Quantcast

'മാധ്യമസ്വാതന്ത്ര്യം ഇന്ത്യയ്ക്കും ബാധകമാണ്'; മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി ജർമനി

മുഹമ്മദ് സുബൈറിനെതിരെയുള്ള നടപടിയെക്കുറിച്ച് യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-07-07 10:50:51.0

Published:

7 July 2022 10:46 AM GMT

മാധ്യമസ്വാതന്ത്ര്യം ഇന്ത്യയ്ക്കും ബാധകമാണ്; മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി ജർമനി
X

ബെർലിൻ: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ വിമർശനവുമായി ജർമനി. മാധ്യമസ്വാതന്ത്ര്യം മറ്റുള്ളവരെപ്പോലെ ഇന്ത്യയ്ക്കും ബാധകമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുബൈറിനെതിരായ നടപടിയിലായിരുന്നു ജർമൻ മന്ത്രാലയത്തിന്റെ പ്രതികരണം.

സുബൈറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത് അറിയാനായെന്നും ഡൽഹിയിലെ തങ്ങളുടെ എംബസി വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞതായി 'സ്‌ക്രോൾ ഡോട്ട് ഇൻ' റിപ്പോർട്ട് ചെയ്തു. ജർമൻ സർക്കാർ ചാനലായ 'ഡോയ്ച്ചു വെല'(ഡി.ഡബ്ല്യു)വിനെ ഉദ്ധരിച്ചാണ് സ്‌ക്രോൾ വാർത്ത പുറത്തുവിട്ടത്.

''ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നാണ് ഇന്ത്യ സ്വയം വിവരിക്കുന്നത്. അതിനാൽ തന്നെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും പോലുള്ള ജനാധിപത്യമൂല്യങ്ങൾക്ക് അവിടെ മതിയായ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. സ്വതന്ത്രമായ റിപ്പോർട്ടിങ് ഏതു സമൂഹത്തിനും പ്രയോജനകരമാണ്. ഇതിനുള്ള നിയന്ത്രണങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. മാധ്യമപ്രവർത്തകർ എഴുതുകയും പറയുകയും ചെയ്യുന്നതിന്റെ പേരിൽ അവരെ പീഡിപ്പിക്കുകയോ ജയിലിലടക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാകരുത്.''-ജർമൻ വക്താവ് ചൂണ്ടിക്കാട്ടി.

മുഹമ്മദ് സുബൈറിനെതിരെയുള്ള നടപടിയെക്കുറിച്ച് യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ വിമർശനം വളരെ കൃത്യമാണെന്ന്, തത്വങ്ങൾ വിവരിക്കുന്നതിനപ്പുറം ഇന്ത്യയെ വിമർശിക്കാൻ എന്തുകൊണ്ടാണ് രാജ്യം ഭയക്കുന്നതെന്ന ഡി.ഡബ്ല്യു ചീഫ് ഇന്റർനാഷനൽ എഡിറ്റർ റിച്ചാർഡ് വാക്കറുടെ ചോദ്യത്തോട് പ്രതികരിച്ച് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂൺ 27ന് ജർമനിയിലെ മ്യൂണിച്ചിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിച്ചിരുന്നു. പൗരസാമൂഹിക പ്രവർത്തകരുടെ സ്വാതന്ത്ര്യവും വൈവിധ്യവും ഉറപ്പുവരുത്തുകയും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഓൺലൈനായും ഓഫ്‌ലൈനായും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ഉച്ചകോടിയിലെ വാർത്താകുറിപ്പിൽ മോദി ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഉച്ചകോടി നടക്കുന്ന അതേ ദിവസം തന്നയായിരുന്നു 2018 മാർച്ചിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന്റെ പേരിൽ ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. സുബൈറിന്റെ അറസ്റ്റിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ജർമനിയും ഔദ്യോഗികമായി സംഭവത്തിൽ പ്രതികരിക്കുന്നത്.

Summary: ''Press freedom also applies to India'', German foreign ministry criticizes arrest of Alt News co-founder, Muhammed Zubair

TAGS :

Next Story