'ഇന്ത്യക്കാര്‍ വലിച്ചെറിയുന്ന സഞ്ചിക്ക് ഇത്രയും വിലയോ'? യുഎസ് ബ്രാന്‍ഡായ നോര്‍ഡ്സ്‌ട്രോമിലെ ഇന്ത്യന്‍ സഞ്ചിയുടെ വില കേട്ടാല്‍ ഞെട്ടും
വെറുതെ കളയുന്ന ഈ സഞ്ചിയുടെ വിലകേട്ട് സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്

ന്യൂഡല്‍ഹി: സാധനങ്ങള്‍ വാങ്ങാനും കുട്ടികള്‍ക്ക് ഭക്ഷണം പൊതിഞ്ഞുനല്‍കാനുമൊക്കെയായാണ് സാധാരണയായി നമ്മള്‍ സഞ്ചി കൂടെ കരുതുന്നത്. ഇതിനായി ഉപയോഗിക്കുന്ന ചെറുതും വലുതുമായ സഞ്ചികള്‍ ഇന്ത്യയിലെ വീടുകളില്‍ നിത്യകാഴ്ച്ചയാണ്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണിസഞ്ചികള്‍ ശേഖരിച്ചുവെക്കുന്നതും മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഹോബിയാണ്.
എന്നാല്‍ ഇന്ത്യക്കാരുടെ ഈ സഞ്ചിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ചാവിഷയം. അമേരിക്കന്‍ ആഡംബര റീട്ടെയിലറായ നോര്‍ഡ്സ്‌ട്രോം ഈ സാധാരണ സഞ്ചികള്‍ക്കിട്ട വിലയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. 4100 രൂപയാണ് വില!
ജാപ്പനീസ് കമ്പനിയായ പ്യൂബ്‌കോ 'ഇന്ത്യന്‍ സുവനീര്‍ ബാഗ്' എന്ന പേരിലാണ് സഞ്ചിയെ ബ്രാന്‍ഡ് ചെയത് വില്‍ക്കുന്നത്. വ്യത്യസ്തമായതും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതുമായ ബാഗുകള്‍ എന്നാണ് സഞ്ചിയെ അമേരിക്കന്‍ ആഡംബര റീട്ടെയിലര്‍ വിശേഷിപ്പിച്ചത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വെറുമൊരു പലചരക്ക് സഞ്ചി മാത്രമാണ് ഈ ബാഗുകള്‍. പല സ്ഥലങ്ങളിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായാണ് ഇവ ലഭിക്കുന്നത്. എന്നാല്‍ ആ സഞ്ചി ഇപ്പോള്‍ വിദേശത്ത് ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റായി സ്ഥാനം പിടിച്ചിരിക്കുകയാണ്. അതും സൗജന്യമായി ലഭിക്കുന്ന സഞ്ചിക്ക് വലിയ തുക ഇട്ടാണ് ഇവര്‍ വില്‍ക്കുന്നത്.
'' സ്‌റ്റൈലിഷ് ബാഗ്, ഇന്ത്യ എന്ന അതിമനോഹര രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ എല്ലാ അവശ്യവസ്തുക്കളും കൊണ്ടുപോകാന്‍ ഈ ബാഗ് അനുയോജ്യമാണ്''- എന്നാണ് നോര്‍ഡ്സ്‌ട്രോം ഇന്ത്യന്‍ സഞ്ചികളെ വിശേഷിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ സംസ്‌കാരത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവ നല്ലതെന്നും കമ്പനി പറയുന്നു.
സഞ്ചിയുടെ മുകളില്‍ ഹിന്ദിയില്‍ 'രമേഷ് സ്‌പെഷ്യല്‍ നാംകീന്‍', 'ചേതക് മധുരപലഹാരങ്ങള്‍' തുടങ്ങിയ പേരുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതും വിപണന തന്ത്രമായി നോര്‍ഡ്സ്‌ട്രോം ഉപയോഗിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു യുവതിയാണ് ഇക്കാര്യം വിഡിയോ ആയി പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഇന്ത്യന്‍ സഞ്ചി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായത്.
വെറുതെ കളയുന്ന ഈ സഞ്ചിയുടെ വിലകേട്ട് സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഈ സഞ്ചികള്‍ എങ്ങനെ വില്‍ക്കാന്‍ കഴിയും, വീട്ടില്‍ ഇതുപോലുള്ള 10 എണ്ണം ഉണ്ടെന്നും ചിലര്‍ തമാശരൂപേണ കമന്റ് ചെയ്യുന്നുണ്ട്. സ്‌കോട്ടിഷ് ഡ്രേപ്പ് എന്ന പേരില്‍ ഇനി അടുത്തതായി ലുങ്കി വില്‍ക്കാനും തുടങ്ങുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും ഇന്ത്യക്കാര്‍ വലിച്ചെറിയുന്ന സാധാരണ സഞ്ചിക്ക് വിദേശ വിപണിയില്‍ ഇത്ര വിലയോ എന്ന കൗതുകത്തിലാണ് സോഷ്യല്‍ മീഡിയ.
Adjust Story Font
16

