Quantcast

കർഷക സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബൈഡന് അമേരിക്കൻ അഭിഭാഷകരുടെ കത്ത്

പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നിരീക്ഷിക്കാൻ ഒരു അന്താരാഷ്ട്ര വേദി നിർമ്മിക്കാനും കത്തിൽ അഭ്യർത്ഥിക്കുന്നു

MediaOne Logo

  • Published:

    17 Feb 2021 6:34 AM GMT

കർഷക സമരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബൈഡന് അമേരിക്കൻ അഭിഭാഷകരുടെ കത്ത്
X

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കൻ രാഷ്‌ട്രപതി ജോ ബൈഡൻ, ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള നേതാക്കൾക്ക് അമേരിക്കൻ അഭിഭാഷകരുടെ കത്ത്. ദക്ഷിണേഷ്യൻ വംശജരായ നാല്പതോളം അഭിഭാഷകരാണ് കത്തെഴുതിയത്. സമരത്തിനെതിരെ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന അക്രമങ്ങളിലും, നിയമവിരുദ്ധ തടങ്കലിലും സെൻസർഷിപ്പിലും ആശങ്കയറിയിച്ചാണ് കത്ത്.

ഇത്തരം നടപടികളെ അമേരിക്ക അപലപിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ഇന്ത്യയോട് പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും കർഷകരോടൊപ്പം ഐക്യദാർഢ്യപ്പെടുവാനും അഭ്യർത്ഥിക്കുന്നു. കോവിഡ് കാലത്ത് മതിയായ ചർച്ചകളില്ലാതെ കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി ചുട്ടെടുത്തതാണു കാർഷിക നിയമങ്ങളെന്നു കത്തിൽ പറയുന്നു. ഈ ജനാധിപത്യ വിരുദ്ധ നീക്കം സമീപകാലത്തു ഇന്ത്യ കണ്ട ഏറ്റവും പ്രതിഷേധത്തിന് കാരണമായെന്നും കത്തിൽ പറയുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ സംസാരിക്കുന്നവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടുക, ഇന്റർനെറ്റ് നിരോധനം, പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ അറസ്റ്റ്, ആക്ടിവിസ്റ്റുകളെ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത സംഭവങ്ങൾ തുടങ്ങിയവ കത്തിൽ പരാമർശിക്കുന്നുണ്ട്. പൗരത്വ നിയമ വിരുദ്ധ സമരത്തെ നേരിട്ട രീതി ഇതിലും തുടരുകയാണെന്നും അവർ പറഞ്ഞു. "നിങ്ങൾ അധികാരത്തിലേറിയത് ഇന്ത്യയിൽ ന്യൂനപക്ഷ സമൂഹങ്ങൾ അപകടത്തിലായ സന്ദർഭത്തിലാണ്" - കത്തിൽ പറയുന്നു

കേന്ദ്ര സർക്കാരിന്റെ നടപടികളെ അപലപിക്കാൻ ആവശ്യപ്പെടുന്ന കത്തിൽ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നിരീക്ഷിക്കാൻ ഒരു അന്താരാഷ്ട്ര വേദി നിർമ്മിക്കാനും അഭ്യർത്ഥിക്കുന്നുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാനും അഭിഭാഷകർ ആവശ്യപ്പെട്ടു.

"ഇന്ത്യയുടെ നടപടികൾ ഭരണഘടന നൽകുന്ന അവകാശങ്ങളെ മാത്രമല്ല, ജീവിക്കാനും, സ്വാതന്ത്ര്യത്തിനും, നിയമപരമായ കൂട്ടംചേരൽ, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. " - കത്തിൽ പറയുന്നു.

TAGS :

Next Story