പങ്കാളിയുമായി യാത്ര ചെയ്യുന്നവരാണോ? എയർപോർട്ട് ഡിവോഴ്‌സിനെ കുറിച്ചറിയാം
യാത്രാ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ് എയർപോർട്ട് ഡിവോഴ്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്

ന്യൂഡൽഹി: ഞെട്ടേണ്ട! ഇത് നിങ്ങൾ ഉദേശിക്കുന്ന ഡിവോഴ്‌സല്ല. പങ്കാളിയുമായി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പുതിയ ട്രെൻഡ് ആണ് 'എയർപോർട്ട് ഡിവോഴ്സ്'. യാത്രാ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ് 'എയർപോർട്ട് ഡിവോഴ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഒലിവർ നിർവചിക്കുന്നതനുസരിച്ച്, വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനത്തിലൂടെ പ്രവേശിച്ചതിന് ശേഷം ഒരു മണിക്കൂറോ അതിൽ കൂടുതലോ കഴിഞ്ഞ് വിമാനത്തിൽ വെച്ച് വീണ്ടും ഒത്തുകൂടുന്നതിന് വേണ്ടിയുള്ള വേർപിരിയലാണ് എയർപോർട്ട് ഡിവോഴ്സ്.
സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഒലിവർ ഇത് വിശദീകരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പ്രവേശിച്ചാൽ ഡ്യൂട്ടി ഫ്രീ ഇടവഴികളിലൂടെയും കടകളിലൂടെയും നടന്ന് സമയം ചെലവഴിക്കാൻ ഭാര്യ ഇഷ്ടപ്പെടുമ്പോൾ ജനാലയ്ക്കരികിൽ ഒരു നല്ല സ്ഥലം കണ്ടെത്താനും വിമാനങ്ങൾ പറന്നുയരുന്നത് കണ്ട് ആസ്വദിക്കുന്നതുമാണ് തനിക്കിഷ്ടമെന്ന് ഒലിവർ പറയുന്നു.
ഇനി അതിലേക്ക് അൽപ്പം ശാസ്ത്രീയത ചേർക്കാം. യാത്രാ ഉത്കണ്ഠങ്ങളുള്ള ആളുകളുണ്ട് എന്നത് യാഥാർഥ്യമാണ്. വിമാനത്താവളങ്ങൾ യാത്രക്കാർക്ക് മതിയായ വിശ്രമം നൽകുന്ന ഇടങ്ങൾ അല്ലെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു. ചെക്ക്-ഇൻ ക്യൂകൾ മുതൽ ബാഗേജ് ക്ലെയിമുകൾ വരെയുള്ള സമയങ്ങൾ പല യാത്രക്കാർക്കും സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കുന്നു. എന്നാൽ അതീവ ശ്രദ്ധ വേണ്ട വിമാനത്താവളത്തിലും ഇത്തരം പുതിയ ട്രെൻഡുകൾ പരീക്ഷിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ കാരണമാകും.
ഈ തന്ത്രം തന്റെ ബന്ധത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുവെന്ന് ഒലിവർ അവകാശപ്പെടുന്നു. എന്നാൽ വ്യത്യസ്ത ആളുകൾക്ക് കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ കുട്ടികളുള്ള ദമ്പതികളാണെങ്കിൽ പങ്കാളികൾ വേർപിരിയുന്നത് ഏറ്റവും പ്രായോഗികമായ ആശയമായിരിക്കില്ല അത് ഒരു ചെറിയ സമയത്തേക്ക് മാത്രമാണെങ്കിൽ പോലും.
Adjust Story Font
16

