Quantcast

അവസാന വിമാനം എമിറേറ്റ്‌സിന് കൈമാറി; എയർബസ് എ380 യുഗത്തിന് അന്ത്യമായി

കൂറ്റൻ വിമാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന് വ്യോമലോകം ഒന്നിച്ചു പറയുമ്പോഴും തങ്ങൾ അങ്ങനെയല്ല ചിന്തിക്കുന്നത് എന്നാണ് എമിറേറ്റ്സ് വ്യക്തമാക്കുന്നത്

MediaOne Logo

André

  • Updated:

    2022-08-29 11:08:27.0

Published:

18 Dec 2021 7:54 AM GMT

അവസാന വിമാനം എമിറേറ്റ്‌സിന് കൈമാറി; എയർബസ് എ380 യുഗത്തിന് അന്ത്യമായി
X

വൻവിജയമാകുമെന്ന പ്രതീക്ഷയിൽ രണ്ട് പതിറ്റാണ്ടുമുമ്പ് തുടക്കം കുറിച്ച ജംബോ വിമാനമായ എ 380-നോട് പൂർണമായി വിടചൊല്ലി ഫ്രഞ്ച് വിമാന നിർമാതാക്കളായ എയർബസ്. രണ്ട് ഡക്കുകളിലായി 500-ലേറെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതും വ്യോമലോകത്തെ ഏറ്റവും വലുപ്പമുള്ളതുമെന്ന ഖ്യാതിയുള്ള എ 380 സീരിസിലെ അവസാന വിമാനം വ്യാഴാഴ്ചയാണ് എമിറേറ്റ്‌സിന് കൈമാറിയത്. കോവിഡ് മഹാമാരിക്കു ശേഷം വ്യോമവ്യവസായം പഴയപടിയാകുമെന്ന പ്രത്യാശയുടെ ഭാഗമാണ് കൂറ്റൻ വിമാനത്തെ സ്വീകരിക്കുന്നതെന്നും എ 380 തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്ട് ആയി തുടരുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

ലോകമെങ്ങുമുള്ള വിമാനക്കമ്പനികൾ ചെറിയ വിമാനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുമ്പോഴാണ് തങ്ങളുടെ 123-ാമത്തെ എ 380 വിമാനത്തെ എമിറേറ്റ്‌സ് സ്വന്തമാക്കിയത്. 445.6 മില്യൺ ഡോളർ (3400 കോടി രൂപയിലേറെ) വിലവരുന്ന എ 380, ലോകത്തെ ഏറ്റവും വിലയേറിയ ആകാശപ്പറവ കൂടിയാണ്. പലകാരണങ്ങൾ കൊണ്ട് ഈ വിമാനം തങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്നും യാത്രാനുഭവം പുനർനിർവചിക്കാൻ ഈ കൂറ്റൻ വിമാനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും എമിറേറ്റ്‌സ് എയർലൈൻ പ്രസിഡണ്ട് ടിം ക്ലാർക് പറഞ്ഞു:

'പ്രീമിയം എക്കണോമി അടക്കമുള്ള ഞങ്ങളുടെ ഏറ്റവും പുതിയ കാബിൻ പ്രൊഡക്ടുകൾ അടങ്ങുന്നതാണ് ഈ വിമാനം. 2008-ൽ ഏറ്റുവാങ്ങിയ ഞങ്ങളുടെ ആദ്യത്തെ എ380-മായി താരതമ്യം ചെയ്യുമ്പോൾ ഈ വിമാനം എത്രമാത്രം പരിഷ്‌കാരങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായി എന്നു നിങ്ങൾക്ക് കാണാൻ കഴിയും. എമിറേറ്റ്‌സ് എ380 അനുഭവം എന്നത് തുല്യതയില്ലാത്തതാണ്.' - ക്ലാർക്ക് പറയുന്നു.



വൈകാരിക നിമിഷങ്ങൾക്കൊടുവിലാണ് എയർബസിന്റെ അധീനതയിലുള്ള ജർമനിയിലെ ഫിങ്കൻവെർഡർ വിമാനത്താവളത്തിൽ നിന്ന് അവസാനത്തെ എ 380 പറന്നുയർന്നത്. '123-ാമത്തെ എമിറേറ്റ്‌സ് എ380' എന്നെഴുതിയ പ്ലക്കാർഡുകളുമായി എയർബസ് ജീവനക്കാർ നൽകിയ യാത്രയയപ്പിനു ശേഷമായിരുന്നു ഇത്. രണ്ടു ദിവസം മുമ്പ് ആരാധകർക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി ഹാംബർഗിന്റെ ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയിൽ എ 380 പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ട്, ഷവർ സ്പാ, ഓൺബോർഡ് ബാർ, പ്രീമിയം ഇക്കണോമി ക്യാബിൻ, അത്യാധുനിക എന്റർടെയ്ൻമെന്റ് സിസ്റ്റംസ് തുടങ്ങി ആഢംബരങ്ങളുടെ നിരതന്നെയാണ് പുതിയ എ 380-ൽ ഒരുക്കിയിട്ടുള്ളത്. ആകാശത്തിലെ ഏറ്റവും മികച്ച യാത്രാനുഭവമാണ് ഇതുവഴി ഒരുക്കുന്നതെന്നും തങ്ങളുടെ ഫ്‌ളീറ്റിലുള്ള 52 എ 380 വിമാനങ്ങളിൽ കൂടി പ്രീമിയം എക്കണോമി ക്യാബിൻ ഒരുക്കുന്നുണ്ടെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.



ഫലം കാണാതെ പോയെ ജംബോ സ്വപ്നം

വ്യോമഗതാഗതത്തിന്റെ തലവര മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് 2000-ന്റെ തുടക്കത്തിൽ എയർബസ് എ 380 പ്രഖ്യാപിച്ചത്. 1990-കളിൽ ഡിസൈൻ ആരംഭിച്ച വിമാനത്തെ 2000-ലെ ഫാൺബറോ എയർ ഷോയിൽ അവതരിപ്പിച്ചപ്പോൾ അത്ഭുതത്തോടെയാണതിനെ ലോകം കണ്ടത്. 2007-ലാണ് ആദ്യ വിമാനം ഡെലിവർ ചെയ്തത്. 2008-ൽ തങ്ങളുടെ ആദ്യ എ 380 ഏറ്റുവാങ്ങിയ എമിറേറ്റ്‌സ് പിന്നീട് ഈ വിമാനത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറുകയും ചെയ്തു. ഈ സീരീസിൽ ആയിരത്തിലേറെ വിമാനങ്ങൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച എയർബസിന് പക്ഷേ വെറും 272 എണ്ണം മാത്രമേ നിർമിക്കേണ്ടി വന്നുള്ളൂ. ഇതിൽ പകുതിയോളം എമിറേറ്റ്‌സിനു വേണ്ടിയായിരുന്നു.

2001-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തെ തുടർന്ന് വ്യോമഗതാഗത മേഖലയിലുണ്ടായ അനിശ്ചിതത്വം ശൈശവ ദശയിൽ തന്നെ എ 380-ന്റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായിരുന്നു. നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ വിമാനക്കമ്പനികൾ ഇന്ധനക്ഷമത കൂടുതലും ചെലവ് കുറവുമുള്ള ചെറിയ വിമാനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിനു പിന്നാലെ, കോവിഡ് മഹാമാരി വ്യോമമേഖലയെ മറ്റൊരു പ്രതിസന്ധിയിലേക്കു കൂടി തള്ളിവിട്ടതോടെയാണ് എ 380 നിർത്താൻ എയർബസ് തീരുമാനിച്ചത്.

എ 380 സ്വന്തമാക്കിയ പല വിമാനക്കമ്പനികളും കോവിഡ് സാഹചര്യത്തിൽ നഷ്ടം ഭയന്ന് കൂറ്റൻ വിമാനത്തെ നിലത്തിറക്കിയെങ്കിലും, എമിറേറ്റ്‌സ് പക്ഷേ വേറിട്ട രീതിയിലാണ് ചിന്തിക്കുന്നത്. നാല് എഞ്ചിനുള്ള വിമാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന് വ്യോമവ്യവസായത്തിലെ വിദഗ്ധർ പ്രവചിക്കുമ്പോൾ ടിം ക്ലാർക്ക് പറയുന്നതിങ്ങനെ:

'എന്റെ കാഴ്ചപ്പാട് അതല്ല. എ 380-ന് ഇനിയും ഇടമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ടെക്‌നോക്രാറ്റുകളും അക്കൗണ്ടന്റുകളും ഇത് യോജിച്ച വിമാനമല്ലെന്നാണ് പറയുന്നത്. എന്നാൽ യാത്ര ചെയ്യുന്ന സാധാരണക്കാർ അത് ശരിവെക്കുന്നില്ല. അവർ ശരിക്കും ഈ വിമാനത്തെ ഇഷ്ടപ്പെടുന്നു.'

എ 380 ഉൽപ്പാദനം പൂർണമായി അവസാനിച്ചതോടെ, ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാവുകയാണ്. ഫ്രാൻസിലെ ടുളൂസ് നഗരത്തിലുള്ള 122,500 സ്‌ക്വയർഫീറ്റ് വിസ്താരമുള്ള കെട്ടിടം എയർബസിന്റെ പുതിയ ചെറുവിമാനങ്ങളുടെ നിർമാണത്തിനായി മാത്രമാകുമോ ഉപയോഗിക്കുക എന്ന കാര്യം വ്യക്തമല്ല.

Summary: Airbus hands over it's final A380 aircraft to Emirates

TAGS :

Next Story