ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം; സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്തകളും വീഡിയോയും പ്രചരിക്കുന്നു
ഇസ്രായേലിനെ സഹായിക്കാൻ യുഎസ് ബില്യൺ കണക്കിന് ഡോളർ അയക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന വൈറ്റ് ഹൗസിൽ നിന്നുള്ള വ്യാജ വാർത്താക്കുറിപ്പ് എക്‌സിലെ ഉപയോക്താക്കൾ പങ്കിട്ടിരുന്നു

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ ദൃശ്യം
തെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് വ്യാജ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹമാസ് ഇസ്രായേലിനെ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം തന്നെ എക്സ്,യുട്യൂബ് പോലുള്ള സോഷ്യല്‍മീഡിയകളില്‍ വ്യാജവീഡിയോകളും ഫോട്ടോകളും വ്യാജവാര്‍ത്തകളും നിറഞ്ഞു.
ഇസ്രായേലിനെ സഹായിക്കാൻ യുഎസ് ബില്യൺ കണക്കിന് ഡോളർ അയക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന വൈറ്റ് ഹൗസിൽ നിന്നുള്ള വ്യാജ വാർത്താക്കുറിപ്പ് എക്‌സിലെ ഉപയോക്താക്കൾ പങ്കിട്ടിരുന്നു. എന്നാല്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു."ഹമാസ് കുട്ടികളെ കൊന്നുവെന്ന് പറഞ്ഞ് ഇസ്രായേലികൾ എങ്ങനെയാണ് വ്യാജ വീഡിയോകൾ നിർമ്മിക്കുന്നതെന്ന് കാണുക" എന്ന അടിക്കുറിപ്പോടെ എക്‌സിൽ മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ ഒരു കുട്ടി നിലത്തു കിടക്കുന്നതും കുഞ്ഞിനോട് ചില പുരുഷന്‍മാര്‍ കരയാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. അവിടെയുണ്ടായിരുന്ന ഒരാൾ ഓട്ടോമാറ്റിക് റൈഫിൾ കൈവശം വച്ചിരിക്കുന്നത് കാണാം. പ്രൊഫഷണൽ ക്യാമറ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്. തടവിലാക്കപ്പെട്ട ഫലസ്തീനിയായ അഹമ്മദ് മനസ്രയുടെ കഥയെ ആസ്പദമാക്കിയുള്ള ഫലസ്തീൻ ഹ്രസ്വചിത്രമായ "എംപ്റ്റി പ്ലേസ്" ചിത്രീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിതെന്ന് റോയിട്ടേഴ്‌സ് ഈ വീഡിയോ പരിശോധിച്ച ശേഷം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ തെക്കൻ ഇസ്രായേലിലെ കിബ്ബ്യൂട്ട്സില്‍ വീടുകളില്‍ കയറി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്ന് മുഴുവൻ കുടുംബാംഗങ്ങളെയും ഹമാസ് പോരാളികള്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. തോക്കുകളും ഗ്രനേഡുകളുമായി 70ഓളം ഹമാസ് പോരാളികള്‍ ഭീകരര്‍ കിബ്ബ്യൂട്ട്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. 40 കുഞ്ഞുങ്ങളുടെ തലയറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇസ്രായേലിന്‍റെത് തെറ്റായ ആരോപണമാണെന്നും ഇത്തരമൊരു ക്രൂരകൃത്യം നടന്നതിന് തെളിവുകളൊന്നുമില്ലെന്നും സ്കൈ ന്യൂസ് ചീഫ് കറസ്പോണ്ടന്‍റ് വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഇസ്രായേലി വനിത ഇസ്രായേല്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖവും വൈറലാകുന്നുണ്ട്. ഹമാസ് പോരാളികള്‍ തങ്ങളുടെ വീട്ടില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട അനുഭവമാണ് അവര്‍ പങ്കുവച്ചത്. ''അവരെത്തുമ്പോള്‍ ഞാനും രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ എല്ലായിടത്തും നോക്കി. അവരില്‍ ഒരാള്‍ എന്നോട് ഇംഗ്ലീഷില്‍ പറഞ്ഞു. ''പേടിക്കണ്ട ഞാനൊരു മുസ്‍ലിമാണ് ഞങ്ങള്‍ ആരെയും ഉപദ്രവിക്കില്ല.'' ശരിക്കും ഞാന്‍ അന്തംവിട്ടു, അതേസമയം സമ്മര്‍ദ്ദത്തിലുമായിരുന്നു. ഞാനെന്‍റ കുട്ടികളുടെ അടുത്തിരുന്നു. ഒരാള്‍ ഡൈനിംഗ് റൂമില്‍ നിന്നും കസരയെടുത്ത് ഞങ്ങളുടെ അടുത്തായി ഇരുന്നു. മറ്റുള്ളവര്‍ വീടിനു ചുറ്റും റോന്തു ചുറ്റുന്നുണ്ടായിരുന്നു. മേശയില്‍ വാഴപ്പഴം ഇരിക്കുന്നത് കണ്ട് അവരില്‍ ഒരാള്‍ ഒരെണ്ണം കഴിച്ചോട്ടെ എന്നു ചോദിച്ചു, ഞാന്‍ സമ്മതിച്ചു. മക്കളില്‍ മൂത്തയാള്‍ ശരിക്കും പേടിച്ചു, എന്നാല്‍ ഇളയ ആള്‍ക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം അവര്‍ വീട്ടിലുണ്ടായിരുന്നു. പിന്നീട് വാതിലടച്ച് അവര്‍ സ്ഥലം വിട്ടു. '' അവര്‍ വീഡിയോയില്‍ പറയുന്നു.
Adjust Story Font
16

