Quantcast

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കോവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യുഎസ്

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബർ നാലിന് ബ്രിട്ടൻ ആദ്യമായി അംഗീകാരം നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-23 15:48:00.0

Published:

23 Dec 2021 3:22 PM GMT

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കോവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യുഎസ്
X

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കോവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി യുഎസ്. ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഗുളിക കണ്ടെത്തിയതോടെ കോവിഡ് ചികിത്സയിൽ മറ്റൊരു വഴി കൂടി തെളിഞ്ഞിരിക്കുകയാണെന്ന് എഫ്ഡിഎ ശാസ്ത്രജ്ഞ ഡോ. പട്രീസിയ കാവാസോനി പറഞ്ഞു.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബർ നാലിന് ബ്രിട്ടൻ ആദ്യമായി അംഗീകാരം നൽകിയിരുന്നു. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയിരുന്നത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരുന്നത്. വളരെ കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബ്രിട്ടൻ ഗുളിക നൽകുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരിശോധനയിൽ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതൽ പ്രശ്നങ്ങൾ കണ്ടത്.

ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയിൽ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവർക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജൻസി മേധാവിയായ ഡോ. ജ്യൂനെ റയ്നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നൽകിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതർക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിത്സയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സിനോട് മൂന്നു മില്ല്യൺ കോഴ്സുകൾ ആവശ്യപ്പെട്ട് ഒമ്പതു കരാറുകളാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്. എന്നാൽ ദരിദ്ര- ഇടത്തരം വരുമാനമുള്ള 105 രാജ്യങ്ങൾക്ക് മരുന്ന് നിർമിക്കാൻ സൗജന്യ ലൈസൻസ് നൽകുന്നതിന് കമ്പനി യു.എൻ മെഡിസിൻ പാറ്റൻറ് പൂളുമായി കരാറിലേർപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള നിരവധി മരുന്നു നിർമാതാക്കൾക്കും കമ്പനി അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കമ്പനി 10 മില്ല്യൺ കോഴ്സ് മരുന്ന് നിർമിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2022 ൽ 20 മില്ല്യൺ സെറ്റ് ഗുളിക ഉത്പാദിപ്പിക്കും.

വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ട ഡോസുകളും

ആസ്ത്രേലിയ 300,000 ഡോസ്

ഫ്രാൻസ് 50,000 ഡോസ്

മലേഷ്യ 150,000 ഡോസ്

ഫിലിപ്പൈൻസ് 300,000 കോഴ്സ്

സൗത്ത് കൊറിയ 20,000 കോഴ്സ്

തായ്ലാൻഡ് 200,000 കോഴ്സ്

യു.കെ 480,000 കോഴ്സ്

യു.എസ് 1,700,000 കോഴ്സ്‌

US approves Merck's Molnupiravir Covid pill after Pfizer

TAGS :
Next Story