ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍
20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ഗള്‍ഫില്‍ അറസ്റ്റില്‍. യു.എ.ഇയില്‍ 40 കോടി രൂപയുടെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ യാത്രാവിലക്ക് നേരിട്ടിരുന്ന ബൈജു, വ്യാജരേഖയുണ്ടാക്കി ഒമാന്‍ വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റ്. ഒമാന്‍ അധികൃതര്‍ യു.എ.ഇക്ക് കൈമാറിയ ബൈജു ഇപ്പോള്‍ അല്‍ഐനിലെ ജയിലിലാണ്.
ചെക്ക് കേസിന് പുറമെ വ്യാജരേഖയുണ്ടാക്കി, ആള്‍മാറാട്ടം നടത്തി രാജ്യംവിടാന്‍ ശ്രമിച്ചു എന്ന കേസില്‍ കൂടിയാണ് ബൈജു ഗോപാലന്‍ നടപടി നേരിടുന്നത്. ചെന്നൈയിലെ ഒരു ഹോട്ടലും ദുബൈയിലെ ഇമാറാ എന്ന ക്ലിനിക്ക് ശൃംഖലയും സ്വന്തമാക്കാന്‍ തമിഴ്നാട് സ്വദേശിക്ക് 20 ദശലക്ഷം ദിര്‍ഹമിന്റെ വണ്ടിചെക്ക് നല്‍കി എന്നായിരുന്നു ബൈജുവിനെതിരെ യു.എ.ഇയില്‍ നിലനിന്നിരുന്ന കേസ്. തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള വ്യവസായി രമണിയാണ് ഈ കേസിലെ പരാതിക്കാരന്‍.
ചെക്ക് കേസില്‍ യാത്രാവിലക്ക് നേരിട്ടിരുന്ന ബൈജു യു.എ.ഇ എമിഗ്രേഷന്റെ വ്യാജസീലുണ്ടാക്കി, ആള്‍മാറാട്ടം നടത്തി അല്‍ഐനിലെ അതിര്‍ത്തി വഴി ഒമാനിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ നുഴഞ്ഞുകയറ്റത്തിന് അറസ്റ്റിലായ ബൈജുവിനെ കഴിഞ്ഞരാത്രിയാണ് ഒമാന്‍ അധികൃതര്‍ യു.എ.ഇക്ക് കൈമാറിയത്. ഇപ്പോള്‍ അല്‍ഐനിലെ ജയിലില്‍ കഴിയുകയാണ് ബൈജു ഗോപാലന്‍.
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പളളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ ഗള്‍ഫില്‍ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് വെള്ളാപ്പള്ളിയുടെ എതിര്‍ചേരിയിലുള്ള ഗോകുലം ഗോപാലന്റെ മകന്‍റെ അറസ്റ്റ് വാര്‍ത്ത പുറത്തുവരുന്നത്.
Adjust Story Font
16

