Quantcast

ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീ പിടിച്ച സംഭവം; വിമാന കമ്പനിക്കെതിരെ യാത്രക്കാര്‍ക്ക് കേസ് നല്‍കാമെന്ന് യു.എസ് കോടതി

MediaOne Logo

Web Desk

  • Published:

    22 Oct 2018 11:58 PM IST

ലാന്‍ഡിങ്ങിനിടെ  വിമാനത്തിന് തീ പിടിച്ച സംഭവം; വിമാന കമ്പനിക്കെതിരെ യാത്രക്കാര്‍ക്ക് കേസ് നല്‍കാമെന്ന് യു.എസ് കോടതി
X

രണ്ട്​ വർഷം മുമ്പ്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എമിറേറ്റ്​സ്​ വിമാനത്തിന്​ തീപിടിച്ച സംഭവത്തിൽ വിമാന നിർമാണ കമ്പനി ​ബോയിങ്ങിനെതിരെ യാത്രക്കാർക്ക്​ കേസ്​ കൊടുക്കാമെന്ന്​ യു.എസ്​ കോടതി. 2016 ആഗസ്​റ്റ്​ മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്ന്​ നിരവധി മലയാളികൾ ഉൾപ്പെടെ 282 യാത്രക്കാരുമായി വന്ന വിമാനത്തിന്​ തീപിടിച്ചത്.

വിമാനത്തി​ന്റെ രൂപകൽപനയിലെ അപാകത കാരണം സംഭവിച്ച അപകടമാണിതെന്ന വാദമുന്നയിച്ചാണ്​ യു.എസിലെയും യു.കെയിലും അഭിഭാഷകർ മുഖേന ബോയിങ്​ കമ്പനിക്കെതിരെ കേസ്​ കൊടുത്തത്​​. കുറഞ്ഞത്​ 15 യാത്രക്കാർ വിമാനക്കമ്പനിക്ക്​ എതിരെ കേസ്​ കൊടുത്തതായാണ്​ വിവരം. കേസ്​ ​കൊടുക്കാൻ യാത്രക്കാർക്ക്​ അവകാശമുണ്ടെന്നാണ്​ യു.എസ്​ കോടതി വിധി.

കേസ്​ കൊടുക്കുന്നെങ്കിൽ തന്നെ അത്​ യു.എ.ഇയിലെ കോടതിയിലാണ്​ വേണ്ടതെന്ന നിലപാടാണ്​ ബോയിങ്​ കമ്പനിയുടേത്​. എന്നാൽ ഇൗ വാദം കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ അപ്പീലിന്​ പോകാനുള്ള തീരുമാനം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. കേസ്​ നടപടികൾ പൂർത്തിയാകാൻ രണ്ട്​ വർഷമെങ്കിലും വേണ്ടി വരും.

അഞ്ച്​ വിമാന ജീവനക്കാർക്കും 16 യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റതായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്​തമാക്കിയിരുന്നു. പരിക്കേറ്റവരിൽ പത്തോളം മലയാളികളുമുണ്ടായിരുന്നു.

നാല്​ വിമാന ജീവനക്കാരുടെ പരിക്ക്​ ഗുരുതരമായിരുന്നു. എട്ട്​ അഗ്നിശമന ​സേനാംഗങ്ങളും ചെറിയ പരിക്കുകൾക്ക്​ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് 2016 ആഗസ്​റ്റ്​ മൂന്നിന്​ രാവിലെ 10.19ന് ദുബൈക്ക് തിരിച്ച എമിറേറ്റ്സ് ഇ.കെ. 521 വിമാനമാണ് അപകടത്തിൽ പെട്ടത്. 1985ൽ തുടക്കം കുറിച്ച എമിറേറ്റ്സ് എയർലൈൻസിന്റെ 31 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണിത്.

20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. 226 ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.

TAGS :

Next Story