Quantcast

കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പയ്ക്ക് എന്തുചെയ്യണം? അറിയാം ഇക്കാര്യങ്ങൾ

നിങ്ങളൊരു ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ഒരു ഭവന വായ്പ എങ്ങിനെ ലഭ്യമാക്കാമെന്നാണ് ആലോചിക്കേണ്ടത്. നിലവില്‍ റിപ്പോനിരക്കുകള്‍ ഉയര്‍ത്തിയ ആര്‍ബിഐ നടപടിക്ക് പിന്നാലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളൊക്കെ വായ്പാ പലിശ നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-10-08 10:29:22.0

Published:

8 Oct 2022 10:24 AM GMT

കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പയ്ക്ക് എന്തുചെയ്യണം? അറിയാം ഇക്കാര്യങ്ങൾ
X

നമ്മളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് സ്വന്തമായി ഒരു പാർപ്പിടം . എന്നാൽ ഇക്കാലത്ത് വീട് വെക്കാൻ നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള സമ്പാദ്യം മതിയാകാതെ വരും. അത്രക്ക് ചെലവേറിയ കാര്യമാണിത്. എത്ര ചുരുങ്ങിയ ബജറ്റിലും ഒരു വീട് പണി പൂർത്തിയാകണമെങ്കിൽ സാധാരണക്കാർക്ക് ലോൺ ഇല്ലാതെ പറ്റില്ല. ഭവന വായ്പകൾ പലവിധ ധനകാര്യ സ്ഥാപനങ്ങൾ നമ്മൾക്ക് വാഗ്ദാനം നൽകുകയും ചെയ്യുന്നു. എന്നാൽ ചാടിക്കേറി കിട്ടാവുന്നത്ര വായ്പയെടുത്താൽ ഭാവിയിൽ തിരിച്ചടവ് മുടങ്ങുകയും നമ്മുടെ വീടിന്റെ താക്കോൽ വായ്പയെടുത്ത ബാങ്കിന്റെ പക്കലിരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ നിങ്ങളൊരു ഭവന വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ ഒരു ഭവന വായ്പ എങ്ങിനെ ലഭ്യമാക്കാമെന്നാണ് ആലോചിക്കേണ്ടത്. നിലവിൽ റിപ്പോനിരക്കുകൾ ഉയർത്തിയ ആർബിഐ നടപടിക്ക് പിന്നാലെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളൊക്കെ വായ്പാ പലിശ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിൽ ഒരു ഭവന വായ്പയെടുക്കുമ്പോൾ പലിശ നിരക്ക് തന്നെയാണ് പ്രധാനം. കുറഞ്ഞ പലിശ നിരക്കിൽ വായ്പയെടുക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്കായി ഇവിടെ പങ്കുവെക്കാം.

ചുരുങ്ങിയ കാലയളവ് പരിഗണിക്കുക

വായ്പയെടുക്കുമ്പോൾ എത്ര കാലത്തേക്കാണ് വായ്പ വേണ്ടതെന്നാണ് ബാങ്കുകൾ നിങ്ങളോട് ചോദിക്കുക. തുക നിശ്ചയിച്ചു കഴിഞ്ഞാൽ എത്ര കാലയളവിനകം വായ്പ തുക തിരിച്ചടച്ച് തീർക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് അറിയേണ്ടത്. പലരും ഭവന വായ്പകൾ ദീർഘകാലത്തേക്കാണ് എടുക്കുന്നത്. പതിയെ അടച്ചുതീർത്താൽ പോരെ എന്നാണ് നമ്മൾ ആലോചിക്കുന്നത്. ദീർഘകാലത്തേക്ക് ആയിരിക്കുമ്പോൾ പ്രതിമാസം അടക്കേണ്ട തുകയുടെ അളവും കുറവായിരിക്കും. അതാണ് നമ്മൾ ദീർഘകാല ഓപ്ഷനുകൾ എടുക്കുന്നത്.എന്നാൽ ദീർഘകാലത്തേക്കുള്ള വായ്പകൾക്ക് നമ്മൾ അടക്കേണ്ട പലിശയും കൂടുതലാണ്. 20 വർഷത്തേക്കും 25 വർഷത്തേക്കും നിങ്ങൾ നൽകേണ്ടി വരുന്ന പലിശ വലിയൊരു സമ്പാദ്യം ഉണ്ടാക്കാനുള്ള സാഹചര്യം ഇല്ലാതാക്കും. കൂടാതെ ദീർഘകാലത്തേക്കുള്ള വായ്പകളുടെ ഗഡുക്കളുടെ തുകയും കുറവായിരിക്കും. അതുകൊണ്ട് തന്നെ പത്തോ പതിനഞ്ചോ വർഷം കൊണ്ട് തിരിച്ചടവാക്കുന്ന വിധം വേണം ഭവന വായ്പയെടുക്കാൻ. പരമാവധി വേഗം തീർക്കുന്നവർക്ക് പലിശയും കുറയും. ഒരു ഹോം ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് കുറഞ്ഞ കാലാവധിയുള്ള വായ്പകളുടെ പലിശ എങ്ങിനെയാണ് ഗണ്യമായി കുറയുന്നതെന്ന് നിങ്ങൾക്ക് സ്വയം പരിശോധിക്കാം.

മുൻകൂർ പണമടയ്ക്കൽ അഥവാ പ്രീപെയ്‌മെന്റ് ഓപ്ഷൻ

നമ്മുടെ വായ്പകളിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ പല മാർഗങ്ങളുമുണ്ട്. നമ്മൾ തിരഞ്ഞെടുക്കുന്നത് ഫ്‌ളോട്ടിങ് റേറ്റ് വായ്പകളാണെങ്കിൽ മുൻകൂറായി പ്രിൻസിപ്പൽ അമൗണ്ടിലേക്ക് (അടക്കേണ്ട മുതലിലേക്ക്) പണം അടക്കുക. കാരണം വായ്പയായി ബാക്കിയുള്ള ഈ പ്രിൻസിപ്പൽ തുക എത്രത്തോളം കുറയുന്നോ അത്രയ്ക്ക് നമ്മൾ അടക്കേണ്ട പലിശയും കുറയും. ഓരോ മാസവും മുൻകൂട്ടി മാത്രം നിശ്ചയിച്ച ഗഡുക്കൾ മാത്രം അടച്ചുപോകുകയല്ല വേണ്ടത്. പലിശ നിരക്ക് ഫ്‌ളോട്ടിങ് റേറ്റ് അഥവാ നിരക്കുകൾക്ക് അനുസരിച്ച് മാറികൊണ്ടിരിക്കുന്ന പലിശ നിരക്കുകൾ ആണ് വായ്പക്കായി തെരഞ്ഞെടുത്തതെങ്കിൽ ഈ രീതിയാണ് അഭികാമ്യം. എന്നാൽ സ്ഥിര പലിശ (ഫിക്‌സഡ് റേറ്റ് ഇൻട്രസ്റ്റ്) യാണ് നിങ്ങളുടെ വായ്പക്കായി തീരുമാനിച്ചിരിക്കുന്നതെങ്കിൽ മുൻകൂർ തുക അടച്ചതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകണെന്നില്ല. കാരണം സ്ഥാപനം നിശ്ചിത ശതമാനം പലിശ ഈടാക്കിയിരിക്കും. ്മുൻകൂർ പേയ്‌മെന്റ് നിരക്കുകൾ സംബന്ധിച്ച് അറിയാൻ ബാങ്കുമായി ബന്ധപ്പെടുകയും വേണം.


പലിശ നിരക്കുകൾ ഓൺലൈനിൽ പരിശോധിക്കുക

വായ്പ എടുക്കാൻ തീരുമാനിക്കും മുമ്പ് കാര്യങ്ങളൊക്കെ സ്വയം മനസിലാക്കിവെക്കാൻ ഒരു ഗവേഷണം നടത്തുക. വിവിധ സ്ഥാപനങ്ങളിൽ കയറിയിറങ്ങി കാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം വിവിധ സ്ഥാപനങ്ങളുടെ പലിശ നിരക്കുകളും ഫീസും ചാർജുമൊക്കെ മനസിലാക്കാനായി ഓൺലൈൻ വെബ്‌സൈറ്റുകളെ ആശ്രയിക്കുക. നമുക്ക് വായ്പ ലഭിക്കാനുള്ള യോഗ്യതയും എത്രത്തോളം പലിശ നിരക്ക് സ്ഥാപനങ്ങൾ ചുമത്തുമെന്നുമൊക്കെ ഏകദേശം ധാരണ നൽകും ഇത്തരം ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ. ഒരു മൂന്നാംകക്ഷിയാണിത്. ഫിൻടെക് ആപ്പുകളിലോ ഇത്തരം വെബ്‌സൈറ്റുകളിലോ ലോഗിൻ ചെയ്ത് പലിശ നിരക്കുകൾ താരതമ്യം ചെയ്ത് വേണം സ്ഥാപനം ഏതാണെന്ന് നമ്മൾ തീരുമാനിക്കാൻ.



ഇഎംഐ വർധിപ്പിക്കുക

വായ്പയെടുക്കുമ്പോൾ മാസാമാസമോ അല്ലെങ്കിൽ നിശ്ചിത ഇടവേളകളിലോ ഒരു നിശ്ചിത തുക തിരിച്ചടക്കുന്നതിനെയാണ് നമ്മൾ ഇഎംഐ എന്ന് വിളിക്കുന്നത്. നിങ്ങൾ ഒരു വായ്പയെടുക്കുന്നത് ഒരു 10 കൊല്ലത്തേക്കാണെന്ന് വിചാരിക്കുക. അത്രയും കൊല്ലം ഒരേ തുക തന്നെ ഇഎംഐ അടക്കുകയാണ് പലരുടെയും പതിവ്. എന്നാൽ ഈ രീതി പിന്തുടരുന്നത് ബുദ്ധിപരമല്ല. ഓരോ വർഷവും ഒരു വളരെ ചെറിയ തുകയെങ്കിലും ഇഎംഐയിൽ വർധിപ്പിക്കുക. ഇക്കൊല്ലം എല്ലാ മാസവും 5000 രൂപയാണ് ഇഎംഐ അടച്ചതെങ്കിൽ വരും വർഷം 6000 ആയി വർധിപ്പിക്കുക. അടുത്ത വർഷം കുറച്ചുകൂടി ഉയർത്തുക. അങ്ങിനെ ചെയ്താൽ നമ്മുടെ തിരിച്ചടവ് തുക കൂടുകയും ബാക്കിയുള്ള തുകയ്ക്ക് മാത്രം പലിശ അടച്ചാലും മതിയാകും. ഈ രീതിയിലും നമുക്ക് പലിശതുക കുറയ്ക്കാൻ സാധിക്കും.

മികച്ച ഡീലിനായി നോക്കാം

ഒരു വായ്പ എടുക്കുമ്പോൾ മുൻകൂട്ടി തന്നെ പലിശ നിരക്കുകളും നിശ്ചയിക്കും. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ ഉയർന്നതാണ് സ്ഥിര വരുമാനം ഉള്ളവരാണ് നിങ്ങളെങ്കിൽ സ്ഥാപനങ്ങളോട് കുറഞ്ഞ പലിശ നിരക്കിന് വേണ്ടി ആവശ്യപ്പെടാം. അത്തരം ഉപഭോക്താക്കൾക്ക് സാധാരണക്കാർക്ക് നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്കിന് പകരം കുറഞ്ഞ പലിശ നിരക്കുകളിൽ വായ്പ നൽകാൻ സ്ഥാപനങ്ങൾക്ക് താൽപ്പര്യമുണ്ടാകും. എന്നാൽ നിങ്ങളുടെ തിരിച്ചടവ് ശേഷി ബോധ്യപ്പെടുത്തുകയും സാമ്പത്തിക അച്ചടക്കമുള്ളവരാണെന്ന് വ്യക്തമാക്കി കൊടുക്കാനും ശ്രദ്ധിക്കണം.

TAGS :

Next Story