Quantcast

നൂനസ് ഷോക്ക്; ബ്രസീലിനെ തകര്‍ത്ത് യുറുഗ്വെ

2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-18 07:37:08.0

Published:

18 Oct 2023 2:30 AM GMT

നൂനസ് ഷോക്ക്; ബ്രസീലിനെ തകര്‍ത്ത് യുറുഗ്വെ
X

മൊന്‍റവീഡിയോ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ ഞെട്ടിച്ച് യുറുഗ്വെ. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുറുഗ്വെ മഞ്ഞപ്പടയെ തകർത്തത്. ഡാർവിൻ നൂനസും നികോളാസ് ഡി ലാക്രൂസുമാണ് യുറുഗ്വെക്കായി വലകുലുക്കിയത്. ഒരുഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ നൂനസാണ് ബ്രസീലിയന്‍ വധത്തിന് ചുക്കാന്‍ പിടിച്ചത്. 2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്.

മത്സരത്തിന്റെ 42 ാം മിനിറ്റിൽ ഡാർവിൻ നൂനസിലൂടെയാണ് യുറുഗ്വെ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്റെ ഇടതു വിങ്ങിലൂടെ കുതിച്ച അരോഹോയുടെ പാസിൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നൂനസ് ബ്രസീലിയൻ വലകുലുക്കി.

പെനാൽട്ടി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് രണ്ടാം ഗോൾ പിറന്നത്. 77 ാം മിനിറ്റില്‍ പെനാൽട്ടി ബോക്‌സിൽ വച്ച് നൂനസ് മറിച്ച് നൽകിയ പന്തിനെ വലയിലേക്ക് തിരിച്ച് വിടേണ്ട പണിയേ ലാ ക്രൂസിനുണ്ടായിരുന്നുള്ളൂ.

നെയ്മർ ജൂനിയറും വിനീഷ്യസ് ജൂനിയറുമടക്കം ബ്രസീലിന്റെ പേരുകേട്ട താര നിര കളത്തിലിറങ്ങിയിട്ടും യുറുഗ്വെൻ കരുത്തിന് മുന്നിൽ മഞ്ഞപ്പടക്ക് അടിപതറി. ആദ്യ പകുതിയുടെ അവസാനത്തില്‍ നെയ്മര്‍ ജൂനിയര്‍ പരിക്കേറ്റ് കളംവിട്ടതും ബ്രസീലിന് വിനയായി.

മത്സരത്തില്‍ 62 ശതമാനം പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ജയങ്ങളുമായി യുറുഗ്വെ രണ്ടാം സ്ഥാനത്തേക്ക് കയറി. കളിച്ച നാല് മത്സരങ്ങളും ജയിച്ച അര്‍ജന്‍റീന തന്നെയാണ് ഒന്നാമത്.

TAGS :

Next Story