Quantcast

തുഷാര്‍ തൃശൂരില്‍ മത്സരിക്കും

സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

MediaOne Logo

Web Desk

  • Published:

    27 March 2019 12:54 PM GMT

തുഷാര്‍ തൃശൂരില്‍ മത്സരിക്കും
X

അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനവുമായി തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മല്‍സരിക്കും. വയനാട്ടില്‍ പൈലി വാത്യാട്ടാകും സ്ഥാനാര്‍ത്ഥി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പിയുടെ ഭാരവാഹിത്വം ഒഴിയില്ലെന്നും തുഷാര്‍ വ്യക്തമാക്കി. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെങ്കിലും ഇത്തവണ എന്‍.ഡി.എക്ക് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം കുറിച്ച് ഒടുവില്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ എത്തുകയാണെങ്കില്‍ ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും മാറ്റമുണ്ടായേക്കാമെന്നും തുഷാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബി.ഡി.ജെ.എസിന് അനുവദിക്കപ്പെട്ട അഞ്ച് സീറ്റുകളില്‍ മൂന്ന് ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആലത്തൂര്‍, മാവേലിക്കര, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം ഒഴിയണമെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, തന്നോട് രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.

കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് തെറ്റായിപ്പോയി എന്നും. ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇത്തവണ അണികള്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നായിരുന്നു എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞത്.

TAGS :

Next Story