Quantcast

'ഖജനാവ് കാലിയാക്കി നാടുവിട്ടു'; അഷ്‌റഫ് ഗനിക്കെതിരെ അഫ്ഗാന്‍ എംബസി

നാല് കാറുകളും ഒരു ഹെലികോപ്ടറും നിറയെ പണവുമായാണ് അഷ്‌റഫ് ഗനി നാടുവിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    18 Aug 2021 4:25 PM GMT

ഖജനാവ് കാലിയാക്കി നാടുവിട്ടു; അഷ്‌റഫ് ഗനിക്കെതിരെ അഫ്ഗാന്‍ എംബസി
X

അധികാരത്തില്‍ നിന്നും പുറത്തായി രാജ്യം വിട്ടുപോയ മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യണമെന്ന് താജിക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസി. രാജ്യത്തെ ഖജനാവില്‍ നിന്നും സമ്പത്ത് അപഹരിച്ചു കൊണ്ടു പോയെന്നാണ് മുന്‍ പ്രസിഡന്റിനെതിരെയുള്ള പരാതി.

താലിബാന്‍ ഭരണംപിടിച്ചതോടെയാണ് അഷ്‌റഫ് ഗനിയും അടുത്ത ഉദ്യോഗസ്ഥരും അഫ്ഗാന്‍ വിട്ടുപോയത്. രാജ്യം വിട്ട ഉടനെ ഗനി രാഷ്ട്രീയ അഭയം തേടി ചെന്ന രാജ്യമായിരുന്നു താജിക്കിസ്ഥാന്‍. എന്നാല്‍ ഗനിയുടെ ആവശ്യം താജിക്കിസ്ഥാന്‍ തള്ളുകയായിരുന്നു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അഷ്‌റഫ് ഗനി മോഷ്ടിച്ച സമ്പത്ത് രാജ്യാന്തര ട്രിബ്യൂണലിനെ ഏല്‍പ്പിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. അഷ്‌റഫ് ഗനിക്ക് പുറമെ മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹംദുള്ള മുഹിബ്, പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് ഫസെല്‍ മഹ്‌മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്ന് താജിക് എംബസി ആവശ്യപ്പെട്ടു. എംബസിയില്‍ നിന്നും ഗനിയുടെ ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുത്തു മാറ്റിയതായും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അഷ്‌റഫ് ഗനിക്ക് പകരം ഉപരാഷ്ട്രപതി അംറുള്ള സലേഹ് കാവല്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ സലേഹിന്റെ ചിത്രങ്ങളാണ് താജിക് എംബസിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഗനിയെ അറസ്റ്റു ചെയ്യാനുള്ള താജിക് എംബസിയുടെ ആവശ്യത്തോട് ഇന്റര്‍പോള്‍ പ്രതികരിച്ചിട്ടില്ല. താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത രാജ്യമാണ് താജിക്കിസ്ഥാന്‍.

നാല് കാറുകളും ഒരു ഹെലികോപ്ടറും നിറയെ പണവുമായാണ് അഷ്‌റഫ് ഗനി നാടുവിട്ടതെന്ന് നേരത്തെ, കാബൂളിലെ റഷ്യന്‍ എംബസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊണ്ടുപോകാന്‍ സാധിക്കാതിരുന്ന ബാക്കി പണം ഉപേക്ഷിക്കുകയായിരുന്നു സംഘം ചെയ്തതെന്നും റഷ്യന്‍ എംബസി പറഞ്ഞു.

TAGS :

Next Story