Quantcast

ക്രിസ്റ്റ്യാനോയും ലെവൻഡവ്‌സ്‌കിയും ലോകകപ്പിന്; സലാഹും സ്ലാറ്റനും മഹ്‌റസും പുറത്ത്... ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സംഭവിച്ചത്‌

അട്ടിമറി വീരന്മാരായ നോർത്ത് മാസിഡോണിയയെ പറങ്കിപ്പട വേണ്ടവണ്ണം കൈകാര്യം ചെയ്തപ്പോൾ ഭാഗ്യവും കീപ്പറുടെ കൈക്കരുത്തുമാണ് സ്വീഡനെതിരെ പോളണ്ടിന് ജയം സമ്മാനിച്ചത്

MediaOne Logo

André

  • Updated:

    2022-03-30 14:39:01.0

Published:

29 March 2022 9:01 PM GMT

ക്രിസ്റ്റ്യാനോയും ലെവൻഡവ്‌സ്‌കിയും ലോകകപ്പിന്; സലാഹും സ്ലാറ്റനും മഹ്‌റസും പുറത്ത്... ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സംഭവിച്ചത്‌
X

അട്ടിമറി വീരന്മാരായ നോർത്ത് മാസിഡോണിയയെ ആധികാരികമായി കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കരുത്തരായ സ്വീഡനെ കൊമ്പുകുത്തിച്ച് പോളണ്ടും യൂറോപ്യൻ മേഖലയിൽ നിന്ന് ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. സ്വന്തം തട്ടകമായ പോർട്ടോയിൽ നടന്ന പ്ലേഓഫ് ഫൈനലിൽ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ രണ്ടു ഗോളുകൾക്ക് പോർച്ചുഗൽ ജയിച്ചപ്പോൾ റോബർട്ട് ലവൻഡവ്സ്കി, പോയ്റ്റർ സെലിൻസ്കി എന്നിവരുടെ ഗോളിലായിരുന്നു സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അടക്കമുള്ളവർ അണിനിരന്ന പോളണ്ടിന്റെ ജയം.

ആഫ്രിക്കൻ മേഖലയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്തിനെ കീഴടക്കി വൻകരാ ചാമ്പ്യന്മാരായ സെനഗലും അൾജീരിയയെ വീഴ്ത്തി കാമറൂണും നൈജീരിയയെ സമനിലയിൽ കുരുക്കി എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഘാനയും ലോകകപ്പിന് ടിക്കറ്റെടുത്തു.

അട്ടിമറിക്കാരെ തുരത്തി പോർച്ചുഗൽ

യോഗ്യതാ റൌണ്ടിൽ മുൻ ചാമ്പ്യന്മാരായ ജർമനിയെയും പ്ലേഓഫിൽ നിലവിലെ യൂറോ ജേതാക്കളായി ഇറ്റലിയെയും കീഴടക്കിയ നോർത്ത് മസിഡോണിയ നിർണായക മത്സരത്തിൽ പോർച്ചുഗലിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും പരിചയസമ്പന്നരായ പറങ്കിപ്പട അർഹിച്ച ജയം സ്വന്തമാക്കുകായിരുന്നു. അരമണിക്കൂറോളം എതിരാളികളെ ഗോളടിക്കാൻ സമ്മതിക്കാതിരുന്ന മസിഡോണിയക്ക് പ്രതിരോധത്തിൽ വന്ന ഭീമൻ പിഴവാണ് തിരിച്ചടിയായത്. 32ആം മിനുട്ടിൽ മസിഡോണിയൻ താരത്തിന്റെ ക്രോസ്ഫീൽഡ് പാസ് പിടിച്ചെടുത്ത ബ്രൂണോ ഫെർണാണ്ടസ്, പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൈമാറി. ഗോൾ ഏരിയയുടെ അതിർത്തിയിൽ വെച്ചു ക്രിസ്റ്റ്യാനോ പന്ത് സഹതാരത്തിന്റെ മുന്നിലേക്ക് തട്ടുകയും കരുത്തുറ്റ ഷോട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വലകുലുക്കുകയും ചെയ്തു.

65-ആം മിനുട്ടിൽ മസിഡോണിയൻ ആക്രമണത്തിനിടെ ക്ഷണവേഗത്തിലുള്ള പ്രത്യാക്രമണമാണ് പറങ്കികൾക്ക് രണ്ടാം ഗോൾ നൽകിയത്. ഡിയാഗോ ജോട്ട ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ ബ്രൂണോ വലയിലെത്തിച്ചു.

സ്വീഡൻ കളിച്ചു, പോളണ്ട് കയറി

വ്യക്തമായ ആധിപത്യം പുലർത്തുകയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സ്വീഡനെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് പോളണ്ട് ജയിച്ചു മുന്നേറിയത്. അലക്‌സാണ്ടർ ഇസാക്, എമിൽ ഫോസ്ബർഗ്, കുലുസേവ്‌സ്‌കി തുടങ്ങിയ മികച്ച താരങ്ങളുള്ള സ്വീഡൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും പോളിഷ് കീപ്പർ വോയിക് ചെസ്‌നിയുടെ മകിവും ഗോൾ നിഷേധിച്ചു.

കളിയുടെ ഗതിക്ക് വിപരീതമായി ലഭിച്ച പെനാൽട്ടിയാണ് പോളണ്ടിന് കച്ചിത്തുരുമ്പായത്. പോളിഷ് താരത്തെ യെസ്പർ കാൽസ്റ്റോം ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി അനായാസം ലക്ഷ്യത്തിലെത്തിച്ച് ലെവൻഡവ്‌സ്‌കി ടീമിന് ലീഡ് നൽകി. ഗോൾ വഴങ്ങിയ സ്വീഡൻ തുടർന്നും അവസരങ്ങളുണ്ടാക്കിയെങ്കിലും ചെസ്‌നിയെ മറികടക്കാനായില്ല. അതിനിടെ, 72-ാം മിനുട്ടിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ സ്വീഡിഷ് ഫുൾ ബാക്ക് ഡാനിയൽസൻ വരുത്തിയ വീഴ്ച അവരുടെ ശവപ്പെട്ടിയിലുള്ള അവസാനത്തെ ആണിയായി. ബോക്‌സിനു പുറത്തുവെച്ച് പന്ത് തട്ടിയെടുത്ത് മുന്നോട്ടു കുതിച്ച സിലൻസ്‌കി കുറ്റമറ്റ ഫിനിഷിലൂടെ പന്ത് വലയിലാക്കി.

79-ാം മിനുട്ടിൽ ഡാനിയൽസന് പകരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് കളത്തിലിറങ്ങിയെങ്കിലും വെറ്ററൻ താരത്തിനും സ്വീഡനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

വമ്പന്മാർ വീണ ആഫ്രിക്ക

ആഫ്രിക്കൻ മേഖലയിൽ, അവസാന യോഗ്യതാ മത്സരങ്ങളിൽ നൈജീരിയയുടെയും ഈജിപ്തിന്റെയും അൾജീരിയയുടെയും കണ്ണീർവീണപ്പോൾ സെനഗൽ, ഘാന, മൊറോക്കോ, കാമറൂൺ, തുനീഷ്യ ടീമുകളാണ് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്.

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫൈനലിനെ ഓർമിപ്പിച്ച മത്സരത്തിൽ ഷൂട്ടൌട്ടിലായിരുന്നു ഈജിപ്തിനെതിരെ സെനഗലിന്റെ ജയം. ആദ്യപാദത്തിൽ സെനഗലിനെ സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോളിന് തോൽപ്പിച്ചിരുന്ന ഈജിപ്തിന് ഇന്നലെ സമനില മതിയായിരുന്നു മുന്നേറാൻ. പക്ഷേ, ഈജിപ്ത് താരങ്ങൾക്കു നേരെ പ്രയോഗിക്കാൻ ലേസർ ലൈറ്റുകളുമായി കാണികൾ അണിനിരന്ന ഹോം ഗ്രൗണ്ടിൽ സെനഗൽ ഒരു ഗോളടിച്ചതോടെ കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സൂപ്പർതാരം മുഹമ്മദ് സലാഹ് അടക്കം മൂന്നുപേർ കിക്കുകൾ പാഴാക്കിയതോടെ 3-1 ന് ഷൂട്ടൗട്ട് ജയിച്ച് സെനഗൽ ലോകകപ്പിന് ടിക്കറ്റെടുത്തു. കഴിഞ്ഞ തവണ ടീം പങ്കെടുത്തിട്ടും പരിക്കു കാരണം ലോകകപ്പ് നഷ്ടമായ സലാഹിന് ഇത്തവണയും നിരാശപ്പെടേണ്ടി വന്നു.

അവസാന നിമിഷം ഹൃദയം തകർന്ന് അൾജീരിയ

കാമറൂണിനെതിരെ 1-0 ഗോൾ ജയത്തിന്റെ ആനുകൂല്യവുമായി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ അൾജീരിയക്ക് മത്സരം സമനിലയാക്കിയാൽ പോലും ഖത്തറിലേക്ക് പോകാമായിരുന്നു. എന്നാൽ, പൊരുതിക്കളിച്ച കാമറൂൺ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല. 22-ാം മിനുട്ടിൽ എറിക് ചോപോമോട്ടിങ്ങിലൂടെ അവർ ലീഡെടുത്തു. നിശ്ചിത 90 മിനുട്ടിൽ ഗോളൊന്നും പിറക്കാതിരുന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്‌സ്‌ട്രൈ ടൈമിന്റെ തുടക്കത്തിൽ അൾജീരിയ വലകുലുക്കിയെങ്കിലും വാർ ഓഫ്‌സൈഡ് വിളിച്ചതോടെ കാമറൂണിന് ജീവശ്വാസം ലഭിച്ചു. അവസാന ഘട്ടത്തിൽ, 118-ാം മിനുട്ടിൽ അഹ്‌മദ് തൗബ അൾജീരിയക്കു വേണ്ടി ഗോളടിച്ചപ്പോൾ കളി തീരുമാനമായെന്നും കാമറൂൺ പുറത്തായെന്നും ഉറപ്പിച്ചതാണ്. എന്നാൽ, ഫൈനൽ വിസിലന് തൊട്ടുമുമ്പ് കാമറൂണിന്റെ രക്ഷകനായി കാൾ തോകോ ഇകാംബി അവതരിച്ചു. ഫ്രീകിക്കിനെ തുടർന്ന് അൾജീരിയൻ ബോക്‌സിൽ രൂപപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ ഇകാംബി പന്ത് വലയിലാക്കിയതോടെ അൾജീരിയക്കാരുടെ സ്വപ്‌നങ്ങൾക്കു മേൽ ഇടിത്തീ വീണു. ഇതോടെ റിയാസ് മെഹ്‌റസും ഇസ്ലാം സ്ലിമാനിയുമങ്ങുന്ന സൂപ്പർ താരനിരക്ക് ലോകകപ്പിൽ ഇടമില്ലെന്നുറപ്പായി.

ചിറകു കുഴഞ്ഞ് സൂപ്പർ ഈഗിൾസ്

എവേ ഗ്രൗണ്ടിൽ നടന്ന ആദ്യപാദം ഗോൾരഹിത സമനിലയിൽ കലാശിച്ചതിനാൽ സ്വന്തം ഗ്രൗണ്ടിൽ ജയമായിരുന്നു മുന്നേറാൻ നൈജീരിയക്കു മുന്നിലുള്ള എളുപ്പവഴി. എന്നാൽ സൂപ്പർ ഈഗിൾസിന്റെ ഹൃദയം പിളർന്ന് 10-ാം മിനുട്ടിൽ തോമസ് പാർട്ടെ ഘാനയെ മുന്നിലെത്തിച്ചു. ഇതോടെ, നിശ്ചിത സമയത്ത് ജയം നൈജീരിയക്ക് അനിവാര്യമായി. 22-ാം മിനുട്ടിൽ വില്യം ഇക്കോങ് പെനാൽട്ടിയിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചെങ്കിലും കടുപ്പമേറിയ പ്രതിരോധവുമായി ഘാന അവസാനം വരെ പിടിച്ചുനിന്നു. ഇതോടെ, രണ്ട് പാദങ്ങളിലുമായി മത്സരഫലം 1-1 ആയെങ്കിലും എവേ ഗ്രൗണ്ടിൽ ഗോളടിച്ച ഘാനക്ക് ലോകകപ്പ് യോഗ്യത ലഭിച്ചു.

കോംഗോയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-1 സമനില പാലിച്ചിരുന്ന മൊറോക്കോ ഇന്നലെ ഒന്നിനെതിരെ നാലു ഗോളിന് ആധികാരികമായി ജയിച്ചാണ് ലോകകപ്പിലേക്ക് മുന്നേറിയത്. ഇരുപകുതികളിലും രണ്ടുവീതം ഗോൾ മൊറോക്കോ നേടിയതിനു ശേഷം ഒരു ഗോൾ കോംഗോ അടിച്ചെങ്കിലും ഒരു തിരിച്ചുവരവിനുള്ള സാധ്യത ഇല്ലാതായിരുന്നു. മാലിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ ഒരു ഗോളടിച്ച് ജയിച്ച തുനീഷ്യയാകട്ടെ ഇന്നലെ എതിരാളികൾക്ക് ഗോളടിക്കാൻ അവസരം നൽകാതെ കളി 0-0 സമനിലയിലാക്കിയാണ് മുന്നേറിയത്.

TAGS :

Next Story