Quantcast

കഥകളുടെ മാന്ത്രികൻ വിടവാങ്ങി; പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

എഴുത്തിനൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു ജെഫ്രി ആർച്ചർ

MediaOne Logo

റുക്സാന വി.കെ

  • Updated:

    2026-10-06 02:51:53

Published:

6 Oct 2026 7:47 AM IST

കഥകളുടെ മാന്ത്രികൻ വിടവാങ്ങി; പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു
X

ലണ്ടൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ രാഷ്ട്രീയപ്രവർത്തകനുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽ വെച്ച് എഴുത്തിനിടയിലായിരുന്നു അപ്രതീക്ഷിത അന്ത്യമെന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് ഔദ്യോഗികമായി അറിയിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളായി മാറിയ ജെഫ്രി ആർച്ചറുടെ പുസ്തകങ്ങൾ 119-ലധികം രാജ്യങ്ങളിലായി 30 കോടിയിലധികം (300 million+) കോപ്പികളാണ് വിറ്റഴിഞ്ഞത്. ‘കെയിൻ ആൻഡ് ആബേൽ’ (Kane and Abel), ‘ദ ക്ലിഫ്റ്റൺ ക്രോണിക്കിൾസ്’ (The Clifton Chronicles), ‘നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ (Not a Penny More, Not a Penny Less) തുടങ്ങിയ ക്ലാസിക് രചനകളിലൂടെയാണ് അദ്ദേഹം ആഗോള പ്രശസ്തി നേടിയത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘ആദം ആൻഡ് ഈവ്’ (Adam and Eve) ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം സംഭവിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും അദ്ദേഹം വായനക്കാരുമായുള്ള പരിപാടികളിൽ സജീവമായിരുന്നു. ഞായറാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം ആരാധകർക്കായി പുസ്തകങ്ങളിൽ ഒപ്പുവെച്ചു നൽകിയിരുന്നു. ശനിയാഴ്ച ചെൽട്ടൻഹാം ഫെസ്റ്റിവലിൽ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനും നിശ്ചയിച്ചിരുന്നതാണ്.

എഴുത്തിനൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു ജെഫ്രി ആർച്ചർ. 1969-ൽ ലിങ്കൺഷെയറിലെ ലൗത്ത് (Louth) മണ്ഡലത്തിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മാർഗരറ്റ് താച്ചറുടെ കാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചു. 1992-ൽ ഹൗസ് ഓഫ് ലോർഡ്സിൽ ലൈഫ് പിയറായി അംഗത്വം നേടി.

എന്നാൽ 2001-ൽ ഉണ്ടായ കോടതിവിധി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് കനത്ത തിരിച്ചടിയായി. 1987-ൽ 'ഡെയ്‌ലി സ്റ്റാർ' പത്രത്തിനെതിരായ മാനനഷ്ടക്കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജസാക്ഷി പറഞ്ഞതിനും (Perjury) നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. തുടർന്ന് രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഈ ജയിൽ അനുഭവങ്ങൾ മുൻനിർത്തി അദ്ദേഹം രചിച്ച ‘പ്രിസൺ ഡയറീസ്’ ഏറെ ശ്രദ്ധ നേടിയിരുന്നു.

സാഹിത്യലോകത്ത് സമാനതകളില്ലാത്ത ഒരു അധ്യായത്തിനാണ് ജെഫ്രി ആർച്ചറുടെ നിര്യാണത്തോടെ തിരശ്ശീല വീണത്. ഭാര്യ ഡെയിം മേരി ആർച്ചറും രണ്ട് ആൺമക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. എഴുത്തുകാരന്റെ വിയോഗത്തിൽ അന്താരാഷ്ട്ര സാഹിത്യ-രാഷ്ട്രീയ ലോകം അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story