പിഎം ശ്രീയിൽ കേരളവും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സിപിഐ എതിർപ്പ് തള്ളിയാണ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്

Modi and Pinarayi | Photo | X
തിരുവനന്തപുരം: എൽഡിഎഫിലെ എതിർപ്പുകൾ മറികടന്ന് പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. ആർഎസ്എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഐ ഇതിനെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്.
സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു.
കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു.
കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.
Adjust Story Font
16

