Quantcast

കോട്ടുധാരികളെ തേടി അവർ വീണ്ടും വരുമ്പാൾ...

വിട്ടുവീഴ്ചയില്ലാതെ പ്രതിരോധത്തിന്റെ പേരിലാണ് ഹമാസിന് നിരവധി നേതാക്കളെ നഷ്ടമായത്. എന്നാൽ ഏകപക്ഷീയത നിറഞ്ഞ എല്ലാ ‘സമാധാന’ കരാറുകൾക്കും കൈയൊപ്പ് ചാർത്തുകയായിരുന്നു ഫതഹ് വിഭാഗം. എന്നിട്ട് സ്ഥാപകനേതാവ് യാസിർ അറഫാത്തിനു പോലും നീതി കിട്ടിയോ?

MediaOne Logo

MCA Nazer

  • Updated:

    2021-06-11 06:32:01.0

Published:

11 Jun 2021 6:31 AM GMT

കോട്ടുധാരികളെ തേടി അവർ വീണ്ടും വരുമ്പാൾ...
X

ഗസ്സ അതിക്രമത്തിന് വിരാമം കുറിച്ച വെടിനിർത്തലിന്റെ ആയുസ് ഇനിയെത്ര കാലം? ഈ ചോദ്യം വീണ്ടും കനക്കുകയാണ്. ഗസ്സയിൽ മാത്രമല്ല വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഇപ്പോൾ അതാണ് ഉയരുന്നത്. സ്വാസ്ഥ്യം എന്നത് ഇസ്രായേൽ ഒട്ടും ആഗ്രഹിക്കുന്നില്ല. അശാന്തിയും അധിനിവേശവും ആയുധങ്ങളും ക്രൂരതകളും മാത്രമാണ് ആ രാജ്യത്തിെന്റെ കൈമുതൽ. ഗസ്സയോട് ഇസ്രായേലിന് നേരത്തെ വെറുപ്പാണ്. കാരണം ഫലസ്തീൻ ജനത ഹമാസിനെ തെരഞ്ഞെടുത്തു എന്നതു തന്നെ.

ആ കലിപ്പ് ഇസ്രായേലിനു മാത്രമല്ല, അമേരിക്കയുടെയും ഉള്ളിലും നന്നായുണ്ട്. ഗസ്സയുടെ കണ്ണീരും ദുരിതവും ഹമാസാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞത് കഴിഞ്ഞ ദിവസം. വെസ്റ്റ് ബാങ്കിലേതു പോലെ ഗസ്സയിലെ ഫലസ്തീൻ ജനതയും 'മാറണം' എന്നാണ് സയണിസ്റ്റ് രാഷ്ട്രവും യാങ്കിയും പറയുന്നത്.ഹമാസ് അധികാരത്തിൽ ഇല്ലാത്ത ഗസ്സക്ക് നല്ലകാലം ഉണ്ടാകും. ഇരുകൂട്ടരും നൽകുന്ന സന്ദേശവും അതാണ്.

വിട്ടുവീഴ്ചയില്ലാതെ പ്രതിരോധത്തിന്റെ പേരിലാണ് ഹമാസിന് നിരവധി നേതാക്കളെ നഷ്ടമായത്. എന്നാൽ ഏകപക്ഷീയത നിറഞ്ഞ എല്ലാ 'സമാധാന' കരാറുകൾക്കും കൈയൊപ്പ് ചാർത്തുകയായിരുന്നു ഫതഹ് വിഭാഗം. എന്നിട്ട് സ്ഥാപകനേതാവ് യാസിർ അറഫാത്തിനു പോലും നീതി കിട്ടിയോ? അപമാനകരമായ അവസ്ഥകളെ മറികടക്കാൻ അവസാനകാലത്തും കഴിഞ്ഞോ? ഗസ്സയെ മാത്രമല്ല അവർ ഉന്നം വെക്കുന്നതും. വെസ്റ്റ് ബാങ്കിലെ കോട്ടുധാരികളെ തേടി അവർ വീണ്ടും എത്തിയതു കണ്ടില്ലേ? ഫലസ്ത്വീന്‍ അതോറിറ്റിയുടെ സ്വയംഭരണ പ്രദേശമായ ജനിന്‍ നഗരത്തിൽ ആയിരുന്നു അറബ് വേഷം ധരിച്ച ഇസ്രായേൽ സൈന്യത്തിന്റെ രഹസ്യ റെയിഡ്. മൂന്നു ഫലസ്ത്വീനികളെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. ഇതിൽ രണ്ടു പേർ ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷാ ഭടന്മാർ.


ശൈഖ് ജര്‍റാഹില്‍ ഫലസ്ത്വീനികളെ കുടിയൊഴിപ്പിക്കുന്നു

ഫതഹ് നേതൃത്വത്തിന് ഇസ്രായേലിന്റെ ഉള്ളിലിരിപ്പ് ഒരിക്കൽ കൂടി ബോധ്യമായി കാണും. 'സമാധാനം' എന്ന് എപ്പോഴും പറഞ്ഞതു കൊണ്ടു മാത്രമായില്ല. തങ്ങൾക്ക് തോന്നുന്നത് പ്രവർത്തിക്കും എന്ന ധാർഷ്ട്യമാണ് ഇസ്രായേലിന്റേത്. വേട്ടക്കാരും ഒറ്റുകാരും എന്ന പ്രയോഗത്തിന് ഇസ്രായേലും ഫതഹും എന്ന വ്യാഖ്യാനം കൂടിയുണ്ട് അറബ് ലോകത്ത്. ചെറുത്തുനിൽപ്പിന്റെ വിവരങ്ങൾ ഇസ്രായേലിന് കൈമാറണമെന്ന് 1993ലെ ഓസ്ലോ കരാറിൽ വ്യവസ്ഥയുണ്ട്. അനധികൃത കുടിയേറ്റം സംബന്ധിച്ച മറ്റു വ്യവസ്ഥകൾ നിരന്തരം ലംഘിക്കപ്പെടുേമ്പാഴും ഹമാസ് പോരാളികളെ പിടിച്ചു കൊടുത്ത് കരാറിനോട് നീതി പുലർത്താൻ പണിപ്പെടുകയായിരുന്നു ഫതഹ് വിഭാഗം.

സ്വന്തം ജനതയുടെ സ്വാഭാവിക അവകാശമാണ് പ്രതിരോധം. അതിനെപോലും ഒറ്റുകൊടുക്കുന്നതിന്റെ ലജ്ജാകരമായ പാപഭാരം തന്നെയാണ് ഫതഹ് നേതൃത്വം ഇപ്പോൾ പേറുന്നത്. ഇസ്രായേൽ റെയിഡിനെതിരെ വലിയ പ്രതിഷേധത്തിലാണ് ഫതഹ് നേതൃത്വം. 'വഴിവിട്ട അപകടകരമായ' നടപടിയാണിതെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വിലപിക്കുന്നു. അതു കാൺകെ, യാസിർ അറഫാത്തിന്റെ അവസാന നാളുകളിലെ സങ്കടപർവം തന്നെയാണ് വീണ്ടും ഓർമയിൽ. ഗസ്സ മാത്രമല്ല, വെസ്റ്റ് ബാങ്കും ജറൂസലമും ഇസ്രായേലിനെ വീണ്ടും അസ്വസ്ഥമാക്കുന്നുണ്ട്. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാൽ ഫതഹിന്റെ തിരസ്കാരം ഉറപ്പാണ്. അതുകൊണ്ടാവണം, പല കാരണങ്ങളാൽ ഇലക്ഷൻ നീട്ടുകയാണ്. കിഴക്കൻ ജറൂസലം അത്രയെളുപ്പത്തിൽ കീഴടങ്ങാൻ ഒരുക്കമല്ല.

ശൈഖ് ജര്‍റാഹിലെ ഫലസ്ത്വീനികളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനകളിൽ തന്നെയാണ് സയണിസ്റ്റ് ഭരണകൂടം. നിയമാനുസൃതം താമസിച്ചുവരുന്ന ഫലസ്തീൻ കുടുംബങ്ങളെ അകറ്റുക. ഇതാണ് ആസൂത്രിത ലക്ഷ്യം. ഇസ്രായേൽ കോടതി കേസ് മാറ്റി വെച്ചിരിക്കുകയാണ്. സൈമണ്‍ ദി ജസ്റ്റ് എന്ന പുരോഹിതന്റെ ശവകുടീരം ഇവിടെയുണ്ടെന്ന വാദം ഉയർത്തിയാണ് തീവ്ര സയണിസ്റ്റുകളുടെ പടപ്പുറപ്പാട്. അടുത്ത ദിവസം റാലി നടത്താനാണ് തീവ്ര സയണിസ്റ്റ് വിഭാഗത്തിെൻറ നീക്കം.



ഇസ്രായേലിൽ വ്യാഴവട്ടം നീണ്ട അധികാരം നഷ്ടപ്പെടുന്നതിൽ ബെന്യമിൻ നെതന്യാഹു അതീവ ഖിന്നനാണ്. പരമാവധി പ്രകോപനം സൃഷ്ടിച്ച് തീവ്ര സയണിസ്റ്റ് വിഭാഗങ്ങളെ കൂടെ നിർത്തുക. ഇതാണ് പുള്ളിയുടെ തന്ത്രം. സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് മുന്നിൽ നിൽക്കുന്നവരും പക്ഷെ, മോശമല്ല. ശൈഖ് ജർറാഹിലും മറ്റും ആപൽക്കരമായ നടപടികളുമായി അവരുംസജീവം. 1967ല്‍ ആണ് കിഴക്കന്‍ ജറൂസലം ഇസ്രായേൽ കൈയടക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ ഭൂമിയാണിത്. മസ്ജിദുൽ അഖ്സയുടെ പവിത്രത തകർക്കാൻ ആസൂത്രിത നീക്കങ്ങളാണ് സയണിസ്റ്റ് പക്ഷം തുടരുന്നത്.

പുതിയ സഖ്യസർക്കാർ ഘടക കക്ഷികളും മോശമല്ല. നഫ്താലി ബെന്നറ്റ് നയിക്കുന്ന തീവ വലതുപക്ഷ യാമിന പാര്‍ട്ടി ഉദാഹരണം. ഇവരുടെ പിന്തുണ ലപീഡിന് കിട്ടിയതോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ മാറ്റിനിർത്തിയുള്ള സര്‍ക്കാരിന് വഴിയൊരുങ്ങുന്നത്. നെതന്യാഹു മന്ത്രിസഭയിൽ നേരത്തെ പ്രതിരോധ മന്ത്രി പദവി വഹിച്ചിരുന്നയാളാണ് ബെന്നറ്റ്. ലിക്കുഡ് പാര്‍ട്ടിയും സഖ്യവും 52 സീറ്റുകളിലൊതുങ്ങി. ഈ മാസം 14നാണ് പുതിയ സർക്കാർ പാർലമെൻറിൽ വിശ്വാസം തേടേണ്ടത്. ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടിയും ഭരണ മുന്നണിയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മന്‍സൂര്‍ അബ്ബാസിന്റെ യുനൈറ്റഡ് അറബ് ലിസ്റ്റ്.

ഇസ്രായേലിലെ 21 ശതമാനം വരുന്ന അറബ് വംശജരാണ് അറബ് ലിസ്റ്റിന്റെ പിൻബലം. അറബ്, ഫലസ്തീൻ താൽപര്യങ്ങൾ പുതിയ സർക്കാർ സംരക്ഷിക്കുമെന്ന് മൻസൂർ അബ്ബാസ് പറയുന്നു. മുമ്പ് ബെന്യമിൻ നെതന്യാഹുവിനെ പിന്തുണച്ചയാളാണ് മൻസൂർ അബ്ബാസ്. അതുകൊണ്ടു തന്നെ ആ വാക്കുകൾക്ക് ഫലസ്തീൻ ജനത വില കൽപിക്കുന്നില്ല. ഒന്നുറപ്പ്, അതിക്രമം തുടർന്നാൽ ഗസ്സക്കപ്പുറം ധീരചെറുത്തുനിൽപ്പിന്റെ പുതിയ അധ്യായം ജറൂസലമിലും വെസ്റ്റ് ബാങ്കിലും തുറക്കും. വിജയം ആർക്ക് എന്നതല്ല. ആത്മാഭിമാനത്തോടെയുള്ള ഒരു ജീവിതം സാധ്യമാകുമോ എന്നതാണ് ചോദ്യം. അതിനുള്ള ഉത്തരം തേടുകയാണ് ഫലസ്തീൻ ജനത.

Next Story