Quantcast

ശിവരാമനു വേണ്ടി ഒരു സങ്കടഹർജി

ചുരുങ്ങിയ കാലംകൊണ്ട് ബിസിനസിൽ തിളങ്ങി. അബൂദബി കേന്ദ്രമായ അൽെഎൻ എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ കമ്പനി ഉടമ. ആരവങ്ങളും ആഘോഷങ്ങളുമായി മെച്ചപ്പെട്ട പ്രവാസജീവിതം. കൈയിൽ കാശുള്ളതുകൊണ്ട് സൗഹൃദങ്ങൾക്കും പ്രിയപ്പെട്ടവർക്കും കുറവുണ്ടായില്ല. 2010 ഓടെ എല്ലാം മാറിമറിഞ്ഞു.

MediaOne Logo

MCA Nazer

  • Updated:

    2021-06-26 13:58:57.0

Published:

26 Jun 2021 12:28 PM GMT

ശിവരാമനു വേണ്ടി ഒരു സങ്കടഹർജി
X

മൊബൈൽ ഫോണിെൻറ മറുതലക്കൽ അബൂദബിയിലെ അബ്ദുൽ ജബ്ബാർ.

ഓഫീസിലെ തിരക്കു പിടിച്ച രാത്രിനേരം. നിസ്സംഗതയോടെ അവൻ പറഞ്ഞതു കേട്ടു.

'നമ്മുടെ ആ പഴയ ശിവരാമൻ മരിച്ചു'

ഏതു ശിവരാമൻ?

അബൂദബിയിൽ ആ പേരിൽ ഓർമയിൽ പതിഞ്ഞ ഒരാളില്ല.

കോവിഡ് കാലം ആയതുകൊണ്ടാകും ഒരു മരണവും ഇപ്പോൾ വാർത്ത പോലുമാകുന്നില്ല. അല്ലെങ്കിൽ ആ വിധത്തിൽ മനസും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

അവൻ മുറിയാതെ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.

'ഓർക്കുന്നില്ലേ, മുമ്പ് ശിവരാമനെ കുറിച്ച് നാം നൽകിയ ആ വാർത്ത.

എത്രയോ വാർത്തകൾ. ഒരുപാട് ശിവരാമൻമാർ. എല്ലാം ഓർത്തുവെക്കാൻ ഈ ജീവിതത്തിൽ എവിടെ നേരം?

അബൂദബിയിൽ സ്വന്തമായി ബിസിനസ് നടത്തി കടംകയറി ആശുപത്രിയിൽ ആരാലും നോക്കാനില്ലാതെ കിടന്ന ആ മനുഷ്യൻ. അതെ ശിവരാമൻ. പഴയ വാർത്താ വീഡിയോയിലെ ആ ശോഷിച്ച ശരീരവും വിറയാർന്ന വാക്കുകളും ഒാർമയിലെത്തി.

പിന്നെയും നിസ്സംഗതയോടെ അവനെ കേട്ടു കൊണ്ടിരുന്നു

'മരണം കോവിഡ് മൂലമാണ്. ഇവിടെ തന്നെ സംസ്കരിക്കും'

അവെൻറ സംസാരം മുറിയും മുമ്പ് മനസ് മറ്റൊന്നു കൂടി മനസ് മന്ത്രിച്ചു: 'ഒരു കണക്കിനു നന്നായി. വേദനയും സംഘർഷവും ഒഴിഞ്ഞ ഒരു ലോകത്തേക്കാണല്ലോ ഈ മടക്കം'

1977 മുതൽ ശിവരാമൻ ഇവിടെയുണ്ട്.

നീണ്ട 44 വർഷങ്ങൾ ചെലവിട്ട പ്രവാസമണ്ണ്.

മെക്കാനിക്കൽ എഞ്ചിനിയർ എന്ന നിലക്കാണ് ശിവരാമൻ യു.എ.ഇയിൽ എത്തിയത്.


ചുരുങ്ങിയ കാലംകൊണ്ട് ബിസിനസിൽ തിളങ്ങി. അബൂദബി കേന്ദ്രമായ അൽെഎൻ എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ കമ്പനി ഉടമ. ആരവങ്ങളും ആേഘാഷങ്ങളുമായി മെച്ചപ്പെട്ട പ്രവാസജീവിതം. കൈയിൽ കാശുള്ളതുകൊണ്ട് സൗഹൃദങ്ങൾക്കും പ്രിയപ്പെട്ടവർക്കും കുറവുണ്ടായില്ല.

2010 ഒാടെ എല്ലാം മാറിമറിഞ്ഞു. ശിവരാമെൻറ ജീവിതം ആകെ താളം തെറ്റി. കരാർ ജോലിയിലുടെ കിേട്ടണ്ട 4.60 ലക്ഷം ദിർഹം മുടങ്ങിയതാണ് തുടക്കം. പിന്നീട് പരീക്ഷണഘട്ടങ്ങളുടെ വൻവേലിയേറ്റം.

അബൂദബി ഖാലിദിയയിലെ താമസ കെട്ടിടത്തിെൻറ വാടക മുടങ്ങി. ചെക്ക് മടങ്ങിയപ്പാൾ ഉടമക്ക് അരിശം കയറി. അബൂദബി ക്രിമിനൽ കോടതിയിൽ 75,000 ദിർഹം വാർഷിക വാടക നൽകാനുള്ള കേസിൻറ നൂലാമാലകൾ. അതിൽ കുരുങ്ങി ശിവരാമെൻറ ജീവിതവും സ്വപ്നങ്ങളും.

മനോവീര്യം തകർന്നതും അേതാടെ. പ്രായത്തിെൻറ അവശതകൾ ഉടൻ തലപൊക്കി. അനാരോഗ്യത്തിൽ ആശുപത്രിവാസം പതിവായി. എല്ലാ നല്ല കാലവും നൊടിയിടയിൽ നാടുനീങ്ങി.

മനുഷ്യപ്പറ്റുള്ള ചില കൂട്ടായ്മകൾ, വ്യക്തികൾ. അവരുടെ തുണയുള്ളതിനാൽ ആശുപത്രിയിൽ ശിവരാമൻ ഒറ്റക്കായില്ല. ചികിൽസയും ഭക്ഷണവും മുടങ്ങാതിരിക്കാൻ അവർ പലർക്കു മുമ്പിലും കൈനീട്ടി. ആശുപത്രി ബെഡിൽ അവർ കൂട്ടായി. പ്രമേഹം മൂർഛിച്ചപ്പോൾ കാൽ മുറിച്ചുമാറ്റി.

വാടക കേസുകാരണം വിസ പുതുക്കൽ നടന്നില്ല. കേസ് തീർപ്പാക്കാൻ പല വാതിലുകൾ മുട്ടി. ഒന്നും തുറന്നില്ല.

അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ആയിരുന്നു അവസാന ചികിൽസാകാലം. ഇവിടെ നിന്നാണ് അബൂദബി മുസഫയിൽ എംബസി ഏർപ്പാടാക്കിയ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. എല്ലാം കടന്ന് നാട്ടിലെത്തി ഒരു മരണം. ശിവരാമൻ ഉള്ളിൽ അതു െകാതിച്ചിരിക്കും. പക്ഷെ, പ്രവാസം ശിവരാമനെ തിരികെ വിടാൻ മടിച്ചു. കോവിഡിെൻറ രൂപത്തിൽ ആരുടെയും തുണയില്ലാതെ ഒരു വിടവാങ്ങൽ. മരണമെത്തുന്ന നേരത്ത് ആരും അരികിൽ ഉണ്ടാകരുതെന്നാണല്ലോ പുതിയ ചരിതം.

മുക്കാൽ ലക്ഷം ദിർഹത്തിെൻറതാണ് കേസ്. അതിെൻറ പേരിലാണ് പിന്നിട്ട വർഷങ്ങളത്രയും ശിവരാമൻ ഇടറിവീണത്. അതു തീർക്കാൻ കാര്യമായ ഇടപെടലൊന്നും നടന്നു കാണില്ല. എംബസിയൊക്കെ ഒന്നു മനസ് വെച്ചിരുന്നെങ്കിൽ, അഞ്ചെട്ടു വർഷം നീണ്ട രോഗാതുര ജീവിതവും മാനസിക പിരിമുറുക്കവും മറികടന്ന് നേരത്തെ തന്നെ നാടുപിടിക്കാൻ ശിവരാമന് കഴിയുമായിരുന്നില്ലേ?

മറിച്ചും ആലോചിക്കാം. നല്ല കാലത്ത് ശിവരാമന് നാട്ടിൽ പലരും ഉണ്ടായിരുന്നിരിക്കണം. പിന്നീട് എല്ലാവരും പതിയെ അകന്നുകാണണം. അതുകൊണ്ടായിരിക്കാം, എല്ലാ വയ്യായ്മകൾക്കിടയിലും ശിവരാമൻ നാട്ടിലെത്താൻ കൊതിക്കാതിരുന്നതും...

പ്രവാസമണ്ണിൽ മനുഷ്യപ്പറ്റുള്ള കുറച്ചു കൂട്ടായ്മകളും വ്യക്തികളും ഉള്ളതു െകാണ്ട് ആശുപത്രികൾക്കിടയിലെ ആ ജീവിതം തീർത്തും ഒറ്റപ്പെടലിേൻറതായില്ല. ഒടുവിൽ പ്രവാസ മണ്ണിൽ തന്നെ അന്ത്യനിദ്രയും.

ശിവരാമൻ ഒരു പ്രതീകമാണ്. ജീവിതത്തിൽ പലതും നേടുകയും ഒടുവിൽ ഒന്നുമില്ലാതെ മടങ്ങുകയും ചെയ്ത അനുഭവ സാക്ഷ്യങ്ങളുടെ പരമ്പരയിൽ ഒടുവിലത്തേത്.

നിയമപ്രശ്നങ്ങളും മറ്റും കാരണം അനധികൃത ജീവിതം തള്ളി നീക്കുന്ന കുറെ ശിവരാമൻമാർ ചുറ്റുമുണ്ട്. കേസുകളിൽ ഉൾപ്പെട്ടവർക്ക് പൊതുമാപ്പും സാധാരണ തുണയാകാറില്ല. വന്നുപെട്ട നിർഭാഗ്യങ്ങളുടെ ശരശയ്യയിൽ ജീവിതം ഹോമിച്ച് തീർക്കാൻ വിധിക്കപ്പെട്ട വേറെയും നിരവധി പേർ. ഇൗ കുറിപ്പ് അവസാനിപ്പിക്കുേമ്പാൾ ആ മുഖങ്ങെളാക്കെയും ഇൗ രാത്രിയിൽ മനസിൽ വന്നുനിറയുകയാണ്.

ഒരു യാചനയുണ്ട്. നമ്മുടെ നയതന്ത്ര, രാഷ്ട്രീയ, ഭരണ കേന്ദ്രങ്ങളോടുള്ള സാക്ഷാൽ സങ്കടഹർജി.നിയമപിന്തുണ ഉറപ്പാക്കിയാൽ, കോടതിക്കു പുറത്ത് ഒത്തുതീർപ്പു സാധ്യത കണ്ടെത്താനായാൽ കുറെ ശിവരാമൻമാർക്ക് നാടുപിടിക്കാനാകും. പിറന്ന നാട്ടിലെത്താൻ വഴിതേടി കേരളത്തിനും കേന്ദ്രത്തിനും ജനപ്രതിനിധികൾക്കും ശിവരാമൻ അനവധി അപേക്ഷകൾ നൽകി കാണണം. ഓർക്കുക. ഓരോ നിവേദനവും ഒരു ജീവിതം തന്നെയാണ്. ഇടറിവീണവെൻറ നിസ്സഹായ നിലവിളി കൂടിയാണ്.

പുറം രാജ്യത്തുനിന്നുള്ള ഒാരോ ആവലാതി കത്തുകൾക്കും കാരുണ്യജീവിതമുദ്ര പതിപ്പിക്കാൻ നമ്മുടെ സിസ്റ്റത്തിന് ഇനിയെന്നാകും കഴിയുക?


TAGS :

Next Story