Quantcast

ട്രംപ് പടുത്ത മതില്‍ കെട്ടുകള്‍

MediaOne Logo

Damodaran

  • Published:

    9 Nov 2016 1:23 PM GMT

ട്രംപ് പടുത്ത മതില്‍ കെട്ടുകള്‍
X

ട്രംപ് പടുത്ത മതില്‍ കെട്ടുകള്‍

തങ്ങളുടെ പിതാക്കൻമാര്‍ റേപ്പിസ്റ്റുകളാണ് എന്ന് ട്രംപ് പറയുമ്പോള്‍ പിടഞ്ഞ കുഞ്ഞുമനസ്സുമായി  ഹിസ്പാനിക്കുകള്‍ നിശബ്ദരാവുകയാണ്. അരികിലേക്ക് വീണ്ടും അരികിലേക്ക് മാറി ഭയപ്പാടോടെ നില്‍ക്കുകയാണ്. മറുവശത്ത് വെളുത്ത കുട്ടിയുടെ ഭാഷയ്ക്ക് ട്രoപിന്റെ  പാരുഷ്യവും അരഗൻസും കൈവരുകയാണ്......

വൈറ്റ്ഹൗസിലേക്ക് ട്രമ്പ് നടന്നു കയറിയ പടികളില്‍ ആരും കാണാതെ പോയ ചില പൂക്കളുണ്ട്. തങ്ങളുടെ കുടുംബങ്ങളുടെ ഇടയിലും കളിക്കൂട്ടിനിടയിലും മതിലുകള്‍ വളരുന്നതും ഭയന്നിരിക്കുന്ന കുറേ വിദ്യാര്‍ത്ഥികള്‍. ഈ തിരഞ്ഞെടുപ്പ് ഈ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണ് ? കാമ്പയിൻ അവശേഷിപ്പിക്കുന്ന ചിന്തകള്‍ എന്താണ്? നിങ്ങളുടെ സ്കൂളിലെ കുട്ടികളെ ഈ തിരഞ്ഞെടുപ്പ് കാമ്പയിൻ എങ്ങനെ ബാധിച്ചു? തിരഞ്ഞെടുപ്പ് കളെക്കുറിച്ച് പഠിപ്പിക്കാൻ ഇത്തവണ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നോ ? തുടങ്ങിയുള്ള നാലു ചോദ്യങ്ങളുടെ ഒരു ഓപ്പൺ എൻഡഡ് ചോദ്യാവലിയാണ് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേൺ പൊവര്‍ട്ടി ലാ സെന്റര്‍ എന്ന സംഘടന ഓൺലൈനായി വിവിധ സ്കൂളുകള്‍ക്കയച്ച് നല്‍കിയത്. പൗരാവകാശങ്ങളുടെ കാവല്‍ക്കാരായി 1960കളിലാണ് SPLC രൂപം കൊള്ളുന്നത്. സാമൂഹിക വിവേചനത്തിനെതിരെ നിയമ പരിരക്ഷ നല്‍കുന്ന അമേരിക്കയിലെ പ്രമു എൻ.ജി.ഓ ആണ് ഇവര്‍. മൂന്നാം സംവാദത്തിനു ശേഷമായിരുന്നു സര്‍വ്വേ. രണ്ടായിരത്തോളം അധ്യാപകര്‍ക്ക് അയച്ചു നല്‍കിയ ചോദ്യാവലിക്ക് ലഭിച്ച പ്രസക്തമായ അയ്യായിരത്തോളം അഭിപ്രായങ്ങള്‍ പഠിച്ച സെൻററിന്റെ നിരീക്ഷണങ്ങള്‍ വളരെ ആശങ്കയുണര്‍ത്തുന്നവയാണ്.

അറുപത്തേഴ് ശതമാനത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍, പലരും ഹിസ്പാനിക്, മുസ്ലിം, ആഫ്രോ അമേരിക്കൻ വംശജര്‍, തിരഞ്ഞെടുപ്പിനു ശേഷം രാജ്യം വിട്ടും കൂട്ടുകാരെ വിട്ടും ഓടിപ്പോകേണ്ടി വരുമെന്നും ഭയക്കുന്നു എന്നാണ് കണ്ടെത്തല്‍.' മതില്‍ എന്നാ പണിയുന്നെ ?' എന്ന ചോദ്യവുമായി തങ്ങളെ കിന്റര്‍ ഗാര്‍ട്ടൺ കുഞ്ഞുങ്ങള്‍ വലച്ചുവെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. അരക്ഷിതാവസ്ഥയുടെ ഭീതി നിറഞ്ഞ കുഞ്ഞിക്കണ്ണുകളുമായി കറുത്തവരും മുസ്ലീം കുട്ടികളും തങ്ങളുടെ അടുത്ത് വന്നിരിക്കാറുണ്ടന്നും ചിലര്‍ വെളിപ്പെടുത്തുന്നു. നിയമ വിധേയമല്ലാതെ കുടിയേറിയെത്തിയ കുട്ടികളുടെ ആശങ്കകള്‍ പലപ്പോഴും പേടി സ്വപ്നങ്ങളായി തീരുന്നു എന്നാണ് അവരുടെ അധ്യാപകരുടെ പ്രതികരണം. രക്ഷിതാക്കളെ പോലീസ് പിടിച്ചു കൊണ്ടു പോകുന്നു എന്നും കുടിയൊഴിപ്പിക്കപ്പെടുന്നു എന്നുമൊക്കെ ഭൂരിപക്ഷം ഹിസ്പാനിക് കുഞ്ഞുങ്ങളും ഭയക്കുന്നു. ആക്രമണം ഭയന്നുള്ള മാനസികാവസ്ഥ ഈ കുഞ്ഞുങ്ങളുടെ മനസ്സുകളെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്നു എന്നാണ് ഒരു കണ്ടെത്തല്‍. കൂട്ടുകാര്‍ തങ്ങളെ ആഫ്രിക്കയിലേക്കു കടത്തും എന്ന് ഭീഷണി പ്പെടുത്തുന്നു എന്ന പരാതികള്‍ ലഭിച്ചവരും നിരവധി. ട്രoബിന്റെ വിദ്വേഷ പ്രസംഗത്തിനു ശേഷം ഹിസ്പാനിക് വിദ്യാര്‍ത്ഥികളോട് അധിക്ഷേപിച്ച് സംസാരിക്കുന്ന വെളുത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് യി ചില അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന്റെ മോക് ക്ലാസ്സുകളില്‍ ട്രമ്പിനെ അനുകരിച്ച് ആക്രമണോത്സുകമായ സംഭാഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഏറെയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. സൂപ്പര്‍ ടൂസ് ഡേ യില്‍ ട്രoബിന്റെ ടീ ഷര്‍ട്ട് ധരിച്ച് വന്ന കുട്ടികള്‍ ഇതര ലിംഗ വിദ്യാര്‍ത്ഥികളോട് മോശമായും പരുഷമായും സംസാരിച്ചതായും കാണുന്നുണ്ട്. നിലവാരം നഷ്ടപ്പെട്ട കാമ്പയിനുകള്‍ ക്ലാസ്സുകളില്‍ അവതരിപ്പിക്കാൻ ബുദ്ധിമുട്ടിയെന്നും ചില അധ്യാപകര്‍ പറയുന്നു.

വൈറ്റ് ഹൗസിലേക്ക് ട്രംപ് നടന്നു വന്ന വഴികളില്‍ ബാക്കിയായ മാനസിക വ്യാപാരങ്ങളില്‍ ഒരു പക്ഷേ ഏറ്റവും ഗൗരവമേറിയത് അവ എത്രമാത്രം കുഞ്ഞുമനസ്സുകളെ ദുഷിപ്പിച്ചിരിക്കുന്നു എന്നാണ്. തങ്ങളുടെ പിതാക്കൻമാര്‍ റേപ്പിസ്റ്റുകളാണ് എന്ന് ട്രംപ് പറയുമ്പോള്‍ പിടഞ്ഞ കുഞ്ഞുമനസ്സുമായി ഹിസ്പാനിക്കുകള്‍ നിശബ്ദരാവുകയാണ്. അരികിലേക്ക് വീണ്ടും അരികിലേക്ക് മാറി ഭയപ്പാടോടെ നില്‍ക്കുകയാണ്. മറുവശത്ത് വെളുത്ത കുട്ടിയുടെ ഭാഷയ്ക്ക് ട്രoപിന്റെ പാരുഷ്യവും അരഗൻസും കൈവരുകയാണ്. എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റ് എന്ന ഉറപ്പ് ഡൊണാള്‍ഡ് ട്രംപ് നല്‍കുമ്പോഴും മതിലുകള്‍ പണിഞ്ഞോ എന്ന് തിരയുകയാണ് കുഞ്ഞുങ്ങള്‍. വലിയവരുടെ രാഷ്ട്രീയ നാടകങ്ങളില്‍ ഒരു രംഗം പോലും ഇവര്‍ക്ക് , ഈ കുഞ്ഞുങ്ങള്‍ക്കായി ആരും സംവിധാനം ചെയ്യാത്തത് എന്തുകൊണ്ടാണ് ?

TAGS :

Next Story