ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യം; സമ്മേളനം അടുത്തമാസം

ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയുടെ നാൽപത്തി ആറാമത് സമ്മേളനത്തിന് അബൂദബി ഒരുങ്ങുന്നു. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിലാണ് സമ്മേളനം. സമ്മേളനത്തിൽ ഇന്ത്യയാണ് അതിഥി രാഷ്ട്രം.
ഏഷ്യൻ സംഘർഷ സാഹചര്യത്തിൽ നടക്കുന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം പലതുകൊണ്ടും നിർണായകമാണ്. ഇതിലേക്ക് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ക്ഷണിച്ചത്.
ക്ഷണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. യു.എ.ഇയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ് ക്ഷണം കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. 18.5 കോടി മുസ്ലിംകളുടെ സാന്നിധ്യത്തിനും ജനസമൂഹങ്ങളുടെ വൈവിധ്യത്തിനും ഇസ്‌ലാമിക ലോകത്തിനും ഇന്ത്യ നൽകിയ സംഭാവനക്കുമുള്ള അംഗീകാരമായും ക്ഷണത്തെ കാണുന്നതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക. മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും.
മാർച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉതൈമീൻ, അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
Adjust Story Font
16

