മ്യൂസിയത്തിലെത്തിയ കുട്ടികള്‍ക്ക് ക്രയോണ്‍ സമ്മാനമായി നല്‍കി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ വരച്ചുനശിപ്പിച്ചു
230 വർഷം പഴക്കമുള്ള പ്രതിമയാണ് കുട്ടികള്‍ കളര്‍ പെന്‍സില്‍ കൊണ്ട് കുത്തിവരച്ചത്

കുട്ടികള്‍ ക്രയോണ്‍സ് കൊണ്ട് കുത്തിവരച്ച പ്രതിമ
ലണ്ടന്‍: യുകെ വോർസെസ്റ്റർഷെയറിലെ ചരിത്രപ്രസിദ്ധമായ ക്രോം കോർട്ട് സന്ദര്‍ശിച്ച കുട്ടികള്‍ക്ക് ക്രയോണ്‍ സമ്മാനമായി നല്‍കിയത് മൂലം പുലിവാല് പിടിച്ച് അധികൃതര്‍. കിട്ടിയ സമ്മാനം കൊണ്ട് മ്യൂസിയത്തിലെ കല്ലില്‍ കൊത്തിയെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമ വരച്ചുനശിപ്പിച്ചിരിക്കുകയാണ് കുട്ടികള്‍.
230 വർഷം പഴക്കമുള്ള പ്രതിമയാണ് കുട്ടികള്‍ കളര്‍ പെന്‍സില്‍ കൊണ്ട് കുത്തിവരച്ചത്. ഈ മാസം ആദ്യം ഈസ്റ്റർ വാരാന്ത്യത്തിൽ മ്യൂസിയം സന്ദർശിച്ച കുടുംബങ്ങൾക്കും കുട്ടികൾക്കും നല്‍കിയ ആക്ടിവിറ്റി പായ്ക്കുകളിൽ ക്രയോണുകളും ഉണ്ടായിരുന്നു. ഇതാണ് പുലിവാലായത്. എന്നാല്‍ അധികൃതര്‍ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. പ്രതിമയുടെ മുഖത്തും ശരീരത്തിലും കൈകാലുകളിലും ക്രയോണ്‍സ് കുത്തിവരയ്ക്കുകയാണ് ചെയ്തത്. പ്രതിമ കൂടാതെ, പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ആർട്ടിസ്റ്റ് ലാൻസലോട്ട് ബ്രൗണിന്റെ സ്മാരകവും നീല ക്രയോൺ കൊണ്ട് കുത്തിവരച്ചിരിക്കുകയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ നാഷണൽ ട്രസ്റ്റിനാണ് ക്രോം കോർട്ട് എസ്റ്റേറ്റ് പരിപാലിക്കുന്നതിനുള്ള ചുമതല.
"ഞങ്ങളുടെ സംരക്ഷണത്തിലുള്ള സ്ഥലങ്ങൾ ആസ്വദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സംഭവങ്ങൾ വളരെ അപൂർവമാണ്."എൻജിഒയുടെ വക്താവ് ബിബിസിയോട് പറഞ്ഞു.പ്രതിമ പിന്നീട് മ്യൂസിയം അധികൃതര്‍ പുനഃസ്ഥാപിച്ചു. 1802ലാണ് ജോൺ ബേക്കൺ നിര്‍മിച്ച പ്രതിമ സ്ഥാപിക്കുന്നത്. 1996 മുതല്‍ ശില്‍പവും അതിനു ചുറ്റുപാടുമുള്ള സ്ഥലവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
Adjust Story Font
16

