Quantcast

ഇടിത്തീയായി ജപ്പാൻ; പെയിനായി സ്പെയിൻ

ഇതോടെ ​ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.

MediaOne Logo

Web Desk

  • Updated:

    2022-12-01 22:23:34.0

Published:

1 Dec 2022 7:16 PM GMT

ഇടിത്തീയായി ജപ്പാൻ; പെയിനായി സ്പെയിൻ
X

ദോഹ: ഇത് ചരിത്രം. ലോകചാമ്പ്യന്മാരൊക്കെ ഇനി പഴങ്കഥ. ലോകകപ്പ് ​ഗ്രൂപ്പ് ഇ നിർണായക മത്സരത്തിൽ സ്പെയിനെ വിരട്ടിയോടിച്ച് ജപ്പാൻ. ഒന്നിനെതിരെ ഇരട്ട ​ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ 2010ലെ ചാമ്പ്യന്മാരെ തറപറ്റിച്ചത്. ഇതോടെ ​ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.

പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ജപ്പാന്‍റെ എതിരാളികള്‍. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച എട്ടരക്കാണ് മത്സരം. അതേസമയം ജപ്പാനോട് തോറ്റ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ സ്പെയിന് മൊറോക്കോയാണ് എതിരാളികള്‍.

48ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ആണ് സ്പെയിന്റെ നെഞ്ച് കലക്കി ​ആദ്യം ഗോൾവല കുലുക്കി സ്പാനിഷ് നിരയെ വിറപ്പിച്ചത്. തൊട്ടുപിന്നാലെ സ്പെയിൻ വലയിലേക്ക് ടനാക രണ്ടാമത്തെ വെടിയുണ്ട പായിച്ചു.

ആദ്യ ഗോളിന്റെ ഷോക്കില്‍ നിന്ന് മുക്തരാവാൻ സമയം കൊടുക്കാതെയായിരുന്നു ജപ്പാന്റെ രണ്ടാമത്തെ അടി. 51-ാം മിനിറ്റിലായിരുന്നു ആവോ ടനാക ഗോളടിച്ചത്. ഡൊവാന്‍ നല്‍കിയ പാസ് കോര്‍ണര്‍ ലൈനില്‍ നിന്ന് മിറ്റോമ ക്രോസിലൂടെ ടനാകയ്ക്ക് മറിച്ചുനല്‍കുകയായിരുന്നു.

പന്ത് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ടനാകയ്ക്കുണ്ടായിരുന്നുള്ളൂ. രണ്ടാമത്തേത് ​ഗോളാണെന്നതിൽ സംശയമുണ്ടായതോടെ റഫറി വാർ വിളിച്ചു.

പന്ത് ഔട്ട്ലൈന് കടന്നു എന്ന സംശയമാണ് വാർ വിളിക്കാൻ കാരണമായത്. എന്നാൽ റിപ്ലെയിൽ പന്ത് പൂർണമായും ഔട്ട്ലൈൻ കടന്നില്ലെന്ന് മനസിലായതോടെ റഫറി ​ഗോൾ ജപ്പാന് അനുകൂലമായി വിധിക്കുകയുമായിരുന്നു.

പിന്നീട് സമനില നേടാൻ സ്പെയിൻ പരമാവധി ശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും വിഫലമാവുകയായിരുന്നു. കളി ആദ്യ പകുതി കഴിഞ്ഞപ്പോൾ സ്പെയിനായിരുന്നു ഒരു ​ഗോളിന് മുന്നിൽ. എന്നാൽ രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ മുൻ ചാമ്പ്യന്മാരെ ജപ്പാൻ വിറപ്പിക്കുകയായിരുന്നു. 11ാം മിനിറ്റിൽ ആൽവറോ മൊറാട്ടയാണ് സ്പെയിനായി ഹെഡ്ഡറിലൂടെ ​വല കുലുക്കിയത്.

അസ്‌പെലിക്യുട്ടയുടെ അതിമനോഹര ക്രോസിന് തലവച്ചാണ് മൊറാട്ട സ്പെയിന് ലീഡ് നേടിക്കൊടുത്തത്. ഖത്തര്‍ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാം ഗോളാണിത്.ഒമ്പതാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയുടെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കൈയിലൊതുക്കിയിരുന്നു. എന്നാൽ രണ്ട് മിനിറ്റിനു ശേഷം മൊറാട്ട അതേ രീതിയിൽ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു.

എട്ടാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സിന്റെ പിഴവില്‍ നിന്ന് പന്ത് കൈക്കലാക്കി ജപ്പാന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി.

‌തുടക്കത്തിൽ തന്നെ ഇരു ​ടീമുകളും ​ഗോൾവല കുലുക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആദ്യ ഭാ​ഗ്യം സ്പെയിനോടൊപ്പമായിരുന്നു. പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ സർവ സന്നാഹവുമായാണ് സ്‌പെയിന്‍ ഇറങ്ങിയത്.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരമായ ഇന്ന് സമനില നേടിയാല്‍ പോലും സ്‌പെയിന്‍ നോക്കൗട്ടിലെത്തുമായിരുന്നു. എന്നിരിക്കെയാണ് ജപ്പാന്റെ അപ്രതീക്ഷിത അട്ടിമറി.

നാല് മാറ്റങ്ങളോടെയാണ് സ്‌പെയിന്‍ ഇന്ന് കളത്തിലിറങ്ങിയത്. അസെന്‍സിയോയ്ക്ക് പകരം മൊറാട്ടയും ഫെറാന്‍ ടോറസിന് പകരം നിക്കോ വില്യംസും ഡാനി കാല്‍വഹാലിന് പകരം ബാള്‍ഡെയും ലപോര്‍ട്ടിന് പകരം പൗ ടോറസും ടീമിലിടം നേടി. നിലവില്‍ ഗ്രൂപ്പ് ഇയില്‍ നാല് പോയിന്‍റോടെ സ്പെയിനാണ് മുന്നില്‍. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോടു പരാജയപ്പെട്ട ടീമിൽ അഞ്ച് മാറ്റങ്ങളാണ് ജപ്പാൻ പരിശീലകൻ വരുത്തിയത്.

TAGS :

Next Story