Quantcast

ബദരിയിലെ രാത്രി: തപ്ത കുണ്ടിലെ കുളിയും മരണത്തിന്റെ സാക്ഷ്യപ്പെടുത്തലും

MediaOne Logo
ബദരിയിലെ രാത്രി: തപ്ത കുണ്ടിലെ കുളിയും മരണത്തിന്റെ സാക്ഷ്യപ്പെടുത്തലും
X

പുലര്‍ച്ച ഡോക്ടര്‍ വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി ഹരിദ്വാറിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ച് വിമാനത്തില്‍ വേണം നാട്ടിലെത്തിക്കാന്‍. അകന്ന ബന്ധുവായ മരുമകന്‍ ഉറക്കച്ചടവോടെ ഞങ്ങളെ നിസ്സഹായനായി നോക്കി. ഞങ്ങള്‍ ഞങ്ങളേയും ... ബദരിക്ക് മരണത്തിന്റെ മണമാണ്. തപ്ത കുണ്ടിലെ ചൂടിന് ഇപ്പോള്‍ മരണത്തിന്റെ തണുപ്പ് ..

ഗംഘാരിയയില്‍ നിന്നു പുലര്‍ച്ചെ തന്നെ ഗോവിന്ദ ഘട്ടിലേക്ക് മലയിറങ്ങി. അസ്തമയത്തിനു മുന്‍പ് ബദരിനാഥിലെത്തണം. ഗോവിന്ദ ഘട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് ബദരി. റിഷികേശില്‍ നിന്നും വരുന്ന ബസ്സില്‍ നല്ല തിരക്കാണ്. വലിയ ആറു ഹൈക്കിംഗ് ബാഗുകള്‍ ചുമലിലേറ്റി ഗോവിന്ദ ഘട്ടിലെ ലങ്കാറില്‍ നിന്നും മുകളിലെ ബസ്സ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ക്ഷീണിച്ചിരുന്നു. പത്തു കിലോമീറ്റര്‍ ദൂരം കുതിരപ്പുറത്ത് മലയിറങ്ങിയതിന്റെ പരിഭ്രമം വേറെയും. ഒരു ഷെയര്‍ ടാക്സി എടുത്ത് ബദരിയിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ മേഘവിസ്ഫോടനത്തിന്റെ അവശേഷിപ്പുകള്‍ പോലെ തകര്‍ന്ന ദേശീയ പാതയിലെ ഒറ്റവരിയില്‍ പലപ്പോഴും കുടുങ്ങിയും കുലുങ്ങിയും സന്ധ്യയ്ക്കു മുന്‍പ് ബദരിയിലെത്തി.

മേളത്തിരക്ക് ഒഴിഞ്ഞ നഗരി പോലെ സീസൺ തീര്‍ന്ന നിരാശയിലാണ് ബദരിനാഥ്. ചാര്‍ധാം യാത്രികരുടെ എണ്ണത്തിലെക്കുറവ് കച്ചവടത്തെ നന്നായി ബാധിച്ചിട്ടുണ്ട്. ബദരി ക്ഷേത്രത്തിലെ പൂജാരി അഥവാ റാവല്‍ കേരളത്തിലെ പയ്യന്നൂര്‍ സ്വദേശിയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ശങ്കരേട്ടനാണ് ക്ഷേത്രത്തിന്റെ മറുകരയില്‍ താമസം ഏര്‍പ്പാടാക്കിയത്. പിന്നിട്ട ട്രക്കിംഗ് പാതകളൊന്നിലും ഒരു മലയാളിയെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് സഹയാത്രികനും വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലുമായ രാജന്‍ മാഷ് അശ്ചര്യപ്പെട്ടപ്പോള്‍ സ്വയം ആജ്ഞ്ഞേയവാദിയായി നിര്‍വ്വചിക്കുന്ന കൂട്ടത്തിലെ ബോട്ടാണിസ്റ്റ് സോജന്‍ മാഷ് തന്റെ കയ്യിലെ എസ് എല്‍ ആര്‍ ക്യാമറയിലെ ഏതോ പൂവിന്റെ ചിത്രം നോക്കി അലസമായി പറഞ്ഞു: പോയ വഴിയിലൊന്നും റബ്ബറും ദൈവവും ഉണ്ടായിരുന്നില്ലല്ലോ അതിന്.

ഒരര്‍ത്ഥത്തില്‍ ശരിയല്ലേ കുന്നുകയറാനും കടപ്പുറത്ത് പോവാനും നമുക്ക് കാരണങ്ങള്‍ വേണമല്ലോ?. ഈ യാത്രയുടെ തുടക്കം മുതല്‍ ഞങ്ങളുടെ ധാന കാര്യ മാനേജര്‍ ബിനു മാഷിനും സ്റ്റേഷന്‍ മാസ്റ്റര്‍ സുരേന്ദ്രന്‍ മാഷിനും സംഘത്തിന്റെ ദ്വിഭാഷി ബാലു മാഷിനും വലിയ പ്രലോഭനമായത് ബദരി ക്ഷേത്രത്തിനു മുന്നിലെ ഹോട്ട് സ്പ്രിംഗ് തപ്ത കുണ്ടിലെ ചൂടുവെള്ള സ്നാനമാണ്. ഹോട്ടലില്‍ ബാഗുകള്‍ വച്ച് നേരെ തപ്ത കുണ്ടിലേക്ക്. എൺപത് ഡിഗ്രിയിലും ഉയര്‍ന്ന താപനിലയില്‍ ഊറി വരുന്ന ചുടു നീരുറവ കൊണ്ടുള്ള വലിയ ഒരു കുളം. അവിടെ നിന്നും പുറത്തേക്ക് ചാലുകളിലേക്ക് ഒലിച്ചെത്തുന്ന ചൂടുവെള്ളത്തില്‍ മേല്‍ നനച്ചും തുണികള്‍ അലക്കിയും ആളുകള്‍ രസിക്കുന്നു.

പുറത്തെ ഒന്‍പത് ഡിഗ്രി തണുപ്പില്‍ അകത്തെ എൺപത് ഡിഗ്രി ചൂടുവെള്ളം. തപ്ത കുണ്ടിന്റെ അതിശയത്തിലേക്ക് ആദ്യം കാലെടുത്ത് വച്ചത് ബിനു മാഷാണ്. കാല് പൊള്ളുന്ന ചൂടില്‍ ചെന്നു നിലവിളി .എങ്കിലും തണുത്തുറഞ്ഞ് കുതിരമണമുള്ള ദേഹത്ത് ചൂടുവെള്ളം ചെറു പൊള്ളലിനൊപ്പം കുഞ്ഞു സുഖവും തന്നു. ആകെ നനഞ്ഞാല്‍ കുളിരെവിടെ. ശരീരങ്ങള്‍ ചൂടുവെള്ളത്തോട് പൊരുത്ത പ്പെട്ടപ്പോള്‍ ഇറങ്ങിയിരുന്നായി കുളി.കുളിരുള്ള ഇളം കാറ്റില്‍ ദേഹത്ത് നിന്ന് ഉയരുന്ന ചൂട് നീരാവി. ആചാരപൂര്‍വമല്ല ആഘോഷമായാണ് തപ്ത കുണ്ടിലെ ചൂട് നീരാട്ട്. ഭൂമിയുടെ അകക്കാമ്പിലെ ചൂടു പാറകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന ചൂട് നീരുറവ ഒരു ഭൗമ താപ പ്രതിഭാസമാണ്. സള്‍ഫര്‍ മൂലകത്തിന്റെ സാന്നിധ്യം കൂടുതലുള്ള നീരുറവ പക്ഷെ ഏതു മഞ്ഞു കാലത്തും ഊറി വന്നു കൊണ്ടേയിരിക്കും. ദീര്‍ഘ മായ കുളി കഴിച്ച് ബദരി ക്ഷേത്ര മുറ്റത്ത് എത്തി.

തിരക്കില്‍ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നതിനേക്കാള്‍ പലര്‍ക്കും താത്പര്യം ഫോട്ടോ എടുക്കാനാണ്. ഉള്ളില്‍ കയറി തിരക്കില്‍ നിന്നൊഴിഞ്ഞ് ക്ഷേത്ര മുറ്റത്ത് കുറച്ചു നേരം ഇരുന്നപ്പോഴേക്കും ദേഹത്ത് തണുപ്പ് അരിച്ചു കയറി തുടങ്ങിയിരുന്നു. ഭക്ഷണം കഴിച്ച്‌ ഹോട്ടലില്‍ മടങ്ങിയെത്തിപ്പോഴേക്കും മറ്റു ചില മലയാളി കുടുംബങ്ങള്‍ ഹോട്ടലില്‍ എത്തിയിരുന്നു. അതിലൊരാള്‍ മീഡിയ വണ്ണിലെ ന്യൂസില്‍ കണ്ടിട്ടുണ്ട് എന്ന് സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. കൂടെയുള്ളത് അകന്ന ബന്ധത്തിലുള്ള അമ്മാവനും അമ്മായിയുമാണത്രേ. കോട്ടയം എരുമേലിയാണ് സ്വദേശം. നാട്ടില്‍ ഭാഗവത സപ്താഹമൊക്കെ നടത്തുന്നവരാണ്. എഴുപതാം വയസ്സില്‍ ഒരു ഹൃദയസ്തംഭനം അതിജീവിച്ച് എത്തിയതാണ് അമ്മാവന്‍. ആഗ്രഹം പ്രായത്തിനപ്പുറം എന്ന് ആശ്ചര്യപ്പെട്ട് ഞങ്ങള്‍ നേരത്തേ കിടന്നു.

കുഞ്ഞുറക്കം കണ്ണിലെത്തിയപ്പോള്‍ പുറത്ത് ഡോറില്‍ ആരോ ശക്തമായി ഇടിക്കുന്നു. അച്ഛാ എന്ന് നിലവിളിയും ഒപ്പം. ഞങ്ങള്‍ മൂവരും എഴുന്നേറ്റ് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അമ്മാവന്റെ ഭാര്യയാണ്. അമ്മാവന്‍ മിനിറ്റുകള്‍ക്കു മുമ്പ് അവസാന യാത്ര തുടങ്ങിയിരുന്നു. ബദരിയിലെ മരണം പുണ്യമാണ് എന്ന ശങ്കരേട്ടന്റെ വാദങ്ങള്‍ പക്ഷെ നാട്ടിലെ പെൺകുട്ടികള്‍ക്ക് ആശ്വാസമായില്ല. പുലര്‍ച്ച ഡോക്ടര്‍ വന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി ഹരിദ്വാറിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ച് വിമാനത്തില്‍ വേണം നാട്ടിലെത്തിക്കാന്‍. അകന്ന ബന്ധുവായ മരുമകന്‍ ഉറക്കച്ചടവോടെ ഞങ്ങളെ നിസ്സഹായനായി നോക്കി. ഞങ്ങള്‍ ഞങ്ങളേയും ... ബദരിക്ക് മരണത്തിന്റെ മണമാണ്. തപ്ത കുണ്ടിലെ ചൂടിന് ഇപ്പോള്‍ മരണത്തിന്റെ തണുപ്പ് ..

( അടുത്തത്: ഇന്ത്യയുടെ അതിര്‍ത്തിയിലെ അവസാന ചായക്കടയില്‍ ഒരു ചായ കുടി)

TAGS :

Next Story