Quantcast

എവറസ്റ്റിലെ മനുഷ്യ ഹിമപ്പുലി; ആങ് റിത ഷെർപ്പ

ഓക്‌സിജനില്ലാതെ പത്തുവട്ടം എവറസ്റ്റ് കീഴടക്കിയ ഷെർപ്പയുടെ കഥ

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-05-25 15:04:14.0

Published:

25 May 2022 3:00 PM GMT

എവറസ്റ്റിലെ മനുഷ്യ ഹിമപ്പുലി; ആങ് റിത ഷെർപ്പ
X

1987 ലെ കടുത്ത ശൈത്യകാലം. എവറസ്റ്റ് ആരോഹണത്തിലെ അവസാന ഘട്ടമായ ഹിലാരി പടവിനടുത്തെത്താനിരിക്കെ കടുത്ത ഹിമപാതത്തിൽ കുടുങ്ങിയിരിക്കുകയാണ് രണ്ടു പേർ. ഹാഹ് ടാക് യങ് നയിക്കുന്ന കൊറിയൻ പർവതാരോഹക സംഘത്തിലെ ഒരംഗവും വഴികാട്ടി ആങ് റിത ഷെർപ്പയും. പകൽ തന്നെ കയറ്റം ദുഷ്‌കരമായ കനത്ത കൂരിരുട്ടിൽ പാത കാണാതെ അവർ കുഴങ്ങി. ശരീരം തുളച്ചുകയറുന്ന തണുപ്പ്. സമുദ്ര നിരപ്പിലുള്ളതിനേക്കാൾ മൂന്നിലൊന്ന് ഓക്‌സിജൻ സാന്നിധ്യം മാത്രമുള്ള, 8848.86 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പർവതത്തിന്റെ ഉച്ചിയിലാണ് ഇവർ. പക്ഷേ, ജന്മം കൊണ്ട് തന്നെ പർവത ശൃംഗങ്ങളുടെ മിടിപ്പറിയുന്ന ആങ് റിത ഷെർപ്പ പതറിയില്ല, സഹചാരിയും. രാത്രി പുലരുവോളും എയറോബിക്‌സ് അഭ്യാസങ്ങൾ നടത്തി ജീവൻ നിലനിർത്തുക മാത്രമായിരുന്നു ഇവർക്ക് മുമ്പിലെ ഏക പോംവഴി. ഇങ്ങനെ ഏറെ ദുഷ്‌കരമായ ശൈത്യകാലത്തടക്കം പത്തു വട്ടം ആങ് റിത ഷെർപ്പ എവറസ്റ്റ് ആരോഹണം വിജയകരമായി പൂർത്തികരിച്ചത് ഓക്‌സിജൻ സൗകര്യം ഉപയോഗപ്പെടുത്താതെയാണെന്ന് എവറസ്റ്റ് ഹിസ്റ്ററി ഡോട് കോം പറയുന്നു.




2017 ൽ ഈ നേട്ടത്തിന് ആങ് റിതക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ അംഗീകരവും ലഭിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഓക്‌സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ എന്ന റെക്കോർഡും ആങ് റിതയുടെ പേരിലാണ്. 26 തവണ എവറസ്റ്റ് കയറിയ നേപ്പാളിൽനിന്നുള്ള കമി റിത ഷെർപ്പക്കാണ് ഏറ്റവും കൂടുതൽ തവണ മഹാപർവതം കീഴടക്കിയ റെക്കോർഡ്. അപ്പ ഷെർപ്പ, ഫുർബി താഷി എന്നിവർ 21 തവണ എവസ്റ്റ് കയറിയിട്ടുണ്ട്. എന്നാൽ 1983 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലായി ഓക്‌സിജൻ സംവിധാനം ഉപയോഗപ്പെടുത്താതെ പത്തുതവണ എവറസ്റ്റ് കയറിയ ആങ് റിതയുടെ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിൽകുന്നു. സമുദ്ര നിരപ്പിൽ നിന്ന് 9800 അടി മുതൽ 15000 അടി വരെ ഉയരമുള്ള പ്രദേശത്തെ തങ്ങളുടെ ആവാസ വ്യവസ്ഥയായി കാണുന്ന, മഞ്ഞിലും മഴയിലും കുതിച്ചുപായുന്ന ഹിമപ്പുലിയുടെ പേരല്ലാതെ ഈ അസാമാന്യ മനുഷ്യനെ എന്ത് വിളിക്കും.




ആങ് റിത മാത്രമല്ല, ഷെർപ്പ വിഭാഗത്തിൽ ജനങ്ങളെല്ലാം ഹിമപ്പുലി കണക്കെ പർവതപാതകൾ കീഴടക്കുന്നവരാണ്. ഹിമാലയ മലമടക്കുകളിൽ അതിജീവനം കണ്ടെത്തുന്നവർ. എവറസ്റ്റ് പർവതം ആദ്യം കീഴടക്കിയ ന്യൂസിലാൻഡുകരനായ സർ എഡ്മണ്ട് ഹിലാരിക്കൊപ്പമുണ്ടായിരുന്ന ടെൻസിങ് നോർഗെ മുതൽ ഇതുവരെ ഹിമാലയ നിരകളിൽ ചെറുതും വലുതുമായ ട്രക്കിങ്ങുകളിലെല്ലാം വൻചുമടെടുത്തും വഴികാട്ടിയും ഇവർ കൂടെയുണ്ടാകും. പാടിപുകഴ്ത്തപ്പെടാത്ത യഥാർത്ഥ വിരന്മാരായി.




പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്ന ജനവിഭാഗമാണ് ഷെർപ്പകൾ. യാക്കുകളേയും മറ്റു കന്നുകാലികളെയും മേയ്ക്കുകയും, ചെറുകിട കൃഷികൾ നടത്തുകയും, തിബറ്റിലേക്ക് കച്ചവടം നടത്തുകയും ചെയ്യുന്നവർ. ഹിമാലയ പര്യവേഷണസംഘങ്ങളുടെ വാഹകരായാണ് ഇവർ കൂടുതൽ പ്രശസ്തരായത്. എവറസ്റ്റ് പുലികൾ എന്ന് അറിയപ്പെടുന്ന ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെ. ഏതു സാഹചര്യത്തിലും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളും മറ്റുജനിതകസവിശേഷതകളുമാണ് ഷെർപ്പകളെ ലോകത്തിലെ ഏറ്റവും വലിയ മലകയറ്റക്കാരാക്കുന്നത്. ഷെർപ്പകൾ സമീപപ്രദേശമായ ടിബറ്റ് നിവാസികളെപ്പോലെ ബുദ്ധമതാനുയായികളാണ്.




ഈ ജനവിഭാഗത്തിലാണ് ആങ് റിത ഷെർപ്പ ജനിച്ചത്. നേപ്പാളിലെ സുലുകുംബുവിനടുത്തുള്ള തൈം എന്ന സ്ഥലത്ത് 1948 ലായിരുന്നു ജനനം. മറ്റേത് ഷെർപ്പയേയും പോലെ ബാല്യകാലത്തെ പർവതാരോഹണം തുടങ്ങിയതാണ് ആങ് റിതയും. വിനോദത്തിനായല്ല, ജീവിതവഴി കണ്ടെത്താൻ. അനാഥനായ ആങ് റിത ചെറുപ്പ കാലത്ത് നിത്യോപയോഗ സാധനങ്ങൾ ചുമക്കുന്ന യാക്കുകളെ തെളിച്ച് ടിബറ്റിലെത്തുകയും അവ കച്ചവടം നടത്തുകയും ചെയ്തു. കൃഷിക്ക് പുറമേ വരുമാനം കണ്ടെത്താൻ ചെയ്ത ഈ തൊഴിൽ പക്ഷേ ആങ് റിതയുടെ ഭാവി മാറ്റി മറിച്ചു. പതിനഞ്ചാം വയസ്സു മുതൽ ചെറു പർവതാരോഹണങ്ങളിൽ ചുമട്ടുകാരനായി മാറി.




ദോലഗിരി പർവതം കീഴടക്കാനെത്തിയവരുടെ സഹായിയായി അരങ്ങേറ്റം. പക്ഷേ ഷൂവോ മറ്റു പർവതാരോഹണ സജ്ജീകരണങ്ങളോ ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ പർവതാരോഹക സംഘത്തിന്റെ ആവശ്യപ്രകാരം അവ ലഭിച്ചു. ദോലഗിരിയിലെ ക്യമ്പ് ത്രീ കീഴടക്കിയതോടെ ഇദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് കുറച്ചുകാലം ചെറുട്രക്കിങ്ങുകൾ നടത്തി ഇദ്ദേഹത്തിന് കഴിയേണ്ടി വന്നു. 1983 ൽ മേയ് ഏഴിന് ജർമൻ-അമേരിക്കൻ പര്യവേഷണ സംഘത്തിനൊപ്പം നടത്തിയ യാത്ര ഇദ്ദേഹത്തിന്റെ സ്വപനസഞ്ചാരത്തിന്റെ തുടക്കമായി. ബോട്ടിൽ ഓക്‌സിജൻ ഉപയോഗിക്കാതെ എവറസ്റ്റിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നിത്. സാധാരണ യാത്രികർക്ക് ജീവൻതന്നെ നഷ്ടപ്പെടുന്ന ഇടങ്ങളിൽപോലും ഓക്‌സിജന് പ്രത്യേക സഹായം വേണന്നെ് തോന്നിയില്ലെന്നാണ് ഇദ്ദേഹം പിന്നീട് പറഞ്ഞത്. 1996 മേയ് 23 വരെ സൗത്ത് ഈസ്റ്റ് റിഡ്ജിലൂടെയും നോർത്ത് ഈസ്റ്റ് റിഡ്ജിലൂടെയുമായി പത്ത് തവണ ഓകസിജൻ സഹായമില്ലാതെ ഇദ്ദേഹം എവറസ്റ്റ് കീഴടക്കുകയും കീഴടക്കാനെത്തിയ സഞ്ചാരികളെ നയിക്കുകയും ചെയ്തു.




പീക്ക് 15 എന്ന് പൊതുവെയും നേപ്പാളുകാർക്ക് സാഗർമാത, ചൈനയിൽ ചുമുലാങ്മ ഫെങ് ടിബറ്റിൽ ചോമലുങ്മ എന്നും അറിയപ്പെടുന്ന ഈ കൊടുമുടിയിലെ സഞ്ചാരം മുഴുവൻ സജ്ജീകരണങ്ങൾ ഉണ്ടെങ്കിൽതന്നെ അത്ര എളുപ്പമല്ല. നാലായിരത്തിലധികം പേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ടെങ്കിലും ആറു ഷെർപ്പ ഗെയ്ഡുമാരും 187 പർവതാരോഹകരും മാത്രമേ ഓക്‌സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ കയറിയിട്ടുള്ളൂ.




എവറസ്റ്റ് കൊടുമുടിയിൽ മുന്നൂറു പേർ മരണപ്പെട്ടിട്ടുണ്ട്. 200 പേരുടെ മൃതദേഹം കണ്ടെത്താൻ പോലുമായിട്ടില്ല. ഹിമപാതവും ഓക്‌സിജൻ ദൗർലഭ്യവുമടക്കമുള്ള നിരവധി പ്രതിസന്ധികളാണ് മരണത്തിന്റെ വിളിയായി പർവതാരോഹകരെ കാത്തിരിക്കുന്നത്. എന്നാൽ പത്തുവട്ടം അവയെ വെല്ലുവിളിച്ചു പരാജയപ്പെടുത്തിയ ആങ് റിത ഷെർപ്പ ശ്വാസതടസ്സത്തെയും ബ്രെയിൻ സംബന്ധമായ അസുഖത്തെയും തുടർന്ന് അന്തരിച്ചത് എഴുപത്തിരണ്ടാം വയസ്സിൽ കാഠ്മണ്ഡുവിൽ വെച്ചായിരുന്നു. പർവതാരോഹകർ ഡെത്ത് സോണെന്ന് വിളിക്കുന്ന 8000 മീറ്റർ ഉയരത്തിൽ പോലും ഓക്‌സിജനായി പ്രത്യേക സംവിധാനം ആവശ്യമില്ലാതിരുന്ന മനുഷ്യൻ അന്ന് കൂടെക്കൂടിയതെന്ന് കരുതുന്ന അസുഖങ്ങളുടെ കൂടെത്തന്നെ അന്ത്യയാത്ര പോവുകയായിരുന്നു. ഷെർപ്പകളെന്ന ജനവിഭാഗത്തിന്റെ പേരും പെരുമയും വാനോളമുയർത്തിയ ഹിമപ്പുലിയായി.



Angita Sherpa, the human snow leopard on Everest

TAGS :

Next Story