'ഇസ്രായേല്‍ കമ്പനികളുമായി പ്രവര്‍ത്തിക്കില്ല' പ്രതിജ്ഞയെടുത്ത് 1,300 സിനിമാ സംവിധായകരും താരങ്ങളും
വര്‍ണവിവേചനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അമേരിക്കന്‍ ചലച്ചിത്ര വ്യവസായം സിനിമാ വിതരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 1987-ല്‍ ജോനാഥന്‍ ഡെമ്മെ, മാര്‍ട്ടിന്‍ സ്‌കോര്‍സെസെ, മറ്റ് 100 പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിലിംമേക്കേഴ്സ് യുണൈറ്റഡ് എഗെയിന്‍സ്റ്റ് അപ്പാര്‍ത്തീഡ് ആണ് ഈ ബഹുജന പ്രഖ്യാപനത്തിന് പ്രചോദനമായത്

ഗസ്സ സിറ്റി: ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യയിലും വര്‍ണവിവേചനത്തിലും ഉള്‍പ്പെട്ട ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളുമായും കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് 1,300ല്‍ അധികം ചലച്ചിത്ര സംവിധായകരും താരങ്ങളും പ്രതിജ്ഞയെടുത്തു. ഓസ്‌കാര്‍, ബാഫ്റ്റ, എമ്മി, കാന്‍ തുടങ്ങിയ അവാര്‍ഡ് ജേതാക്കളും ഇവരില്‍ ഉള്‍പ്പെടുന്നു.
വംശഹത്യയെയും വര്‍ണവിവേചനത്തെയും വെള്ളപൂശുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതോ അവ ചെയ്യുന്നതിന് സര്‍ക്കാരുമായി പങ്കാളിത്തം സ്ഥാപിക്കുകയോ ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര വ്യവസായ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ എന്നീ നിലകളില്‍ ധാരണകളെ രൂപപ്പെടുത്താനുള്ള സിനിമയുടെ ശക്തി തങ്ങള്‍ തിരിച്ചറിയുന്നു. ഗസ്സയിലെ കൂട്ടക്കൊലയ്ക്ക് പല സര്‍ക്കാരുകളും വഴിയൊരുക്കുന്ന ഈ അടിയന്തര പ്രതിസന്ധി ഘട്ടത്തില്‍ നിരന്തരമായ ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
ലോകത്തിലെ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി ഗസ്സയില്‍ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്നും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ അധിനിവേശവും വര്‍ണ്ണവിവേചനവും നിയമവിരുദ്ധമാണെന്നും വിധിച്ചത് പ്രസ്താവനയില്‍ പ്രതിബാധിച്ചിട്ടുണ്ട്.
എല്ലാ ആളുകളുകളുടെയും തുല്യത, നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി നിലകൊള്ളുക എന്നത് നമുക്കാര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ധാര്‍മിക കടമയാണ്. ഫലസ്തീന്‍ ജനതയ്ക്ക് സംഭവിച്ച ദ്രോഹത്തിനെതിരെ നമ്മള്‍ ഇപ്പോള്‍ സംസാരിക്കണം. അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായം നിശബ്ദത, വംശീയത, മനുഷ്യത്വരഹിതവല്‍ക്കരണം എന്നിവ നിരസിക്കണമെന്നും അവരുടെ അടിച്ചമര്‍ത്തലുകളില്‍ പങ്കാളികളാകുന്നത് അവസാനിപ്പിക്കാന്‍ മാനുഷികമായി സാധ്യമായതെല്ലാം ചെയ്യണമെന്നും ആഹ്വാനം ചെയ്ത ഫലസ്തീന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ആഹ്വാനത്തിന് ഞങ്ങള്‍ ഉത്തരം നല്‍കുന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒലിവിയ കോള്‍മാന്‍, ജാവിയര്‍ ബാര്‍ഡെം, ഐമി ലൂ വുഡ്, സൂസന്‍ സരണ്ടന്‍, മാര്‍ക്ക് റുഫാലോ, റിസ് അഹമ്മദ്, ടില്‍ഡ സ്വിന്റണ്‍, ജൂലിയ സവാല, മിറിയം മാര്‍ഗോളിസ്, കെന്‍ ലോച്ച്, ജൂലിയറ്റ് സ്റ്റീവന്‍സണ്‍ എന്നിവരുള്‍പ്പെടെ 3,000-ത്തിലധികം പേര്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒപ്പിട്ടു.
ഇസ്രായേലി ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനികളില്‍ ഭൂരിഭാഗം വില്‍പ്പന ഏജന്റുമാര്‍, സിനിമാശാലകള്‍, മറ്റ് ചലച്ചിത്ര സ്ഥാപനങ്ങള്‍ എന്നിവ ഒരിക്കലും ഫലസ്തീന്‍ ജനതയുടെ പൂര്‍ണ്ണവും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ അവകാശങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന് പ്രതിജ്ഞ പ്രസിദ്ധീകരിച്ച ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ ഫലസ്തീന്‍ പറഞ്ഞു.
വര്‍ണവിവേചനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അമേരിക്കന്‍ ചലച്ചിത്ര വ്യവസായം സിനിമാ വിതരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 1987-ല്‍ ജോനാഥന്‍ ഡെമ്മെ, മാര്‍ട്ടിന്‍ സ്‌കോര്‍സെസെ, മറ്റ് 100 പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിലിംമേക്കേഴ്സ് യുണൈറ്റഡ് എഗെയിന്‍സ്റ്റ് അപ്പാര്‍ത്തീഡ് ആണ് ഈ ബഹുജന പ്രഖ്യാപനത്തിന് പ്രചോദനമായത്. നിലവില്‍ ഒപ്പിട്ടവരില്‍ ഛായാഗ്രാഹകര്‍, എഡിറ്റര്‍മാര്‍, സിനിമാ പ്രോഗ്രാമര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നതായാണ് മറ്റൊരു പത്രക്കുറിപ്പില്‍ പറയുന്നത്. ലോകമെമ്പാടുമുള്ള സിനിമാ മേഖലയിലെ വലിയ വിഭാഗം ഈ പ്രതിഷേധത്തില്‍ അണിനിരന്നു.
യൂണിയനുകളുടെ പിന്തുണ
യുഎസ് അഭിനേതാക്കളുടെ യൂണിയനായ SAG-AFTRA അംഗങ്ങളുടെ ഒരു തുറന്ന കത്തും ബ്രിട്ടനിലെ പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് യൂണിയനായ ഇക്വിറ്റി യുകെ സമര്‍പ്പിച്ച ഒരു പ്രമേയവും ഇതില്‍ ഉള്‍പ്പെടുന്നു. കലാ പ്രവര്‍ത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ശരിവയ്ക്കുന്ന ഒരു പ്രമേയമാണിത്. കൂടാതെ അധിനിവേശ-വര്‍ണ്ണവിവേചന നയങ്ങള്‍ നിലവിലുള്ളിടത്തോളം കാലം ഇസ്രായേലി കലാ സാംസ്‌കാരിക സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കുന്നത് നിരസിക്കാന്‍ തങ്ങളുടെ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന പ്രമേയം നോര്‍വീജിയന്‍ ആക്ടേഴ്സ് ഇക്വിറ്റി അസോസിയേഷന്‍ അടുത്തിടെ പാസാക്കിയിരുന്നു.
'ഫലസ്തീന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് വ്യക്തിഗത കലാകാരന്മാര്‍ എന്ന നിലയില്‍ മാത്രമല്ല. ഐക്യദാര്‍ഢ്യത്തില്‍ കെട്ടിപ്പടുത്ത നമ്മുടെ യൂണിയനുകള്‍ക്ക് ഇസ്രായേലിന്റെ വംശഹത്യയും വര്‍ണ്ണവിവേചനവും അവസാനിപ്പിക്കുന്നതുവരെ അര്‍ത്ഥവത്തായ നടപടി സ്വീകരിക്കാന്‍ ധാര്‍മ്മികവും നിയമപരവുമായ ബാധ്യതയുണ്ട്.' SAG-AFTRA യുടെ നാഷണല്‍ MENA കമ്മിറ്റിയുടെ ചെയര്‍മാനും നടനുമായ അമിന്‍ എല്‍ ഗമാല്‍ പറഞ്ഞു. 'ഇതിന് ഒരു മാതൃകയുണ്ട്. 1980 കളില്‍ വര്‍ണ്ണവിവേചന ദക്ഷിണാഫ്രിക്കയുടെ സാംസ്‌കാരിക ബഹിഷ്‌കരണത്തെ അനുകൂലിച്ച് SAG രണ്ടുതവണ വോട്ട് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വേണ്ടി പ്രകടനം നടത്തുന്നതിന് വിസമ്മതിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.' അദ്ദേഹം കൂട്ടിചേര്‍ത്തു.
മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിച്ചതിനുശേഷം ഗസ്സയിലുടനീളം ഇസ്രായേല്‍ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുകയാണ്. ആയിരക്കണക്കിന് ഫലസ്തീനികളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7 മുതല്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ജനങ്ങള്‍ക്കെതിരെ ഒരു വംശഹത്യ യുദ്ധം ആരംഭിച്ചു. ഈ പ്രചാരണത്തില്‍ ഇതുവരെ 64,500 ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 163,000 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

