"ഡീൽ,ഡീൽ... ഷെയിം, ഷെയിം..." രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭയിലെ ആദ്യ ദിവസം ഇങ്ങനെ...

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് സാക്ഷിയായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതുന്നു

MediaOne Logo

  • Updated:

    2020-03-19 14:16:07.0

Published:

19 March 2020 2:16 PM GMT

ഡീൽ,ഡീൽ... ഷെയിം, ഷെയിം... രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭയിലെ ആദ്യ ദിവസം ഇങ്ങനെ...
X

മുൻ ചീഫ് ജസ്റ്റിസ് ഒക്കെയല്ലേ എന്ന പത്രാസിൽ സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതിയിലേക്ക് വരും പോലെയായിരുന്നു വെങ്കയ്യ നായിഡുവിൻ്റെ മുറിയിൽ നിന്നും വാതിൽ തുറന്ന് ചെയറിൻ്റെ ഇടതുവശം ചേർന്ന് പ്രതിപക്ഷ ബെഞ്ചിന് മുന്നിലൂടെ ആ വരവ്.

പ്രതിപക്ഷ ബെഞ്ചിൽ നിന്ന് ഒരാൾ പോലും ഗൗനിക്കാതിരുന്നതോടെ വല്ലാത്ത പരുവത്തിലായ മുൻ ചീഫ് ജസ്റ്റിസിൻ്റെ ചമ്മൽ ഒഴിവാക്കാൻ 'ഗോഗോയി' എന്ന് വിളിച്ചു നിയമമന്ത്രി രവിശങ്കർ പ്രസാദ് ചെന്ന് കൈകൂപ്പി ഒരു വിധം അഡ്ജസ്റ്റ് ചെയ്തതായിരുന്നു.

നർത്തകി സോനാൽ മാൻസിംഗിനടുത്ത് ജീവനക്കാർ കൊണ്ടു വന്നിരുത്തിയതും പരിഹസിച്ചു ആംഗ്യം കാണിച്ചും പൊട്ടിചിരിച്ചും കമൻറുകൾ അടിച്ചും പ്രതിപക്ഷ അംഗങ്ങൾ പൊരിച്ചു തുടങ്ങി.

"ഡീലുറപ്പിച്ച് യുവർ ലോർഡ്ഷിപ്പ് രാജ്യസഭയിലെത്തിയല്ലോ" എന്ന് പറഞ്ഞ് ചിരിക്കുന്നവരെ നോക്കി ആശ്വസിപ്പിക്കാൻ ഒരാളില്ലാതെ ഒറ്റപ്പെട്ട് ആൾകൂട്ടത്തിൽ തനിയെ ഗോഗോയി ഇരുന്നു.

11 മണിക്ക് ചെയറിൽ വന്നിരുന്ന നായിഡു സത്യപ്രതിജ്ഞക്ക് വിളിച്ചതും "ഡീൽ..ഡീൽ ഷെയിം ..ഷെയിം " എന്നാർത്ത് പ്രതിപക്ഷം എഴുന്നേറ്റു. തനിക്ക് മുന്നിൽ അഭിമുഖമായി എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുന്നത് കണ്ട് പതറിപ്പോയ ഗോഗോയി പ്രതിജ്ഞ തുടങ്ങാനാകാതെ കുഴങ്ങി.

വൻ ബഹളത്തിനിടയിൽ നിസഹായനായി പ്രതിപക്ഷത്തെയും നായിഡുവിനെയും നോക്കിയ ഗോഗോയിയോട് പ്രതിജ്ഞ എടുക്കാൻ നായിഡു നിർദേശിച്ചു. പ്രതിജ്ഞ കേൾക്കാൻ പോലും വയ്യാത്ത ബഹളത്തിൽ മുക്കി പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

സഭ നടപടികളിലേക്ക് തിരിച്ചു വന്നിട്ടും പ്രതിപക്ഷത്തിൻ്റെ മുന വെച്ച കമൻറുകൾക്കും പരിഹാസചിരികൾക്കുമിടയിൽ അയാളിരുന്നു.

Next Story