Quantcast

ശ്രീ ശ്രീ രവിശങ്കറിന് കിട്ടാത്ത നൊബേല്‍

MediaOne Logo

Damodaran

  • Published:

    13 Oct 2016 12:31 PM GMT

ശ്രീ ശ്രീ രവിശങ്കറിന് കിട്ടാത്ത നൊബേല്‍
X

ശ്രീ ശ്രീ രവിശങ്കറിന് കിട്ടാത്ത നൊബേല്‍

ലോക മാധ്യമങ്ങള്‍ അവഗണിച്ച കൊളംബിയന്‍ സിവിലിയന്‍ ബഹുമതിയും നൊബേല്‍ നാമനിര്‍ദേശവുമെല്ലാം വിലപ്പെട്ടത് തന്നെയാണ്. എന്നാല്‍, കൊളംബിയന്‍ പരമോന്നത സിവില്‍ ബഹുമതിയെക്കുറിച്ചുള്ള സ്പാനിഷിലുള്ള വിക്കിപീഡിയ പേജില്‍ രവിശങ്കറിന്റെ പേരില്ല. അത് രവിശങ്കറിന്റെ കുഴുപ്പമല്ല, വിക്കിപീഡിയയുടെ കുഴപ്പമാണെന്നാണ് സൈബര്‍ ലോകത്തെ രവിശങ്കര്‍ ശിഷ്യന്മാര്‍ പറയുന്നത്. എന്തായാലും യുവാന്‍ മാനുവല്‍ സാന്റോസിനൊപ്പം സിവിലിയന്‍ പുരസ്കാരം പിടിച്ചു നില്‍ക്കുന്ന രവിശങ്കറിന്റെ ചിത്രം മതി അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാന്‍. ലോക മാധ്യമങ്ങള്‍ എത്ര അവഗണിച്ചാലും.

അരനൂറ്റാണ്ട് നീണ്ട ഒരു ആഭ്യന്തയുദ്ധം അവസാനിപ്പിച്ച സമാധാന കരാറില്‍ പോയ മാസം ഒപ്പുവെച്ചു. കൊളംബിയയിലെ മാര്‍ക്സിസ്റ്റ് ഗറില്ലകളായ എഫ്എആര്‍സിയും കൊളംബിയന്‍ ഭരണകൂടവുമാണ് സമാധാന കരാറിലേര്‍പ്പെട്ടത്. കൊളംബിയയുടെ വനമേഖലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനോട് പോരാടി വരികയായിരുന്നു എഫ്എആര്‍സി. സോവിയറ്റ് യൂനിയന്റെ പതനത്തോടെ ഇവര്‍ ദുര്‍ബലരായി. പിടിച്ചു നില്‍ക്കാന്‍ കൊളംബിയയിലെ മയക്കു മരുന്നു ശൃംഖലയുടെ ഭാഗമായി മാറി. രണ്ടര ലക്ഷത്തോളം പേരാണ് ഗറില്ലകള്‍ക്കെതിരായ കൊളംബിയന്‍ ഭരണകൂടത്തിന്റെ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടത്. അഭയാര്‍ത്ഥികളാവേണ്ടി വന്നത് ലക്ഷക്കണക്കിനാളുകളാണ്.

എന്തായാലും, പതിറ്റാണ്ടുകള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളിലൂടെ സമാധാന കരാര്‍ ഒപ്പിട്ടിരിക്കുന്നു. കൊളംബിയയില്‍ ഭൂപരിഷ്കരണം നടപ്പാക്കുക, ഗറില്ലകള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഗറില്ലകളും സായുധ പോരാട്ടം അവസാനിപ്പിക്കുക, മയക്കുമരുന്ന് കച്ചവടം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഭരണകൂടവും സമാധാന കരാറിലൂടെ മുന്നോട്ട് വെച്ചിരുന്നു. ക്യൂബയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവില്‍ സമാധാന കരാര്‍ രൂപം കൊണ്ടു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ അത് ഹിതപരിശോധനയിലൂടെ ജനസമക്ഷം സമര്‍പ്പിക്കുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിന് ജനങ്ങള്‍ സമാധാന കരാര്‍ തള്ളിക്കളഞ്ഞു. ഗറില്ലകള്‍ക്ക് മാപ്പ് നല്‍കി അവരെ സമൂഹത്തില്‍ മാന്യരാക്കുകയാണ് സാന്റോസ് ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം വിജയിച്ചു.

ഹിതപരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും സമാധാന കരാറുമായി മുന്നോട്ട് പോകുമെന്ന് സാന്‍ഡോസ് പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന് കൂടി സമ്മതമായ വ്യവസ്ഥകളിലേക്ക് കൂടുതല്‍ ചര്‍ച്ചകളിലൂടെ എത്തിച്ചേരാനാണ് സാന്റോസിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ക്ക് ഈ വര്‍ഷത്തെ സമാധാന നൊബേലിന് യുവാന്‍ മാനുവല്‍ സാന്‍ഡോസ് അര്‍ഹനായി. കടുത്ത രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കിടയിലും സമാധാനത്തിന് വേണ്ടി ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കാന്‍ കാരണം.

രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള, ഒരു തരത്തിലുള്ള ആശയവിനിമയവും സാധ്യമാവാത്ത രണ്ട് കൂട്ടരെ ഒരു മേശക്ക് ചുറ്റുമിരുത്തി ഈ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണ്? ഇന്ത്യന്‍ മാധ്യമങ്ങളോട് ചോദിച്ചാല്‍ അത് ഇന്ത്യന്‍ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കറാണെന്ന് പറയും. ശ്രീശ്രീ രവിശങ്കറും കൊളംബിയയും തമ്മിലെന്താണെന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് ഇന്ത്യയിലെ മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ സാംപിള്‍ ഇതാ. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സി പിടിഐ ബെര്‍ലിനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത ഇന്തയിലെ ഒട്ടു മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

http://timesofindia.indiatimes.com/india/Sri-Sri-Ravi-Shankar-helps-to-bring-peace-to-Colombia/articleshow/48022149.cms


ഇതൊരു പ്രസ്താവനയെ ആസ്പദമാക്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ്. ഗറില്ലകളുമായി സമാധാന കരാര്‍ ഒപ്പിടുന്നതിന്റെ ഭാഗമായി ഒരു വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഈ ധാരണയിലേക്ക് എത്തുന്നതിന്റെ ഭാഗമായി നടന്ന സമാധാന ചര്‍ച്ചകളില്‍ ശ്രീ ശ്രീ രവിശങ്കര്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് വാര്‍ത്ത. പ്രസ്താവന നടത്തിയത്, ആര്‍ട് ഓഫ് ലിവിങിന്റെ വക്താവ് ക്രിസ്റ്റോഫ് ഗ്ലേസര്‍.

പിന്നീട് ഇത് സംബന്ധിച്ച വാര്‍ത്ത വരുന്നത്, ജൂണ്‍ 26നാണ്. കൊളംബിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡന്‍ ഡീ ലാ ഡെമോക്രേഷ്യ സിമോണ്‍ ദ ബൊളീവര്‍ അവാര്‍ഡ് ശ്രീ ശ്രീക്ക് ലഭിച്ചുവെന്നാണ് വാര്‍ത്ത. പതിവ് പോലെ, ഇതും പിടിഐ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രവിശങ്കറോടൊപ്പം കൊളംബിയന്‍ സെനറ്റിന്റെ അധ്യക്ഷന്‍ ഫാബിയോ സാലിമിയും പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്‍ഡോസും നില്‍ക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചു. ലഭിച്ച ബഹുമതി പത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് രവിശങ്കര്‍ നില്‍ക്കുന്നത്. എന്നാല്‍, അതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തവുമല്ല. എന്തായാലും ആര്‍ട് ഓഫ് ലിവിങിനെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ ഈ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവഗണിച്ചു. കൊളംബിയന്‍ മാധ്യമങ്ങളുള്‍പ്പടെ.

http://articles.economictimes.indiatimes.com/2015-06-25/news/63830982_1_sri-sri-ravi-shankar-colombia-peace-work

പിന്നീട് കൊളംബിയയുമായി ബന്ധപ്പെട്ട് ശ്രീ ശ്രീ രവിശങ്കര്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്, കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ്. മാധ്യമം ദിനപ്പത്രം നല്‍കിയ ഈ റിപ്പോര്‍ട്ട് കാണുക. ഒപ്പം ദേശീയ ദിനപത്രമായ ഡിഎന്‍എ നല്‍കിയ ഈ റിപ്പോര്‍ട്ടും

http://www.madhyamam.com/national/2016/feb/03/175779

http://www.dnaindia.com/india/report-sri-sri-ravishankar-to-be-nominated-for-nobel-peace-prize-2173853

തോംപ്സണ്‍ റോയിട്ടേഴ്സ് നല്‍കിയ ഒരു പ്രവചന സ്വഭാവമുള്ള വാര്‍ത്തയില്‍, ഇക്കുറി നൊബേല്‍ സമാധാന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളത് എ‍ഡ്വേര്‍ഡ് സ്നോഡനും കൊളംബിയന്‍ സമാധാന ചര്‍ച്ചക്ക് മാധ്യസ്ഥ്യം വഹിച്ചവരുമാണെന്നായിരുന്നു. നാമനിര്‍ദേശ പ്രക്രിയ നടക്കുന്ന സമയത്തെ ആ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് ശ്രീശ്രീ നാമനിര്‍ദേശം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും അതിനെ ഉപലബ്ധിച്ച് ഡിഎന്‍എയും വാര്‍ത്ത നല്‍കിയത്. അന്പത് വര്‍ഷം കഴിയാതെ നൊബേല്‍ നാമനിര്‍ദേശത്തെ കുറിച്ചുള്ള വിവരങ്ങള്‍ സ്വീഡിഷ് അക്കാദമി പുറത്ത് വിടില്ലെന്നിരിക്കെ, ആരെങ്കിലും രവിശങ്കറെ നാമനിര്‍ദേശം ചെയ്തുവോ എന്നും വ്യക്തമല്ല. 2006ല്‍ അമേരിക്കന്‍ പ്രതിനിധിസഭാംഗമായ ജോസഫ് ക്രോളി താന്‍ രവിശങ്കറെ നൊബേലിന് നാമനിര്‍ദേശം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. അതും പിടിഐയെ ഉപലബ്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ.

http://timesofindia.indiatimes.com/world/us/Sri-Sri-nominated-for-Nobel-Peace-Prize/articleshow/1369606.cms

എന്നാല്‍, കഴിഞ്ഞ മെയ് മൂന്നാം തീയതി , താന്‍ നൊബേല്‍ പുരസ്കാരം ലഭിച്ചാല്‍ തിരസ്കരിക്കുമെന്ന രവിശങ്കറിന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ലാത്തൂരില്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് ഈ പ്രസ്താവന. . മലാല യൂസുഫ്സായിക്ക് ഈ അവാര്‍ഡ‍് നല്‍കിയതാണ് രവിശങ്കറെ പ്രകോപിപ്പിച്ചത്. തലക്ക് വെടിയേറ്റ ആ പെണ്‍കുട്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറുടെ വാദം.

http://www.ndtv.com/india-news/sri-sri-trends-for-alleged-comments-on-malala-and-peace-prize-1401757

എന്തായാലും രവിശങ്കര്‍ തിരസ്കരിക്കുമെന്ന് ഭയന്നായിരിക്കാം, നൊബേല്‍ അക്കാദമി സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിനാണ് നല്‍കിയത്. കൊളംബിയയില്‍ സമാധാനം കൊണ്ടു വരാന്‍ കിണഞ്ഞു പരിശ്രമിച്ച രവിശങ്കറിനെ സ്വീഡിഷ് അക്കാദമി നിഷ്കരുണം അവഗണിച്ചു.

രവിശങ്കര്‍ ദുഃഖിക്കണ്ട. കൊളംബിയയില്‍ സമാധാനം കൊണ്ടു വരാന്‍ പരിശ്രമിച്ച മുന്‍ യുഎന്‍ ജീവനക്കാരനായിരുന്ന ഹെന്റി അക്കോസ്റ്റയെയും ലോകം അവഗണിച്ചു. യുഎന്നിന് വേണ്ടി ജോലി ചെയ്യുന്പോള്‍ ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയ അക്കോസ്റ്റ ഗറില്ലകളുടെ സുഹൃത്തായി മാറി. അക്കോസ്റ്റയുടെ നയചാതുരിയിലും രാഷ്ട്രീയ നിലപാടുകളിലും ആകൃഷ്ടരായ ഗറില്ലകള്‍ സര്‍ക്കാരിന് വേണ്ടി അവരോട് സംസാരിക്കാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുനനു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ എത്ര വട്ടമാണ് അദ്ദേഹം കാടും മലകളും താണ്ടി ഗറില്ലകളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹത്തിന് തന്നെ തിട്ടമില്ല.

ലോക മാധ്യമങ്ങള്‍ അവഗണിച്ച കൊളംബിയന്‍ സിവിലിയന്‍ ബഹുമതിയും നൊബേല്‍ നാമനിര്‍ദേശവുമെല്ലാം വിലപ്പെട്ടത് തന്നെയാണ്. എന്നാല്‍, കൊളംബിയന്‍ പരമോന്നത സിവില്‍ ബഹുമതിയെക്കുറിച്ചുള്ള സ്പാനിഷിലുള്ള വിക്കിപീഡിയ പേജില്‍ രവിശങ്കറിന്റെ പേരില്ല. അത് രവിശങ്കറിന്റെ കുഴുപ്പമല്ല, വിക്കിപീഡിയയുടെ കുഴപ്പമാണെന്നാണ് സൈബര്‍ ലോകത്തെ രവിശങ്കര്‍ ശിഷ്യന്മാര്‍ പറയുന്നത്. എന്തായാലും യുവാന്‍ മാനുവല്‍ സാന്റോസിനൊപ്പം സിവിലിയന്‍ പുരസ്കാരം പിടിച്ചു നില്‍ക്കുന്ന രവിശങ്കറിന്റെ ചിത്രം മതി അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാന്‍. ലോക മാധ്യമങ്ങള്‍ എത്ര അവഗണിച്ചാലും. സമാധാന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ രവിശങ്കര്‍ പങ്കെടുത്തുവോ എന്ന് പോലും അറിയാന്‍ നാം ഇന്ത്യക്കാര്‍ക്കായില്ല. ലോക മാധ്യമങ്ങളുടെ ഈ അവഗണന മൂലം.

TAGS :

Next Story