Quantcast

'ലെസ്റ്ററിലെ കലാപത്തിനു പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകര്‍'; യു.കെ സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് 'ഡെയ്‍ലി മെയില്‍' റിപ്പോർട്ട്

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു പിന്നാലെയാണ് ലെസ്റ്ററിൽ സംഘർഷത്തിനു തുടക്കമായത്

MediaOne Logo

Web Desk

  • Updated:

    2023-05-20 09:29:25.0

Published:

20 May 2023 2:50 PM IST

2022Leicestercommunalviolence, Leicestercommunalviolence, BJP, DailyMail, UKsecurity
X

ലണ്ടൻ: കഴിഞ്ഞ വർഷം ബ്രിട്ടീഷ് നഗരമായ ലെസ്റ്ററിൽ നടന്ന സാമുദായിക ലഹളയ്ക്കു പിന്നിൽ ബി.ജെ.പി പ്രവർത്തകരെന്ന് കണ്ടെത്തൽ. കലാപം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണെന്ന് യു.കെ സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തു.

ബി.ജെ.പി പ്രവർത്തകരുടെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ലെസ്റ്ററിൽ കലാപം നടത്താനുള്ള ഗൂഢാലോചന നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് യു.കെ സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രവർത്തകരെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഈ ഗ്രൂപ്പുകളിൽ പ്രചരിച്ചു.

സ്വകാര്യ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉപയോഗിച്ച് ഇന്ത്യൻ ഹിന്ദു ദേശീയവാദികൾ ബ്രിട്ടന്റെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്നതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണിതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ കൗൺസിലർമാരെ തെരഞ്ഞെടുക്കാൻ വരെ നടത്തുന്ന പ്രവർത്തനമാണിതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ ഇതൊരു പ്രാദേശിക രാഷ്ട്രീയമാണ്. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ പടരുന്നതിനുമുൻപ് ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ബി.ജെ.പി സർക്കാരും ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കാൻ പോന്നതാകും റിപ്പോർട്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു പിന്നാലെയാണ് ലെസ്റ്ററിൽ സംഘർഷത്തിനു തുടക്കമായത്. ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനുശേഷം ഒരു സംഘം നഗരത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതു പ്രദേശത്ത് വൻസംഘർഷത്തിനിടയാക്കി. ഇതിനിടെയാണ് നമസ്‌കാരത്തിനിടയിലേക്ക് 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി ഒരു വിഭാഗം പ്രകടനവുമായെത്തിയത്. ഇതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു.

ഈ സമയത്ത് ലണ്ടനിലെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ലെസ്റ്ററിലെ ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കലാപത്തിനു പ്രേരണനൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 28ന് ആരംഭിച്ച അക്രമസംഭവങ്ങൾ സാമുദായിക സംഘർഷമായി പടർന്നു. ജയ് ശ്രീറാം വിളിച്ച് ഹിന്ദുത്വ സംഘം മുസ്‌ലിം വീടുകൾ ആക്രമിച്ചു. തിരിച്ചും ഹിന്ദു വീടുകൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണമുണ്ടായി. സെപ്റ്റംബർ 22 വരെ ലെസ്റ്ററിൽ അക്രമങ്ങളും സംഘർഷാവസ്ഥയും തുടർന്നെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ടിൽ പറയുന്നു.

ലോക ഹിന്ദു നേതാവാകാനുള്ള മോദിയുടെ നീക്കത്തിന്റെ ഭാഗമാണ് അക്രമങ്ങളെന്നും ബ്രിട്ടീഷ് സുരക്ഷാ വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്. ലെസ്റ്ററിൽ ഹിന്ദുക്കളെ മുസ്‌ലിംകൾ ആക്രമിക്കുന്നതായി സംഭവത്തെ ഇന്ത്യൻ മാധ്യമങ്ങൾ വളച്ചൊടിച്ചതായി കലാപത്തെക്കുറിച്ച് അന്വേഷിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് വിലയിരുത്തി. ഇന്ത്യയ്ക്കു പുറത്തുനിന്ന് പ്രവർത്തിച്ച ട്വിറ്റർ ബോട്ടുകൾ HindusUnderAttackInUK, HindusUnderAttack തുടങ്ങിയ ടാഗുകളിൽ വ്യാപകമായ ട്വീറ്റുകളും റീട്വീറ്റുകളും ചെയ്തതായി യു.എസ് ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് കണ്ടെയ്ജൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി.

അടുത്തിടെ ഇന്ത്യയിൽനിന്ന് ലെസ്റ്ററിലെത്തിയ ഒരു വിഭാഗം ഹിന്ദു യുവാക്കളും പ്രദേശത്ത് നേരത്തെ തന്നെ താമസമാക്കിയ മുസ്‌ലിം കുടിയേറ്റക്കാരും തമ്മിലുള്ള സംഘർഷമാണ് പുതിയ സംഭവങ്ങളുടെ തുടക്കമെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച ഹെന്റി ജാക്‌സൻ സൊസൈറ്റിയിലെ ഷാർലെ ലിറ്റിൽവുഡ് പറഞ്ഞു. പാക് വംശജരായ ബ്രിട്ടീഷ് മുസ്‍ലിം സംഘങ്ങളും അക്രമത്തിന്റെ ഭാഗമായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ലെസ്റ്റർ കലാപത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇതുവരെ തയാറായിട്ടില്ല.

Summary: Communal violence in Leicester in August 2022 was stoked by Narendra Modi’s Hindu nationalist party': Daily Mail report quoting UK security

TAGS :

Next Story