Quantcast

യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ വനിതാ പ്രാതിനിധ്യം അന്‍പത് ശതമാനമായി ഉയര്‍ത്താന്‍ ഉത്തരവ്

MediaOne Logo

Web Desk

  • Published:

    9 Dec 2018 12:23 AM IST

യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ വനിതാ പ്രാതിനിധ്യം അന്‍പത് ശതമാനമായി ഉയര്‍ത്താന്‍ ഉത്തരവ്
X

യു.എ.ഇ ഫെഡറൽ ദേശീയ കൗൺസിലിൽ വനിതാ പ്രാതിനിധ്യം അമ്പതു ശതമാനമായി ഉയർത്താൻ ഉത്തരവ്​. എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്താനുള്ള യു.എ.ഇയുടെ പ്രഖ്യാപിത നയത്തി​ന്റെ ഭാഗമായാണ്​ പുതിയ തീരുമാനം.

അടുത്ത പാർലമെൻറ്​ കാലയളവിൽ തന്നെ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്നാണ്​ ഉത്തരവ്​. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫാ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ ഇതു സംബന്​ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. മന്ത്രിസഭയിൽ ഉൾപ്പെടെ വനിതകൾക്ക്​ വേണ്ടത്ര പ്രാതിനിധ്യം യു.എ.ഇ നൽകിയിട്ടുണ്ട്​. ഫെഡറൽ ദേശീയ കൗൺസിലിലും വനിതകളുടെ പങ്കാളിത്തം ഉയരുന്നത്​ ഗുണപരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ്​ യു.എ.ഇ നേതൃത്വം വിലയിരുത്തുന്നത്​. ഇപ്പോൾ ഫെഡറൽ ദേശീയ കൗൺസിലിൽ 22.5 ശതമാനം മാത്രമാണ്​ വനിതാ പ്രാതിനിധ്യം. വനിതകൾക്ക്​ നിയമനിർമാണസഭകളിൽ ഏറ്റവും ഉയർന്ന പരിഗണന നൽകുന്ന അറബ്​ രാജ്യമെന്ന പദവി കൂടിയാണ്​ ഇതോടെ യു.എ.ഇ തേടിയെത്തുക.

ആഗോളതലത്തിൽ തന്നെ മികച്ച പ്രതികരണമാണ്​ യു.എ.ഇ തീരുമാനത്തിന്​ ലഭിച്ചു വരുന്നതും. ഫെഡറൽ ദേശീയ കൗൺസിലിൽ വനിതകളുടെ പ്രാതിനിധ്യം അമ്പതു ശതമാനമായി വർധിപ്പിച്ച പ്രസിഡൻറിന്റെ നടപടിയെ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തം പ്രകീർത്തിച്ചു. യു.എ.ഇ വനിതകൾക്ക്​ ലഭിച്ച മികച്ച അംഗീകാരം കൂടിയാണിതെന്ന്​ ട്വിറ്റർ സന്ദേശത്തിൽ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും യു.എ.ഇ വനിതകൾക്ക്​ ഭാവുകങ്ങൾ നേർന്നു.

TAGS :

Next Story