Quantcast

'9/11 ഭീകരാക്രമണം നടത്തിയ പൈലറ്റുമാർ സി.ഐ.എ ഏജന്റുമാർ'; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രഹസ്യരേഖ പുറത്ത്

പൈലറ്റുമാരായ നവാഫിനെയും ഖാലിദിനെയും റിക്രൂട്ട് ചെയ്തതു മുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചതടക്കമുള്ള വിവരങ്ങൾ രേഖയിലുണ്ട്. ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന അൽഖാഇദ സെല്ലിന്റെ മേൽനോട്ടം വഹിക്കാൻ സി.ഐ.എ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-21 10:45:41.0

Published:

21 April 2023 10:30 AM GMT

9/11 ഭീകരാക്രമണം നടത്തിയ പൈലറ്റുമാർ സി.ഐ.എ ഏജന്റുമാർ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രഹസ്യരേഖ പുറത്ത്
X

വാഷിങ്ടൺ: സെപ്റ്റംബർ 11 ഭീകരാക്രമണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രഹസ്യരേഖകൾ പുറത്ത്. ഇരട്ട ടവറുകൾ ആക്രമിച്ച പൈലറ്റുമാർ യു.എസ് രഹസ്യാന്വേഷണ സംഘമായ സി.ഐ.എ ഏജന്റുകളാണെന്നാണ് വെളിപ്പെടുത്തൽ. സെപ്റ്റംബർ 11 ആക്രണത്തിലെ പ്രതികളുടെ കേസ് കൈകാര്യം ചെയ്യുന്ന ഗ്വാണ്ടനാമോ മിലിറ്ററി കമ്മിഷനിൽനിന്നുള്ള രഹസ്യവിവരങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 'റഷ്യ ടുഡേ'യാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഗ്വാണ്ടനാമോ കമ്മിഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡോൺ കാനെസ്ട്രാറോയുടെ വിവരണങ്ങളാണ് റിപ്പോർട്ടിലുള്ളത്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത് ഗ്വാണ്ടനാമോ ബേ കോടതിയിലെ കേസുകെട്ടുകൾക്കിടയിൽനിന്നാണ് ചോർന്നത്. രേഖകൾ പൊതുസമൂഹത്തിലെത്തിയതോടെ പൂർണമായും തിരുത്തൽ വരുത്തിയെന്ന് 'റഷ്യ ടുഡേ' റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്ര ഗവേഷകർക്ക് റിപ്പോർട്ടിന്റെ സെൻസർ ചെയ്യാത്ത രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറിലേക്ക് വിമാനം കുത്തിക്കയറ്റിയ പൈലറ്റുമാരായ നവാഫ് അൽഹസ്മി, ഖാലിദ് അൽമിഹ്ദാർ എന്നിവരെക്കുറിച്ചാണ് പുതിയ വെളിപ്പെടുത്തലുള്ളത്. രണ്ടുപേരും ഭീകരാക്രമണത്തിനും ഏറെമുൻപേ സി.ഐ.എയുടെ നിരീക്ഷണത്തിലുണ്ടായിരുന്നവരാണെന്ന് രേഖയിൽ കാനെസ്ട്രാറോ വെളിപ്പെടുത്തുന്നുണ്ട്. ആക്രമണം നടത്താനായി സി.ഐ.എ ഇവരെ നിയോഗിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 2022 മാർച്ചിൽ വൈറ്റ് ഹൗസ് ആവശ്യപ്രകാരം യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുമായി ബന്ധപ്പെട്ട നിരവധി രഹസ്യരേഖകൾ പരസ്യമാക്കിയിരുന്നു. എന്നാൽ, ലോകരാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കാനിടയുള്ള സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പരസ്യമാക്കാൻ എഫ്.ബി.ഐ തയാറായിട്ടില്ല.

ഭീകരാക്രമണത്തിനുമുൻപ് നവാഫും ഖാലിദും എവിടെയായിരുന്നു?

2001 സെപ്റ്റംബർ 11നുമുൻപ് നവാഫ് അൽഹസ്മിയും ഖാലിദ് അൽമിഹ്ദാറും എവിടെയായിരുന്നുവെന്ന ചോദ്യത്തിൽനിന്നു തന്നെയാണ് ദുരൂഹതകൾക്കു തുടക്കം. ആക്രമണത്തിനുമുൻപുള്ള 18 മാസം ഇവരുടെ വിവരങ്ങളും പ്രവർത്തനങ്ങളുമൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.

ആക്രമണത്തിനു വളരെ മുൻപുതന്നെ സി.ഐ.എയും ദേശീയ സുരക്ഷാ ഏജൻസിയും അൽഖാഇദ ഭീകരവാദികളാണെന്ന് തിരിച്ചറിഞ്ഞ നവാഫും ഖാലിദും 2000 ജനുവരിയിൽ അമേരിക്കയിലെത്തിയിട്ടുണ്ട്. അതും മൾട്ടിപിൾ എൻട്രി വിസ മാർഗം. ഏതാനും ദിവസങ്ങൾക്കുമൻപ് ക്വാലാലംപൂരിൽ നടന്ന അൽഖാഇദ യോഗത്തിൽ പങ്കെടുത്താണ് ഇവർ യു.എസിലെത്തുന്നത്. ഈ യോഗത്തിലാണ് ആക്രമണവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുത്തതെന്നാണ് പുറത്തുവന്ന രേഖയിൽ പറയുന്നു.

അൽഖാഇദ യോഗം രഹസ്യമായി പകർത്താനും റെക്കോർഡ് ചെയ്യാനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഉസാമ ബിൻലാദന്റെ പ്രവർത്തനങ്ങളും നീക്കങ്ങളും നിരീക്ഷിക്കാനായി രൂപീകരിച്ച പ്രത്യേക സി.ഐ.എ വിഭാഗമായ അലെക് സ്റ്റേഷൻ മലേഷ്യൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ സ്വന്തമാക്കാനായില്ലെങ്കിലും യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള, പ്രത്യേകിച്ചും നവാഫിനെയും ഖാലിദിനെയും കുറിച്ചുള്ള വിവരങ്ങൾ സി.ഐ.എയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി ഇരുവരും യു.എസിൽ കടക്കുന്നത് തടയാനാകുമായിരുന്നു. ചുരുങ്ങിയത് യു.എസിലെ ഇവരുടെ സഞ്ചാരത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും എഫ്.ബി.ഐയ്ക്കു വിവരങ്ങൾ ലഭിച്ചിരിക്കും.

എന്നാൽ, ആറുമാസത്തോളം നവാഫും ഖാലിദും ലോസ് ആഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത് മേലുദ്യോഗസ്ഥരെ അറിയിക്കരുതെന്ന് അലെക് സ്‌റ്റേഷനിലെ എഫ്.ബി.ഐ പ്രതിനിധികളോട് സി.ഐ.എ ആവശ്യപ്പെട്ടിരുന്നുവെന്ന് രേഖകളിൽ പറയുന്നു. ഇതിനിടയിൽ അലെക് സ്റ്റേഷനിൽ ജീവനക്കാരനായിരുന്ന മാർക് റോസിനി എന്നയാൾ രണ്ടുപേരുടെയും വരവിനെക്കുറിച്ചും മൾട്ടിപിൾ എൻട്രി വിസയെക്കുറിച്ചുമെല്ലാം എഫ്.ബി.ഐയ്ക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് എഫ്.ബി.ഐയുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്നു പറഞ്ഞ് സി.ഐ.എ തടയുകയായിരുന്നു.

അൽഖാഇദയും സി.ഐ.എയും തമ്മിലെന്ത്?

കാലിഫോർണിയയിൽ ജീവിച്ചിരുന്ന സൗദി പൗരനായ ഒമർ അൽബായോമിയാണ് നവാഫിനും ഖാലിദിനും സാൻഡിയാഗോയിൽ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്നത്. ഇയാൾക്ക് ഭീകരാക്രമണം നടക്കുന്നതിനു മുൻപുതന്നെ സംഭവത്തെക്കുറിച്ച് അറിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എഫ്.ബി.ഐ കരുതുന്നത്.

ബായോമി നവാഫും ഖാലിദുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചും ഇവരിൽ സി.ഐ.എയ്ക്കുള്ള പ്രത്യേക താൽപര്യത്തെക്കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്ന രഹസ്യരേഖയിലുണ്ട്. അവർ യു.എസിൽ എന്തു ചെയ്യുകയായിരുന്നുവെന്നും ഇതിൽ വിവരിക്കുന്നുണ്ട്. 2001 ആഗസ്റ്റ് വരെ രണ്ടുപേരെക്കുറിച്ചും എഫ്.ബി.ഐയ്ക്കു വിവരം നൽകിയില്ലെന്നും പറയുന്നു.

ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിച്ച നാല് സി.ഐ.എ ഏജന്റുമാരുമായി കാനെസ്ട്രാറോ അന്വേഷണത്തിന്റെ ഭാഗമായി സംസാരിക്കുന്നുണ്ട്. നവാഫിനെയും ഖാലിദിനെയും സി.ഐ.എ റിക്രൂട്ട് ചെയ്തതാണെന്ന് കൂട്ടത്തിൽ ഒരാൾ അദ്ദേഹത്തോട് വെളിപ്പെടുത്തിയിരുന്നു. ഇവർക്ക് സാൻഡിയാഗോയിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ# ബായോമിയെ സി.ഐ.എ സഹായിച്ചതായും വെളിപ്പെടുത്തലുണ്ട്.

ബായോമിയുമായുള്ള സി.ഐ.എ ബന്ധത്തെക്കുറിച്ചും നവാഫ്, ഖാലിദ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചും അന്വേഷണം നടത്താനുള്ള നീക്കം ഒരു മുതിർന്ന എഫ്.ബി.ഐ ഉദ്യോഗസ്ഥൻ പൊളിച്ചതായി മറ്റൊരു ജീവനക്കാരൻ കാനെസ്ട്രാറോയോട് തുറന്നുപറഞ്ഞു. ഭീകരാക്രമണത്തിലുള്ള സംയുക്ത സെനറ്റ്-കോൺഗ്രസ് സമിതിക്കുമുൻപാകെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തരുതെന്നും അലെക് സ്റ്റേഷനിലെ ജീവനക്കാർക്ക് സി.ഐ.എയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

ഇതിനെല്ലാം പുറമെ അൽഖാഇദ പ്രവർത്തനങ്ങളിലും സി.ഐ.എ ഇടപെട്ടതായി മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും രേഖയിലുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനായി പ്രവർത്തിക്കുന്ന അൽഖാഇദ സെല്ലിനെ സ്വാധീനിക്കാൻ ഏജൻസി നീക്കം നടത്തിയിരുന്നു. അതിലേറെ സെല്ലിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ച് മറ്റിടങ്ങളിലേക്ക് ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.

Summary: Declassified documents from the Guantanamo Military Commission, which is handling the cases of accused of carrying out the 9/11 attacks on the World Trade Centre in New York in 2001, have revealed that the attackers were CIA agents

TAGS :

Next Story