ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകൻ സഈദ് ലൂത്ത അന്തരിച്ചു
യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകനും പ്രമുഖ സാമ്പത്തീക വിദഗ്ദനും വ്യവസായിയുമായ ഹാജ് സഈദ് ബിൻ അഹ്മദ് അൽ ലൂത്ത അന്തരിച്ചു. 97 വയസായിരുന്നു. 1923 ൽ ദുബൈയിൽ ജനിച്ച സഈദ് ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 1975 ലാണ് ലോകത്തെ ആദ്യത്തെ ആധുനിക ഇസ്ലാമിക് ബാങ്കായ ദുബൈ ഇസ്ലാമിക് ബാങ്കിന് രൂപം നൽകിയത്.
ദുബൈ കൺസ്യൂമർ കോഓപറേറ്റീവ്, ദുബൈ ഇസ്ലാമിക് ബാങ്ക് എന്നിവ സ്ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്ഥാപിച്ചത് അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്. 1983ൽ ഇസ്ലാമിക് എഡുകേഷൻ സ്കൂളും 86 ൽ പെൺകുട്ടികൾക്കായി ദുബൈ മെഡിക്കൽ കോളജും സ്ഥാപിച്ചു. 1956 ൽ സഹോദരനുമൊത്ത് എസ്.എസ് ലൂത്ത കോൺട്രാക്ടിങ് കമ്പനി തുടങ്ങിയതാണ് വഴിത്തിരിവായത്. പ്രമുഖ സ്ഥാപനമായി വളർന്ന എസ്.എസ് ലൂത്തയുടെ ചെയർമാനാണ് അദ്ദേഹം. നാവികൻ എന്ന നിലയിൽ നിന്ന് വൻ വ്യവസായിയായ ചരിത്രമാണ് സഈദ് ലൂത്തയുടേത്. സാമ്പത്തീക വിദഗ്ദൻ, ബാങ്കർ, ദീർഘവീക്ഷണമുള്ള നേതാവ്, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിരുന്നു.
സഈദ് ലൂത്തയുടെ നിര്യാണത്തിൽ യുഎഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുശോചിച്ചു. ഒന്നുമില്ലായ്മയിൽ നിന്ന് വ്യവസായലോകംകം കെട്ടിപ്പടുത്തയാളാണ് സഈദ് ലൂത്ത എന്ന് അദ്ദേഹം അനുസ്മരിച്ചു. ദുബൈയുടെ സാമ്പത്തികാവസ്ഥയിൽ അദ്ദേഹത്തിന്റെ സ്പർശമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരേതനും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.
Adjust Story Font
16

