'ബെയിലി ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുത്തത് എന്തിന്' ഓസീസ് ചീഫ് സെലക്ടര്‍ക്ക് രൂക്ഷവിമര്‍ശനം
ഡഗ്ഗൗട്ടിൽ ഓസീസ് താരങ്ങൾക്കൊപ്പം സംസാരിച്ചിരുന്ന ബെയിലിയെ കമന്റേറ്റർ പാറ്റ് വെൽഷും രൂക്ഷമായി വിമർശിച്ചു
പെർത്ത് ടെസ്റ്റിൽ ഇന്ത്യയോട് വഴങ്ങിയ നാണം കെട്ട തോൽവിയിൽ നിന്ന് ഓസീസ് ഇനിയും കരകയറിയിട്ടില്ല. ആദ്യ ഇന്നിങ്‌സിൽ 150 റൺസിന് സന്ദർശകരെ കൂടാരം കയറ്റിയിട്ടും ജയം കൈവിട്ട് പോയതിന്റെ അമർഷം ആരാധകർ സോഷ്യൽ മീഡിയയിൽ പരസ്യമാക്കുന്നുണ്ട്. അതിനിടെ ഓസീസ് മുഖ്യ സെലക്ടർ ജോർജ് ബെയിലിക്കെതിരെ മുൻ താരം ഇയാൻ ഹീലി രംഗത്തെത്തി. മത്സര ശേഷം ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാനായി ഓസീസ് താരങ്ങൾക്കൊപ്പം ബെയിലിയും മൈതാനത്തിറങ്ങിയതാണ് ഹീലിയെ ചൊടിപ്പിച്ചത്.
'ബെയിലി ഡഗ്ഗൗട്ടിൽ നിന്നിറങ്ങി ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കുന്നത് കണ്ടു. ഞാൻ ഒരു ഇന്ത്യൻ താരമാണെന്ന് കരുതുക. സെലക്ഷൻ കമ്മിറ്റി തലവനായ ബെയിലിക്ക് കൈകൊടുക്കേണ്ട ആവശ്യം എനിക്കുണ്ടോ. എത്രയും വേഗം ഇതൊന്ന് അവസാനിപ്പിച്ച് ആഘോഷിക്കാനല്ലേ നോക്കുക. അതിനിടിയിൽ ചീഫ് സെലക്ടർ കൂടി കൈകൊടുക്കാൻ ഗ്രൌണ്ടില്‍ ഇറങ്ങണോ?'- ഹീലി ചോദിച്ചു.
ഡഗ്ഗൗട്ടിൽ ഓസീസ് താരങ്ങൾക്കൊപ്പം സംസാരിച്ചിരുന്ന ബെയിലിയെ കമന്റേറ്റർ പാറ്റ് വെൽഷും രൂക്ഷമായി വിമർശിച്ചു. 'സെലക്ഷൻ കമ്മറ്റി ചെയർമാന്റെ ഉദ്യേശമെന്താണ്. ട്രാക്കും സ്യൂട്ടുമിട്ട് അദ്ദേഹമെന്തിനാണ് ഡഗ്ഗൗട്ടിൽ പോയിരിക്കുന്നത്. അദ്ദേഹം വല്ല കോർപ്പറേറ്റ് ബോക്‌സിലും പോയിരുന്ന് കളി നിരീക്ഷിക്കുകയല്ലേ വേണ്ടത്'- വെൽഷ് ചോദിച്ചു. പെർത്തിലെ തോൽവിയോടെ ടെസ്റ്റ് റാങ്കിങ്ങിൽ ഓസീസ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ഓസീസ് മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ് പെർത്തിലേത്.
Adjust Story Font
16