Quantcast

കുറഞ്ഞ ചെലവിൽ ലഡാക്കിൽ പോയി വരാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

റൈഡ് ചെയ്ത് ലഡാക്കിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാരായ സഞ്ചാരികൾ എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് എത്ര ചെലവുവരും എന്നുള്ളതാണ്

MediaOne Logo

  • Published:

    13 Jun 2020 8:20 AM GMT

കുറഞ്ഞ ചെലവിൽ ലഡാക്കിൽ പോയി വരാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
X

ഒട്ടുമിക്ക സഞ്ചാരികളുടെയും സ്വപ്‌ന ലൊക്കേഷനാണ് ലഡാക്ക്. ഈ സ്വപ്‌നസാക്ഷാത്ക്കാരത്തനായി വർഷങ്ങളായി പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന നിരവധി പേരുണ്ട്. റൈഡ് ചെയ്ത് ലഡാക്കിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാരായ സഞ്ചാരികൾ എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഹിമാലയത്തിന്റെ മടിത്തട്ടിൽ കിടക്കുന്ന, അനിർവചനീയമായ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ആ സ്വപ്‌നദേശത്ത് സ്വന്തംനിലയ്ക്ക് പോയി വരാൻ എത്ര പണം കയ്യിലുണ്ടാവണമെന്നത്. ഇവരിൽ ഭൂരിഭാഗവും ഇഷ്ടംപോലെ പണം കയ്യിലുണ്ടായിട്ട് യാത്ര സ്വപ്നം കാണുന്നവരല്ല. ഒന്നുകിൽ കയ്യിൽ പണമില്ലാതെ സ്വപ്നം കാണുന്നവർ. അല്ലെങ്കിൽ ഗൾഫിലോ നാട്ടിലോ കഷ്ടപ്പെട്ട് പണിയെടുക്കുന്ന, സമ്പാദ്യങ്ങളിൽ നിന്ന് അൽപാൽപമായി മാറ്റിവെച്ച് യാത്ര സാക്ഷാത്കരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ.

ലേഖകന്‍ ഒരു റെയ്ഡിനിടെ

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷവും കാരണം ഇപ്പോൾ ലഡാക്കിലേക്ക് റൈഡ് ചെയ്തു പോവുക എന്നത് പ്രായോഗികമായ കാര്യമല്ല. എന്നാലും, അധികം വൈകാതെ നിയന്ത്രണങ്ങൾ മാറുകയും കാർമേഘങ്ങൾ നീങ്ങി സഞ്ചാരികളുടെ മുന്നിലെ വഴി തെളിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

മുടക്കുന്ന പണത്തിന് ഏറ്റവും നല്ല യാത്ര ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഒരുങ്ങുമ്പോൾ തന്നെ മുമ്പ് ലഡാക്ക് യാത്ര ചെയ്തവരോട് കാര്യങ്ങൾ അന്വേഷിക്കുന്നത്. പല സഞ്ചാരികളുടെ അടുത്തുനിന്നും ഇവർക്ക് കിട്ടുന്ന മറുപടി വ്യത്യസ്തമായിരിക്കും. സത്യത്തിൽ ലഡാക്ക് പോലുള്ള ഒരു യാത്രക്ക് വരുന്ന ചെലവ് എത്രവരും എന്നത് കൃത്യമായി ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

നമ്മൾ ലഡാക്കിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത് ഒരു മാസമെടുക്കും അവിടംവരെ റൈഡ് ചൈത് പോയി നാട്ടിൽ തിരിച്ചെത്താൻ. ഇതിൽ നമ്മളുപയോഗിക്കുന്ന വാഹനത്തിന്റെ മൈലേജ്, യാത്രാദൂരം, യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസങ്ങൾ, യാത്രക്കായി തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ തുടങ്ങിയവ കണക്കുകൂട്ടി ഏകദേശം ഒരു ധാരണയിൽ എത്തിച്ചേരാൻ കഴിയും. കൃത്യമായ പ്ലാനോടെ യാത്ര ചെയ്യാനായാൽ വലിയതോതിൽ ചെലവ് കുറക്കാനും യാത്ര ആസ്വാദ്യമാക്കാനും കഴിയും.

ചെലവുകൾ എന്തൊക്കെ?

പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് ചെലവ് കൂടുതലായി വരുന്നത്. ഒന്ന് ഭക്ഷണം, രണ്ട് ഇന്ധനം, മൂന്ന് താമസം. ഇതിനു പുറമെ വാഹനത്തിന്റെ അറ്റകുറ്റപ്പണികളടക്കം മറ്റ് ചെലവുകളും വരുന്നുണ്ട്. ഇതിൽ ഒരുനിലയ്ക്കും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തത് വാഹനത്തിന് വേണ്ട ഇന്ധനം ആണ്. ഭക്ഷണവും താമസവും നമ്മുടെ മനോനിലക്കനുസരിച്ച് എത്രത്തോളം ചുരുക്കാൻ പറ്റുമോ അതുപോലെ ചുരുക്കാനും എത്രത്തോളം വലുതാക്കാൻ പറ്റുമോ അത്ര വലുതാക്കാനും നമുക്ക് പറ്റും. നമ്മുടെ യാത്ര എങ്ങനെയൊക്കെ ആവണമെന്നും അതുമൂലമുണ്ടാകുന്ന സാമ്പത്തിക ചിലവുകൾ എങ്ങനെയൊക്കെ ആവണമെന്നും തീരുമാനിക്കേണ്ടത് നമ്മളാണ് എന്നുമാത്രം.

ഇന്ധനത്തിൽ വിട്ടുവീഴ്ചയില്ല, എങ്കിലും...

ഇന്ധനത്തിന്റെ ചിലവ് വാഹനങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും വാഹനത്തിന്റെ സി.സിയും മൈലേജും വ്യത്യസ്തമായിരിക്കുമല്ലോ. നിങ്ങൾ എത്ര കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത് എന്ന് മനസ്സിലാക്കി, നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് കൂടി കണക്കുകൂട്ടി ഇന്ധനച്ചെലവ് കണക്കാക്കാം. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ നിന്ന് ലഡാക്ക് വരെ പോയി തിരികെവരാൻ 18,000 രൂപയുടെ എണ്ണയാണ് വേണ്ടി വരുന്നത് എന്ന് കരുതുക. ഈ യാത്രയിൽ നിങ്ങൾ ഒരാൾ മാത്രമാണെങ്കിൽ ഈ തുക നിങ്ങൾ ഒറ്റയ്ക്ക് ചിലവഴിക്കേണ്ടി വരും. എന്നാൽ, യാത്രയിൽ നിങ്ങളുടെ വാഹനത്തിന്റെ പുറകിൽ ഒരാൾക്ക് കൂടെ ഇടം കൊടുത്താൽ ഇത് രണ്ടായി ഭാഗിക്കാനും ഇന്ധനച്ചെലവ് പകുതിയായി കുറക്കാനും കഴിയും.

വാഹനത്തിന്റെ പിറകില്‍ ഒരാള്‍ക്കു കൂടി ഇടം കൊടുത്താല്‍ ഇന്ധനച്ചെലവ് പകുതിയായി കുറക്കാന്‍ കഴിയും

താമസം എവിടെ, എങ്ങനെ?

അടുത്ത ഒരു ചിലവ് താമസസൗകര്യങ്ങൾക്കാണ്. ഇതിൽ എറ്റവും ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ പെട്രോൾ പമ്പുകളിൽ ടെന്റ് അടിച്ച് വിശ്രമിച്ച് പമ്പുകളിലെ ടോയ്‌ലറ്റ് - ബാത്ത്‌റൂം സൗകര്യം ഉപയോഗപ്പെടുത്തി പതിവ് പോലെ രാവിലെ യാത്ര തുടരുന്നു. ദാബകളിൽ താമസിക്കുന്നവരും ചെറിയ വാടക പറയുന്ന ലോഡ്ജുകളിൽ മുറി എടുക്കുന്നവരുമുണ്ട്. ആപ്പുകൾ വഴി ഓഫർ പ്രൈസിന് മുറി എടുക്കുന്ന വിരുതന്മാരുമുണ്ട്; ഇതിന് കൗശലത്തോടൊപ്പം ഭാഗ്യവും വേണമെന്നു മാത്രം.

കൂട്ടമായി യാത്ര ചെയ്യുമ്പോള്‍ ടെന്റടിച്ചു താമസിക്കുക എന്നത് ചെലവ് ചുരുക്കാന്‍ നല്ല ഒരു ഓപ്ഷനാണ്

താമസത്തിന് ടെന്റുകൾ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു വലീയ സാമ്പത്തിക ചിലവ് ചുരുക്കാൻ പറ്റും. ഒരു ദിവസത്തെ ഹോട്ടൽ റൂമിന്റെ വാടക കുറഞ്ഞത് ഒരു 400 ആണ് എന്ന് കരുതുക. അത് കൂട്ടി നോക്കിയാൽ ഒരു 20 ദിവസത്തെ ട്രിപ്പിന് 8000 രൂപയെങ്കിലും ചെലവാകും. ഹോട്ടലിൽ റൂം എടുക്കുന്നതിന് പകരം ടെന്റ് അടിച്ച് താമസിക്കുന്നതിലൂടെ മുകളിൽ പറഞ്ഞ തുക ലാഭിക്കാൻ പറ്റും. 400 എന്നത് ഒരു ഏകദേശ കണക്കാണെന്നോർക്കുക. ചിലപ്പോൾ അതിലും കുറഞ്ഞുകിട്ടും, മറ്റു ചിലപ്പോഴാകട്ടെ ഇരട്ടിയിലധികവും ചെലവഴിക്കേണ്ടി വരാം.

ഒരു കാര്യം എടുത്തുപറയാനുള്ളത് നിങ്ങൾ കൂട്ടമായല്ലാതെ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, വഴയിൽ ടെന്റ് അടിച്ച് താമസിക്കുന്നത് അത്ര സുരക്ഷിതമല്ല. കൂട്ടമായി യാത്ര ചെയ്യുമ്പോൾ ടെന്റടിക്കുന്നത് ചെലവ് കുറക്കാനും യാത്ര കൂടുതൽ ആസ്വാദ്യമാക്കാനും സഹായിക്കും.

ഇനി നിങ്ങൾ ഹോട്ടലിൽ റൂമെടുത്ത് താമസിക്കുന്നു എങ്കിൽ നിങ്ങളുടെ സഹയാത്രികനും നിങ്ങളുടെ റൂമിൽ ഇടം കൊടുത്താൽ ഇവിടെയും പകുതി പണം ലാഭിക്കാനാകും. ഇക്കാര്യം എടുത്തു പറയാൻ കാരണം, യാത്രകളിൽ ചില സഞ്ചാരികൾ എനിക്ക് കുറച്ച് സ്വകാര്യത വേണം എന്നുപറഞ്ഞ് ഒറ്റക്ക് ഒരു റൂമിൽ താമസിക്കുന്നതായി കണ്ടിട്ടുണ്ട്. അത്തരം ചിന്താഗതി നിങ്ങൾക്ക് താമസ സൗകര്യത്തിന്റെ ചിലവ് വർധിക്കാൻ കാരണമാകുന്നു.

കഴിയുന്നതും രണ്ടു പേർ, അല്ലങ്കിൽ നാലു പേർ എന്ന രീതിയിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. കാരണം മിക്ക ഹോട്ടലുകളിലും ഒരു റൂമിൽ രണ്ട് പേർക്ക് മാത്രമേ താമസിക്കാൻ സമ്മതിക്കുകയുള്ളൂ. ഇനി നിങ്ങളുടെ കൂടെ മൂന്നാമതായി ഒരാൾ കൂടി ഉണ്ടെങ്കിൽ അയാൾക്ക് വേണ്ടി മാത്രം ഒരു അധിക റൂം എടുത്ത് പണം കളയാൻ നിൽക്കരുത്. ഹോട്ടലിൽ സംസാരിച്ച് ഒരു എക്‌സ്ട്രാ ബെഡ് കൂടി ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് മൂന്ന് പേർക്ക് ഒരു റൂമിൽ താമസിക്കാൻ പറ്റും. അപ്പോൾ ഒരു റൂം അധികമായി എടുക്കുന്നതിൽ 400 രൂപ ചിലവാകുന്നതിന് പകരം എക്‌സ്ട്രാ ബെഡിന് 150, 200 രൂപയൊക്കെ നൽകിയാൽ മതിയാവും.

ഭക്ഷണത്തിന് പലവഴികൾ

ഭക്ഷണച്ചെലവിന്റെ കാര്യത്തിൽ പൊതുവെ സഞ്ചാരികൾക്കിടയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല. പൊതുവെ സഞ്ചാരികൾ ഭക്ഷണം വാരിവലിച്ച് കഴിക്കാറില്ല. അമിതമായി കഴിക്കാൻ പാടില്ല താനും. കണ്ടതൊക്കെ ഒരു നിയന്ത്രണവും കൂടാതെ വാരിവലിച്ച് കഴിച്ചാൽ ഫുഡ് പോയ്‌സൺ അടക്കമുള്ള അപകടങ്ങൾ വരെ സംഭവിക്കാനിടയുണ്ട്.

യാത്രയിൽ ഭക്ഷണ ചിലവ് കൂടി കുറക്കണം എന്ന് നിങ്ങൾ തീരുമാനിക്കുന്നുണ്ടങ്കിൽ അതിന് ഏറ്റവും നല്ല മാർഗ്ഗം സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുക എന്നതാണ്. ഒന്നുരണ്ട് പാത്രങ്ങളും ചെറിയ ഗ്യാസടുപ്പും കയ്യിൽ കരുതിയാൽ മതി. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരു വ്യക്തിക്ക് ഒരു ദിവസത്തെ ഭക്ഷണച്ചെലവ് 350 രൂപയാണ് ആകുന്നതെങ്കിൽ ഒരു ഇരുപത് ദിവസത്തെ യാത്രക്ക് 7000 രൂപയോളം ഒരാൾക്ക് മാത്രം ഭക്ഷണത്തിന് ചിലവാകും. അതേസമയം, സ്വന്തമായി കുക്ക് ചെയ്യുമ്പോഴോ? യാത്ര ചെയ്യുന്ന നാലു പേർക്ക് കൂടി ഭക്ഷണത്തിന് വരുന്ന ചിലവ് ഒരു ദിവസം 350 രൂപയിൽ ഒതുക്കാൻ കഴിയും. ഇഷ്ടപ്പെട്ട ഭക്ഷണം, വിശ്വസിച്ചു കഴിക്കാമെന്നത് ഇതിന്റെ സൗകര്യമാണ്.

സ്വന്തമായി കുക്ക് ചെയ്യാനുള്ള സംവിധാനമുണ്ടെങ്കില്‍ ഭക്ഷണച്ചെലവില്‍ വലിയൊരു ഭാഗം ലാഭിക്കാനാവും

നിങ്ങൾ കടന്നുപോകുന്ന റൂട്ടിൽ ജോലി ചെയ്യുന്ന പരിചയക്കാരോ പഠിക്കുന്ന കൂട്ടുകാരോ കുടുംബക്കാരോ ഒക്കെയുണ്ടാകും. പ്ലാനിംഗ് ഘട്ടത്തിൽ തന്നെ അവരെ ബന്ധപ്പെടുകയാണെങ്കിൽ അവിടെയെത്തുമ്പോൾ അവരുടെ കൂടെ താമസിക്കാനും ഭക്ഷണ, താമസ ചെലവുകൾ ലാഭിക്കാനും കഴിയും.

വാഹനം അതിപ്രധാനമാണ്

ഇനി ഇവയ്ക്കുപുറമെ മറ്റു ചിലവുകളായി വരുന്നത് നമ്മുടെ വാഹനം കണ്ടീഷൻ അല്ലങ്കിൽ സർവീസ് ഒക്കെ കഴിഞ്ഞ് ഒരു യാത്രക്കൊരുങ്ങുമ്പോൾ ഉണ്ടാകുന്ന ചിലവുകൾ, അതു പോലെ എക്‌സ്ട്രാ യാത്രയിൽ കയ്യിൽ കരുതേണ്ട സ്പയർ പാർട്‌സുകൾ, സുരക്ഷയുടെ ഭാഗമായുള്ള റൈഡിംഗ് ഗിയേർസ് തുടങ്ങിയവയാണ്. ഇക്കാര്യം ഓരോരുത്തർക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും. പ്ലാനിംഗ് ഘട്ടത്തിൽ തന്നെ ഇവ കൃത്യമായി കണക്കുകൂട്ടിയാൽ ബഡ്ജറ്റിംഗ് എളുപ്പമാകും.

വാഹനത്തിന്റെ ഫിറ്റ്നസില്‍ റിസ്കെടുക്കാന്‍ നിന്നാല്‍ അതൊരു വിഡ്ഢിത്തമായിരിക്കും. പലപ്പോഴും മുട്ടന്‍പണി കിട്ടിയെന്നും വരാം.

യാത്രയ്ക്ക് തയ്യാറാക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ തന്നെ ചെലുത്തുക. പലരും തങ്ങളുടെ വണ്ടിയുടെ പ്രവർത്തനക്ഷമത നോക്കാതെ, യാത്രക്കുമുമ്പ് നല്ല രീതിയിൽ സർവീസ് പോലും ചെയ്യാതെ വരുന്നത് വരട്ടെ എന്ന മനോഭാവത്തോടെ യാത്രയാരംഭിക്കുന്നത് കണ്ടിട്ടുണ്ട്. അപകടകരമായൊരു വിഡ്ഢിത്തമാണത് എന്നുമാത്രം പറയട്ടെ. വാഹനത്തിന്റെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും കാണിക്കരുത്. അങ്ങനെയൊരു ഭാഗ്യ പരീക്ഷണത്തിന് നിന്നാൽ വഴിയിൽ വെച്ച് നിങ്ങളുടെ വാഹനം പണിമുടക്കാം. അതുമൂലം നിങ്ങൾക്ക് ചിലപ്പോൾ യാത്ര വഴിയിൽ വെച്ച് അവസാനിപ്പിക്കേണ്ടതായി വരും.

ചിലപ്പോൾ വണ്ടിയുടെ പ്രോബ്ലം തീർക്കാൻ ഒരു സർവീസ് സെന്ററോ അല്ലെങ്കിൽ ഒരു ടെക്‌നീഷനെയോ കണ്ടത്തണമെങ്കിൽ ചിലപ്പോൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വരും. നമ്മുടെ ഗതികേട് മുതലെടുത്ത് അമിത ചാർജ് ഈടാക്കുന്നവർക്ക് തലവെച്ച് കൊടുക്കേണ്ടിയവും വന്നേക്കാം. സാമ്പത്തിക, സമയ നഷ്ടവും മാനസിക പ്രയാസവും മാത്രമാവും ബാക്കി.

ये भी पà¥�ें- ലോങ് ഡ്രൈവ് പോകുന്നവര്‍ സൂക്ഷിക്കുക, ഹൈവേ ഹിപ്നോട്ടിസം നിങ്ങളെയും പിടികൂടാം

TAGS :

Next Story