Quantcast

റഷ്യൻ ഹെലികോപ്ടർ അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ശനിയാഴ്ചയാണ് കാംചത്കയിലെ അഗ്നിപർവത മേഖലയായ വാച്കാസെറ്റ്‌സിൽനിന്ന് 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പറന്നുയർന്ന എംഐ 8 ഹെലികോപ്ടർ കാണാതായത്

MediaOne Logo

Web Desk

  • Published:

    2 Sept 2024 4:25 PM IST

17 bodies found in Russian helicopter crash, Kamchatka helicopter crash, Russia tourist helicopter crash
X

മോസ്‌കോ: റഷ്യയിലെ കിഴക്കൻ കാംചത്കയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ള അഞ്ചുപേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കാംചത്കയിലെ അഗ്നിപർവത മേഖലയായ വാച്കാസെറ്റ്‌സിൽനിന്ന് 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പറന്നുയർന്ന എംഐ 8 എന്ന ഹെലികോപ്ടർ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ മലയോരപ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകർ ഹെലികോപ്ടർ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കാംചത്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റിയാസ് എയ്റോയാണ് ഹെലികോപ്റ്റർ പ്രവർത്തിപ്പിച്ചിരുന്നത്. റഡാർ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അപകടകാരണം ഇനിയും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയും കാഴ്ചാ പരിമിതിയുമാകാം അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം. സജീവ അഗ്നിപർവതങ്ങളാൽ നിറഞ്ഞ പ്രദേശം വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. റഷ്യൻ നിർമിത ഹെലികോപ്ടറാണ് അപകടത്തിൽപെട്ട എംഐ 8. സോവിയറ്റ് കാലത്ത് വികസിപ്പിച്ച എംഐ ഹെലികോപ്ടറുകൾ ഇന്നും റഷ്യയിൽ വ്യോമയാത്രയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

2021 ആഗസ്റ്റിൽ കാംചത്കയിലെ തടാകത്തിൽ മറ്റൊരു എംഐ 8 ഹെലികോപ്ടർ തകർന്നുവീണു നിരവധി പേർ മരിച്ചിരുന്നു. 16 പേർ സഞ്ചരിച്ച ഹെലികോപ്ടറിൽ 13 പേരും വിനോദസഞ്ചാരികളായിരുന്നു. ഇവരിൽ എട്ടുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിൽ 28 പേരുമായി പുറപ്പെട്ട ചെറുവിമാനവും ഇവിടെ അപകടത്തിൽപെട്ടിരുന്നു.

Summary: 17 bodies found in Russian helicopter crash

TAGS :

Next Story