യു.എ.ഇയിൽ തണുപ്പ് ശക്തമാകും; മൂന്ന് ദിവസം മഴക്കും സാധ്യത
ജാഗ്രത വേണമെന്ന് എൻ.എം.സി

യു.എ.ഇയിൽ അടുത്തദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നു ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കും സാധ്യതയുണ്ട്. വീടിന് പുറത്തിറങ്ങുന്നവർ തണുപ്പ് നേരിടാൻ മുൻകരുതൽ സ്വീകരിക്കണം.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ ഇത് കൂടുതൽ താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് എൻ.എം.സി മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച വരെ വിവിധ എമിറേറ്റുകളിൽ മഴക്കും സാധ്യതയുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വടക്കൻ മേഖലയിലും കിഴക്ക് ഭാഗത്തുമാണ് മഴക്ക് ശക്തമാവുക. രാവിലെയും രാത്രിയും പലയിടത്തും ശക്തമായ മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്. മഴയിലും മഞ്ഞിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

