Quantcast

കോവിഡ് കഴിഞ്ഞ് ലഡാക്കിൽ പോകുന്നോ? അറിയേണ്ട കാര്യങ്ങൾ

സഞ്ചാരിയുടെ സ്വപ്നങ്ങളിലൊന്നാണ് ലഡാക്ക് യാത്ര. പലരും കോവിഡെന്ന മഹാമാരി അവസാനിച്ചിട്ട് യാത്രചെയ്യാൻ വേണ്ടി പ്ലാനുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

MediaOne Logo

  • Published:

    5 Sep 2020 9:59 AM GMT

കോവിഡ് കഴിഞ്ഞ് ലഡാക്കിൽ പോകുന്നോ? അറിയേണ്ട കാര്യങ്ങൾ
X

കോവിഡ് കാലമാണ്. സാമൂഹിക അകലത്തിന്റെ കാലം. ഇത്തരം ഒരു ദുരിതം പേറുന്ന കാലഘട്ടത്തിൽ, നമ്മൾ താമസിക്കുന്ന വീട് നിലനിക്കുന്ന പഞ്ചായത്ത് വിട്ട് തൊട്ടടുത്തുള്ള പഞ്ചായത്തിലേക്ക് വരെ യാത്രചെയ്യാൻ മടിക്കുന്ന ഈ സമയത്ത് തന്നെ ലഡാക്കിൽ പോകുന്നതിനെപ്പറ്റിയുള്ള ഒരു എഴുത്തിന് എന്താണ് പ്രസക്തി എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അത്തരത്തിൽ ചിന്തിക്കുന്നവർക്കും, ഈ കുറിപ്പ് വായിച്ച് അത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ പോകുന്നവർക്കുമുള്ള ഉത്തരം ഇതാണ്: ഈ ഒരു കുറിപ്പ് യാത്രയെ പ്രണയിക്കുന്നവർക്ക് വേണ്ടിയാണ്. അവർക്കുമാത്രമാണ്.

ഏതൊരു സഞ്ചാരിടെയും മനസ്സിൽ എന്നും, എക്കാലവും എരിയുന്ന തീക്കനൽ പോലെ നിലനിൽക്കുന്ന സ്വപ്നങ്ങളിലൊന്നാണ് ലഡാക്ക് യാത്ര. പലരും കോവിഡെന്ന മഹാമാരി അവസാനിച്ചിട്ട് യാത്രചെയ്യാൻ വേണ്ടി പ്ലാനുകളും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ലഡാക്ക് യാത്ര നടത്തിയ ഒരാളെന്ന നിലയിൽ, പലരും എന്നോടു ചോദിച്ച ചോദ്യങ്ങളാണ് ലഡാക്ക് പെർമിറ്റ് എടുക്കുന്നത് എങ്ങനെയാണെന്നും എവിടെനിന്നാണ് പെർമിറ്റ് ലഭിക്കുന്നത് എന്നുമൊക്കെ. ലഡാക്കിൽ പോകാനാഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പെഴുതുന്നത്.

ക്ലോക്ക് വെയ്‌സ്; പോകാൻ നല്ല വഴി

ലഡാക്കിലേക്ക് വാഹനങ്ങളിൽ റൈഡ് ചെയ്ത് എത്തിപ്പെടാൻ സഞ്ചാരികൾ രണ്ട് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഒന്ന് ജമ്മു, ശ്രീനഗർ, കാർഗിൽ വഴി ലഡാക്ക് എത്തിയതിന് ശേഷം റോത്താങ്ങ് പാസ്സ് - മണാലി വഴി മടങ്ങുന്ന ക്ലോക്ക് വെയ്‌സ് മാർഗ്ഗം. രണ്ട് മണാലി, റോത്താങ്ങ് പാസ്സ് വഴി ലഡാക്ക് എത്തി, കാർഗിൽ - ശ്രീനഗർ - ജമ്മു വഴി മടങ്ങുന്ന ആന്റി ക്ലോക്ക് വെയ്‌സ് മാർഗം. ഇവയിൽ ക്ലോക്ക് വെയ്‌സ് റൂട്ടാണ് സഞ്ചരിക്കാൻ ഏറ്റവും അനുയോജ്യം. കാരണം, ലഡാക്ക് സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

നമ്മൾ ക്ലോക്ക് വെയ്‌സ് രീതിയിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ പതിയെ, പതിയെ ദിവസങ്ങൾ എടുത്ത് യാത്ര ചെയ്ത് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിൽ എത്തുകയാണ് ചെയ്യുക. അപ്പോൾ നമ്മുടെ ശരീരം ഈ യാത്രയ്ക്കിടയിൽ തന്നെ ലഡാക്കിലെ കാലവസ്ഥയോട് പൊരുത്തപ്പെട്ട് തുടങ്ങും. അതുമൂലം ലഡാക്കിലെ എ.എം.എസ് (അക്യൂട്ട് മൗണ്ടൻ സിക്ക്‌നസ് അഥവാ ഉയർന്ന പ്രദേശങ്ങളിലെ ഓക്‌സിജൻ കുറവുമായി ശരീരം പൊരുത്തപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ) മൂലം ഉണ്ടാകുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു വിധം നമ്മുടെ ശരീരത്തിന് പറ്റും. ആന്റി ക്ലോക്ക് വെയ്‌സ് മാർഗ്ഗം സ്വീകരിച്ചാൽ നമ്മൾ മണാലിയിൽ നിന്ന് ഒറ്റയടിക്ക് ഏതാനും മണിക്കൂറുകൾ കൊണ്ട് 16000 അടി മുകളിലേക്ക് കയറുകയാണ് ചെയ്യുക. അപ്പോൾ പെട്ടെന്ന് മാറ്റം വരുന്ന കാലവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരും. സ്വഭാവികമായും എ.എം.എസ് പ്രശ്‌നങ്ങൾ ഉണ്ടാകും. നമ്മുടെ ശരീരം പെട്ടെന്ന് തന്നെ അതുമൂലം പ്രതികരിക്കുകയും ചെയ്യും. ചിലപ്പോൾ യാത്ര തന്നെ മുടങ്ങുന്ന അവസ്ഥയിൽ എത്താം.

അതു കൊണ്ട് ഏറ്റവും നല്ല മാർഗ്ഗം ക്ലോക്ക് വെയ്‌സ് റൂട്ട് സ്വീകരിക്കുക എന്നതാണ്.

പെർമിറ്റ് എന്ത്, എങ്ങനെ?

പോകുന്നത് ക്ലോക്ക് വെയ്‌സ് വഴി ആണെങ്കിലും ആന്റി ക്ലോക്ക് വെയ്‌സ് ആണെങ്കിലും ലഡാക്കിലൂടെ സഞ്ചരിക്കുവാൻ പുറത്തുനിന്നുള്ളവർക്ക് പെർമിറ്റ് ആവശ്യമാണ്. പെർമിറ്റുകൾ രണ്ട് വിധമാണ് ഉള്ളത്. 1. ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് 2. റോത്തങ്ങ് പെർമിറ്റ്.

ക്ലോക്ക് വെയ്‌സ് റൂട്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് മാത്രമെ ആവശ്യമുളളു. ലഡാക്ക് എത്തി ലഡാക്കിലെ നുബ്രാവാലി, കർദുഗ്ല, പാൻഗോങ്ങ് മുതലായ സ്ഥലങ്ങൾ സഞ്ചരിക്കാൻ ആണ് നമുക്ക് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് വേണ്ടി വരുന്നത്.

എന്നാൽ ആന്റി ക്ലോക്ക് വെയ്‌സ് റൂട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൻ നമുക്ക് റോത്താങ്ങ് പാസ്സ് വഴി കടന്നു പോകാൻ റോത്താങ്ങ് പെർമിറ്റ് എടുക്കേണ്ടതായി വരും. അതിനുശേഷം ലഡാക്ക് എത്തി ലഡാക്കിലെ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കാൻ ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് കൂടി എടുക്കേണ്ടതായി വരും.

റോത്താങ്ങ് പെർമിറ്റ്, അതുപോലെ ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എന്താണ് എന്നും ഇത് എന്തിനാണ് എന്നും നോക്കാം.

1. റോത്താങ്ങ് പെർമിറ്റ്

കുറച്ച് കാലം മുമ്പൊക്കെ റോത്താങ്ങ് പാസ്സിലൂടെ സഞ്ചരിക്കാൻ പെർമിറ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ സഞ്ചാരികളുടെ എണ്ണം കൂടുകയും അതുമൂലം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ റോത്താങ്ങ് പാസ് വഴി കടന്നുപോവുകയും ചെയ്ത സാഹചര്യമുണ്ടായി. ഇത് പാസിലും റൂട്ടിലും ധാരാളം മലിനീകരണത്തിനും മാലിന്യങ്ങൾ അടിഞ്ഞുകൂടാനും കാരണമായി. വാഹനങ്ങളുടെ പുക കാരണം അവിടത്തെ മഞ്ഞുമലകൾ കറുപ്പു നിറത്തിലേക്ക് മാറുകപോലും ചെയ്തുവത്രേ. അതുകൊണ്ട് എൻ.ജി.ടി (നാഷണൽ ഗ്രീൻ ട്രിബ്യൂണൽ) ദൈനം ദിന വാഹനത്തെയും വിനോദ സഞ്ചാരത്തെയും നിയന്ത്രിക്കാൻ തീരുമാനിച്ചു.

ഒരു ദിവസം റോത്താങ്ങ് പാസ്സ് കയറി പോകാൻ ഒരു നിശ്ചിത എണ്ണം (1500-ൽ താഴെ) വാഹനങ്ങൾക്ക് മാത്രം അനുമതി കൊടുക്കുവാൻ ആണ് റോത്താങ്ങ് പെർമിറ്റ് എന്ന ആശയം നടപ്പിലാക്കിയത്. റോത്താങ്ങ് പെർമിറ്റ് വ്യക്തികൾക്കല്ല, വാഹനത്തിനാണ്. സൈക്കിൾ മാർഗമോ നടന്നോ എച്ച്.ആർ.ടി.സി അല്ലെങ്കിൽ എച്ച്.പി.ടി.ഡി.സിയുടെ ബസ്സിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ റോഹ്താങ്ങ് പെർമിറ്റ് അവശ്യമില്ല. ലഡാക്കിൽ നിന്നും റോത്താങ്ങ് പാസ്സ് വഴി മണാലിയിലേക്ക് മടങ്ങി വരുന്നവർക്കും ഈ പെർമിറ്റ് ആവശ്യമില്ല.

2. ലഡാക്ക് ഇന്നർലൈൻ പെർമിറ്റ്

ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ചില പ്രദേശങ്ങളിലേക്കുള്ള യാത്ര നിയന്ത്രിക്കുന്നതിനും, രാജ്യ സുരക്ഷയ്ക്കും വേണ്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഔദ്യോഗിക യാത്രാ രേഖയാണ് ഇന്നർ ലൈൻ പെർമിറ്റ്. രാജ്യം അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് ആ സംസ്ഥാനങ്ങൾക്ക് പുറത്തുനിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് പെർമിറ്റ് നിർബന്ധമാണ്. ഇതൊരു സുരക്ഷാ മാനദണ്ഡമാണ്. ലേയുടെ ചില ഭാഗങ്ങളിൽ സഞ്ചരിക്കാനാണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കുന്നത്. ഇവിടെ റോത്താങ്ങ് പെർമിറ്റ് പോലെ നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന് അല്ല പെർമിറ്റ് എടുക്കുന്നത്. ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരോ വ്യക്തികൾക്കും ആണ് പെർമിറ്റെടുക്കേണ്ടത്.

എവിടെ നിന്നാണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കേണ്ടത്.?

ഓൾഡ് ലേ ബസ് സ്റ്റാൻഡിനു പുറകിലുള്ള ഡി.സി ഓഫീസിൽ നിന്നും ആണ് ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് കിട്ടുന്നത്. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഓഫീസ് സമയം.

കാർഗിൽ നിന്നും വിടുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലെ ഓൾഡ് ബസ്റ്റാന്റ് എന്ന് സെറ്റ് ചെയ്താൽ നിങ്ങൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റും. ഡി.സി ഓഫീസിലേക്ക് കയറുന്ന വഴിയിൽ തന്നെ ഫോട്ടോസ്റ്റാറ്റ് കടകളും, ബൈക്ക് റെന്റിന് കൊടുക്കുന്ന ഷോറൂമുകളും കാണാം; പണം നൽകിയാൽ അവിടെയുള്ള ഏജന്റുമാരും പെർമിറ്റ് എടുത്തുതരും. ലെയിൽ സഞ്ചരിക്കാൻ ഏതൊക്കെ പ്രേദേശത്ത് പെർമിറ്റ് വേണമെന്നും ആ സ്ഥലങ്ങളെ കുറിച്ചും പെർമിറ്റിന് വേണ്ട ചാർജുകളും ഒക്കെ അവർ പറഞ്ഞു തരും. 600 രൂപയിൽ താഴെ മാത്രമെ ഒരാൾക്ക് പെർമിറ്റ് ചാർജ് വരുന്നുള്ളു.

എന്തൊക്കെ രേഖകൾ വേണം?

ഡി.സി ഓഫിസിൽ പാസിനുവേണ്ട അപേക്ഷാ ഫോമിൽ നമ്മുടെ കയ്യിലുള്ള ഐ.ഡി പ്രൂഫിന്റെ നമ്പർ, അഡ്രസ്സ് എന്നിവ എഴുതി കൊടുക്കുക. കൂടാതെ ലേയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളുടെ പേരുകൾ അപേക്ഷാ ഫോമിന്റെ മുകളിൽ ഉണ്ട്. നമ്മൾ എവിടെയൊക്കെ പോകുന്നു എന്ന് അതിൽ 'ടിക്' ചെയ്തുകൊടുക്കുക. നമ്മൾ പോകുവാൻ ഉദ്ദേശിച്ച സ്ഥലമല്ലെങ്കിലും എല്ലാത്തിലും ടിക് ചെയ്തു കൊടുത്തു പെർമിഷൻ വാങ്ങുന്നത് നന്നായിരിക്കും. കാരണം പിന്നീട് യാത്ര ചെയ്യാൻ പെർമിറ്റ് വേണ്ടിവരുന്ന മറ്റു സ്ഥലങ്ങളിലേക്കും പോകാൻ തോന്നിയാൽ ആ സമയത്ത് ഉപകാരപ്പെടും.അല്ലങ്കിൽ ആ സ്ഥലത്തേക്ക് പോകാൻ വേണ്ടി വീണ്ടും പെർമിറ്റ് എടുക്കാൻ ഡി.സി ഓഫീസ് വരെ പോകേണ്ടി വരും.

ये भी पà¥�ें- ലോങ് ഡ്രൈവ് പോകുന്നവര്‍ സൂക്ഷിക്കുക, ഹൈവേ ഹിപ്നോട്ടിസം നിങ്ങളെയും പിടികൂടാം

ഡി.സി ഓഫീസിൽ പോയി പെർമിറ്റ് എടുക്കന്നതിന് പകരം ഓൺലൈൻ ആയും അവരുടെ സൈറ്റിൽ കേറി പെർമിറ്റ് എടുക്കാവുന്നതാണ്. ലഡാക്ക് ഇന്നർലൈൻ പെർമിറ്റ് എടുക്കാൻ: www.lahdclehPermit.in

ഓൺലൈൻ ആയി പെർമിറ്റ് എടുത്താലും പെർമിറ്റിന്റെ പ്രിന്റ്ഔട്ട് എടുത്ത് അതിൽ സീൽ ചെയ്യാൻ ഡി.സി ഓഫീസിൽ എന്തായാലും പോകേണ്ടതായി വരും. ഓഫീസ് തിരക്ക് ഒഴിവാക്കാം എന്ന് മാത്രമാണ് ഓൺലൈന്റെ ഗുണം.

പെർമിറ്റ് റെഡിയായാൽ പാസിന്റെ 6,7 ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്തു കയ്യിൽ കരുതുക. ഓരോ ചെക്ക്‌പോസ്റ്റിലും ഓരോ കോപ്പി കൊടുക്കേണ്ടിവരും. ഒർജിനൽ നമ്മുടെ കയ്യിൽ സൂക്ഷിക്കുക.

റോത്താങ്ങ് പെർമിറ്റ് എവിടെ കിട്ടും?

മണാലിയിലെ എസ്.ഡി.എം ഓഫീസിൽ പോയാൽ റോത്താങ്ങ് പെർമിറ്റ് നേടിയെടുക്കാം. രാവിലെ 10 മുതൽ 5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നേരിട്ട് പോകാൻ പ്രയാസമാണെങ്കിൽ അവിടെ ഉള്ള റെന്റ് ബൈക്ക് ഷോറൂമുകളിൽ അന്വേഷിച്ചാൽ ഏജന്റുമാർ പെർമിറ്റ് റെഡിയാക്കി തരും. ഒരു വാഹനത്തിന് 50-70 രൂപയുടെ ഇടക്കാണ് ചാർജ് വരുന്നത്. ഞായർ, രണ്ടാം ശനി ദിവസളിൽ ഓഫീസ് അവധി ആയിരിക്കും.

എസ്.ഡി.എം ഓഫീസിലെ ഫോൺ നമ്പറുകൾ 01902-254100, 01902-254200 എന്നിവയാണ്. റോത്താങ്ങ് പെർമിറ്റ് ഓൺലൈൻ വഴി എടുക്കാൻ ഈ സൈറ്റിൽ കയറിയാൽ മതി: www.rohtangpermits.nic.in

ഡ്രൈവിങ് ലൈസൻസിന്റെയും, നിങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും പകർപ്പുകളാണ് പെർമിറ്റ് നേടുന്നതിന് ആവശ്യമായ രേഖകൾ.

ये भी पà¥�ें- കുറഞ്ഞ ചെലവിൽ ലഡാക്കിൽ പോയി വരാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

TAGS :

Next Story