽക്കാലത്ത് ലയണൽ മെസ്സി പി.എസ്.ജി വിടാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ താരത്തിനു പുറകെയാണ് ക്ലബ്ബുകൾ. അതിൽ ഏറ്റവും പ്രധാനമാണ് മുൻ ക്ലബ്ബ് ബാഴ്സലോണ. ക്ലബ് അധികൃതർ, മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. താരത്തിനായി ബാഴ്‍സലോണ പുതിയ സ്പോൺസർമാരെ തേടുന്നതായി വാർത്തകളും വന്നിരുന്നു. എന്നാൽ താരം ക്ലബ്ബ് വിടുകയാണെങ്കിൽ ബാഴ്സലോണ മാത്രമായിരിക്കില്ല താരത്തിനു പുറകെ, മറ്റു യൂറോപ്യൻ ക്ലബ്ബുകളും അർജന്റീനിയൻ ഇതിഹാസ താരത്തെ സ്വന്തമാക്കുവാൻ മത്സര രം​ഗത്തുണ്ടാവും.

മെസ്സിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്‌നമാകാത്ത ക്ലബ്ബുകൾ പലതും യൂറോപ്പിലുണ്ട്. എന്നാൽ ശമ്പളത്തിനു പുറമെ താരത്തെ ​ഉപയോ​ഗിക്കാൻ കഴിയുന്ന പദ്ധതിയും ടീമുകൾക്ക് വേണം. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുന്ന ടീം സ്ക്വാഡ് എന്തായാലും ക്ലബ്ബുകൾക്ക് ഉണ്ടാകേണ്ടകതുണ്ട്. ഇത്തരം സാഹചര്യത്തിൽ ബാഴ്സലോണയെല്ലാതെ മെസ്സി പോകാനിടയുളള ക്ലബ്ബുകൾ ഏതെല്ലാമായിരിക്കും?

മാഞ്ചസ്റ്റർ സിറ്റി

മെസ്സി സ്പാനിഷ് ടീമിലേക്ക് തിരികെ പോയില്ലെങ്കിൽ അടുത്ത സാധ്യത പെപ് ഗ്വാർഡിയോള പരിശീലകനായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കാറാനാണ്. ഗ്വാർഡിയോളയാണ് മെസ്സിയുടെ യഥാർത്ഥ കഴിവിനെ പുറത്തെടുത്ത് ഇതി​ഹാസ പദവിയിലേക്ക് ഉയർത്തുന്നത്.


പക്ഷെ മെസ്സിയെ ടീമിൽ എത്തിച്ചാൽ മാഞ്ചസ്റ്റർ സിറ്റി പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പ്രധാനമായി, എർലിംഗ് ഹാളണ്ടിനെ ലക്ഷ്യമാക്കിയുള്ള ഒരു സംവിധാനത്തിൽ മെസ്സിയെ എവിടെ കളിപ്പിക്കും? ഇൽകെ ഗുണ്ടോഗനും ബെർണാഡോ സിൽവയും ഈ വേനൽക്കാലത്ത് ടീം വിടാൻ സാധ്യതയുണ്ടെങ്കിലും മെസ്സി രണ്ടുപേർക്കും സമാനമായ പകരക്കാരനല്ല. എന്നിരുന്നാലും ഫുട്ബോൾ കളിയിലെ ചാണക്യനായ ഗ്വാർഡിയോളക്ക് മെസ്സിയെ കൂടി ഉൾപ്പെടുത്തി ടീമിനെ വാർത്തെടുക്കാൻ വലിയ പ്രയാസമുണ്ടായിരിക്കില്ല. ഇന്നത്തെ സാമ്പത്തിക നിലയിൽ പ്രീമിയർ ലീ​ഗ് ചാമ്പ്യൻമാർക്ക് അദ്ദേഹത്തിന് വലിയ ശമ്പളം നൽകാനും കഴിയും.

മാഞ്ചസ്റ്റർ യുണൈറ്റഡ്

യുണൈറ്റഡിന് ഇനി അറ്റാക്കിംഗ് മിഡ്ഫീൽഡർമാരെയോ വിംഗർമാരെയോ ആവശ്യമില്ല. എറിക് ടെൻ ഹാഗ് ഇതിനകം തന്നെ ഈ സ്ഥാനത്തേക്ക്താരങ്ങളെ തിരഞ്ഞെടുത്തു കഴിഞു. ആരൊക്കെ വന്നാലും ബ്രൂണോ ഫെർണാണ്ടസ് ഒരിക്കലും പ്ലേയിം​ഗ് ഇലവനിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ മുന്നേറ്റ നിരയിൽ മാർക്കസ് റാഷ്‌ഫോർഡ് ഉണ്ടായിട്ടും ഈ സീസണിൽ അധികം ഗോൾ നേടാനാൻ യുണൈറ്റഡ് കഷ്ടപ്പെട്ടു.

മെസ്സി ഒരു കാലത്തും ഗോൾ സ്‌കോറർ മാത്രമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ 800-ലധികം കരിയർ ഗോളുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനായി പലതും ചെയ്യാൻ കഴിയുമെന്നാണ്. അർജന്റീനിയൻ താരത്തിന് ​ഗ്രൗണ്ടിൽ സ്വതന്ത്രനായി ചുറ്റിക്കറങ്ങാനും അവസരങ്ങൾ സൃഷ്ടിക്കാനും യുണൈറ്റഡിൽ വേണ്ടത്ര പ്രതിരോധ കാവൽ മധ്യനിരയിൽ കാസെമിറോയുടെ രൂപത്തിലുമുണ്ട്.

ഗ്ലേസർ കുടുംബം മുമ്പ് കരുതിയതുപോലെ വേഗത്തിൽ ക്ലബ്ബ് വിൽക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും വേനൽക്കാലത്ത് നിക്ഷേപത്തിന് പണമുണ്ടാകുമെന്നതിൽ സംശയമില്ല. മറ്റ് സ്ഥാനങ്ങളിലേക്ക് താരങ്ങളെ എത്തിക്കുന്നതിനു മുമ്പ് അവരുടെ മുഖ്യ ലക്ഷ്യം തുടർച്ചയായി ​ഗോളുകൾ നേടുന്ന താരത്തിലേക്ക് തന്നെയാണ്.

ചെൽസി

ഈ സീസണിൽ മോശം ഫോമിൽ വലയുന്ന ചെൽസിക്ക് അടുത്ത സീസണിനു മുന്നോടിയായി പുതിയ ടീം സൃഷ്ടിക്കേണ്ടതുണ്ട്. മേസൺ മൗണ്ട്, കോനർ ഗല്ലഗെർ, ക്രിസ്റ്റ്യൻ പുലിസിച്ച്, ഹക്കിം സിയെച്ച്, എൻഗോളോ കാന്റെ, പിയറി-എമെറിക് ഔബമെയാങ് എന്നിവരെല്ലാം അടുത്ത വർഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കളിക്കാൻ സാധ്യതയില്ല. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ വന്നിട്ടുളള ജാവോ ഫെലിക്‌സും തുടരാൻ സാധ്യതയില്ല. ചെൽസിയിൽ നല്ലൊരു ക്രിയേറ്റീവ് കളിക്കാരന് ഇടമുണ്ട്.


അർജന്റീനയിൽ മെസ്സിയുടെ സഹതാരമായ എൻസോ ഫെർണാണ്ടസ് ചെൽസിയിലുണ്ട്. മെസ്സിയുടെ മുൻ പി.എസ്.ജി പരിശീലകനും അർജന്റീനിയക്കാരനുമായ മൗറീഷ്യോ പോച്ചെറ്റിനോയെ അടുത്ത സീസണിൽ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതും താരം ചെൽസിയിലേക്ക് അടുക്കാനുളള സാധ്യത വർദ്ധിപ്പിക്കുന്നു.

ന്യൂകാസിൽ യുണൈറ്റ‍ഡ്

സൗദി അറേബ്യൻ നേതൃത്വത്തിലുള്ള ഗ്രൂപ്പിൽ നിന്ന് വൻതോതിൽ നിക്ഷേപം നേടിയ ശേഷം, ന്യൂകാസിൽ പ്രീമിയർ ലീഗിൽ തങ്ങളുടെ ടീമിനെ പടി പടിയായി കെട്ടിപ്പടുക്കുകയായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീ​ഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീം ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യതയും നേടാൻ സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിയാൽ താരത്തിനു വേണ്ടി പണം മുടക്കാൻ ക്ലബ്ബിനു വലിയ പ്രയാസമുണ്ടായിരിക്കില്ല.

യൂറോപ്പിന് പുറത്തേക്ക്

ഇതേസമയം മെസ്സി യൂറോപ്പിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാതിരിക്കാൻ താരം തീരുമാനിച്ചെങ്കിൽ മാത്രമേ ഇത്തരം ഒരു നീക്കത്തിനു സാധ്യതയൊള്ളൂ. അമേരിക്കയിലെ എം.എൽ.എസ് ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയും സൗദി അറേബ്യൻ ടീമായ അൽ-ഹിലാലുമാണ് താരത്തെ സ്വന്തമാക്കാനായി രം​ഗത്തുളളത്. മെസ്സിയെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ തയ്യാറാണെന്ന് സൗദി പ്രോ ലീഗ് ടീം അൽ-ഹിലാൽ വ്യക്തമാക്കിയിട്ടുണ്ട്. അൽ-നാസർ റൊണാൾഡോക്ക് നൽകുന്ന പ്രതിവർഷം 177 മില്യൺ പൗണ്ടിന്റെ (1450 കോടി) ഇരട്ടി അവർ മെസ്സിക്ക് കരാർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്റെ ഭാവിയിലേക്കുളള ഫുട്ബോൾ പദ്ധതികളുടെ ഭാ​ഗമായാണ് റൊണാൾഡോക്ക് പുറമെ മെസ്സിയെയും എത്തിക്കാൻ സൗദി ഒരുങ്ങുന്നത്.


TAGS :

Next Story