Quantcast

''കളി നിര്‍ത്തി ഗ്രൗണ്ട് വിട്ട് പോകണമായിരുന്നു''; വിനീഷ്യസിന് പിന്തുണയുമായി സാവി

''റയൽ മാഡ്രിഡിന്‍റെ കളിക്കാരൻ എന്നതിനേക്കാൾ വിനിഷ്യസ് ഒരു മനുഷ്യനാണ്. അയാൾ സംരക്ഷിക്കപ്പെടണം''

MediaOne Logo

Web Desk

  • Updated:

    2023-05-22 16:59:16.0

Published:

22 May 2023 4:53 PM GMT

കളി നിര്‍ത്തി ഗ്രൗണ്ട് വിട്ട് പോകണമായിരുന്നു; വിനീഷ്യസിന് പിന്തുണയുമായി സാവി
X

മാഡ്രിഡ്: കഴിഞ്ഞ ദിവസം വലൻസിയയ്‌ക്കെതിരായ മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ കടുത്ത വംശീയാക്രമണങ്ങളാണ് ഉണ്ടായത്. അധിക്ഷേപങ്ങൾക്കു പിന്നാലെ കരഞ്ഞുകൊണ്ടായിരുന്നു വിനീഷ്യസ് ഗ്രൗണ്ട് വിട്ടത്. കളിക്ക് ശേഷം നിരവധി താരങ്ങളാണ് വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തുന്നത്. വംശീയാധിക്ഷേപം നേരിട്ട സമയത്ത് തന്നെ കളി നിർത്തിവെച്ചു ഗ്രൗണ്ട് വിടണമായിരുന്നു എന്ന് ബാഴ്സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പറഞ്ഞു.

''വിനിഷ്യസിനെതിരെ വംശീയാധിക്ഷേപം ഉണ്ടായ നിമിഷം തന്നെ കളി നിർത്തിവെച്ചു ഗ്രൗണ്ട് വിടണമായിരുന്നു. മുഴുവന്‍ വംശീയതകളും എതിർക്കപ്പെടണം. വംശീയ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാവുന്ന ഇടങ്ങളാണ് മൈതാനങ്ങള്‍. ഒരു ബേക്കറിക്കാരനോ അധ്യാപകനോ ജോലിസ്ഥലത്ത് അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. റയൽ മാഡ്രിഡിന്‍റെ കളിക്കാരൻ എന്നതിനേക്കാൾ വിനിഷ്യസ് ഒരു മനുഷ്യനാണ്. അയാൾ സംരക്ഷിക്കപ്പെടണം. ഞാനയാള്‍ക്കൊപ്പം നില്‍ക്കുന്നു''- സാവി പറഞ്ഞു. നേരത്തേ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും വിനീഷ്യസിന് പിന്തുണയുമായി എത്തിയിരുന്നു.

ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ സംഭവമല്ലെന്ന് മത്സ ശേഷം വിനീഷ്യസ് പറഞ്ഞു. ലാലിഗയിൽ വംശീയത സാധാരണ സംഭവമാണ്. ടൂർണമെന്റും (സ്പാനിഷ് ഫുട്‌ബോൾ) ഫെഡറേഷനും ഇതൊരു സ്വാഭാവിക സംഗതിയായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി.

പണ്ട് റൊണാൾഡീഞ്ഞോയും റൊണാൾഡോയും ക്രിസ്റ്റിയാനോ റൊണാൾഡോയും മെസിയുടെയുമെല്ലാം പേരിൽ അറിയപ്പെട്ട ലീഗാണ്. ഇപ്പോൾ വംശീയവാദികളുടെ ലീഗാണിത്. എന്നെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത രാജ്യമാണിത്. എന്നോട് അംഗീകരിക്കാൻ കഴിയാത്ത സ്‌പെയിനുകാർ ക്ഷമിക്കണം. ഇപ്പോൾ ബ്രസീലിൽ വംശീയവാദികളുടെ രാജ്യമായാണ് സ്‌പെയിൻ അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്പോൾ രാജ്യത്തെ പ്രതിരോധിക്കാൻ ഞാൻ അശക്തനാണ്-വിനീഷ്യസ് തുറന്നടിച്ചു.

വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തിൽ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ(സി.ബി.എഫ്) രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇനിയും എത്രകാലം ഇത് അനുഭവിക്കണം? 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇത്തരം സംഭവങ്ങൾക്കു സാക്ഷിയാകേണ്ടിവരുന്നു. വംശീയത നിലനിൽക്കുന്നിടത്ത് സന്തോഷമില്ല. വംശീയ ക്രൂരതകളെ എത്രകാലം മാനുഷികകുലം ഇങ്ങനെ കാഴ്ചക്കാരനെപ്പോലെ നോക്കിൽക്കുമെന്നും സി.ബി.എഫ് പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് ചോദിച്ചു. എല്ലാ ബ്രസീലുകാരും ഒപ്പമുണ്ടെന്ന് റോഡ്രിഗസ് വിനീഷ്യസിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ലാലിഗ പ്രതികരിച്ചത്. കുറ്റകൃത്യം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ലാലിഗ വൃത്തങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.

TAGS :

Next Story