Quantcast

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്; ബൈഡനെതിരെ വിമര്‍ശനം ഉയരുന്നു

യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്​ഗാന്‍ സർക്കാർ വീഴുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ട് ബൈഡന്‍ തള്ളിയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Aug 2021 6:16 AM GMT

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്; ബൈഡനെതിരെ വിമര്‍ശനം ഉയരുന്നു
X

അഫ്​ഗാനിസ്ഥാൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന് നേരെ വിരൽചൂണ്ടി ലോകം. താലിബൻ സേനക്കുമുന്നിൽ അഫ്​ഗാൻ കീഴടങ്ങിയത് പ്രസിഡ‍ന്റ് ബൈഡന്റെ ആസൂത്രണമില്ലായ്മയും എടുത്തുചാട്ടവുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമർശനം. അഫ്​ഗാൻ പിൻമാറ്റവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരമാർശങ്ങളും ഇതിനോടകം ചർച്ചയായി.

ഈ വർഷം ഏപ്രിലിലാണ് അമേരിക്കൻ സൈന്യം പൂർണമായും അഫ്​ഗാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ അമേരിക്കൻ പിൻമാറ്റത്തെ തുടർന്നുണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിയ പ്രസി‍ഡന്റ്, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അഫ്​ഗാൻ സേന സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു. ജൂലൈ എട്ടിന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അമേരിക്കൻ പിൻമാറ്റവും അഫ്​ഗാനിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്​ഗാനിലെ പാവ സർക്കാർ തകർന്നടിയുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ടിനെ കുറിച്ച് മാധ്യമങ്ങൾ പ്രസിഡന്റ് ബൈഡനോട് ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് ബൈഡൻ പറഞ്ഞത്. എഴുപതുകളിൽ വിയറ്റനാമിൽ നടന്ന അമേരിക്കൻ ഒഴിപ്പിക്കലിന് സമാനമായ സാഹചര്യമല്ല അഫ്​ഗാനിലുള്ളതെന്നും ബൈഡൻ പറഞ്ഞു.

സോവിയറ്റ് പിന്തുണയുള്ള വടക്കൻ വിയറ്റ്നാമും അമേരിക്ക പിന്തുണച്ച തെക്കൻ വിയറ്റ്നാമും തമ്മിലെ യുദ്ധത്തിനിടെ, 1975ൽ അപ്രതീക്ഷിതായി വടക്കൻ വിയറ്റ്നാം അക്രമം ശക്തമാക്കിയത്. പരിഭ്രാന്തരായ അമേരിക്കൻ പക്ഷം അന്ന് എംബസിയുടെ ടെറസിലൂടെ ഹെലികോപ്ടർ മാർ​ഗം പൗരൻമാരെ രക്ഷപ്പെടുത്തിയ ഭീതിതമായ ചരിത്രം അഫ്​ഗാനിലും ആവർത്തിക്കുകയാണെന്നാണ് വിമർശനം. ഓപ്പറേഷൻ ഫ്രീക്വന്റ് വിൻഡ് എന്നു പേരിട്ട് വിയറ്റ്നാമിൽ നടത്തിയ ദൗത്യത്തിലൂടെ ഏഴായിരത്തിൽപര പേരെയാണ് രക്ഷപ്പെടുത്തിയത്.

രണ്ടു പതിറ്റാണ്ടു നീണ്ട അഫ്​ഗാൻ അധിനിവേശത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം രാജ്യത്തിന് നിന്നും പൂർണമായും പിൻമാറുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻലാദനെ വിട്ടുതരണമെന്ന അമേരിക്കൻ ആവശ്യം തള്ളിയ താലിബനെതിരെ 2001ലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്​ഗാനിൽ അധിനിവേശം നടത്തുന്നത്. സഖ്യസേനക്ക് മുന്നിൽ താലിബൻ കീഴടങ്ങിയതിനെ തുടർന്ന് 2003ലാണ് നാറ്റോ അഫ്​ഗാന്റെ സുരക്ഷ ഏറ്റെടുക്കുന്നത്. പാകിസ്താനിലെ അബട്ടാബാദിൽ വെച്ചു നടത്തിയ രഹസ്യ ദൗത്യത്തെ തുടർന്ന് ബിൻ ലാദനെ അമേരിക്ക വധിച്ചു. 2013 മുതൽ രാജ്യത്തിന്റെ സുരക്ഷ അഫ്​ഗാൻ സൈന്യം ഏറ്റെടുത്തിരുന്നു.

നിലവിൽ അമേരിക്കൻ പിൻമാറ്റത്തോടെ തലസ്ഥാനമായ കാബുൾ ഉൾപ്പടെ കീഴടക്കിയ താലിബാൻ, അഫ്​ഗാൻ ഭരണം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് കൊട്ടാരത്തിലെ അഫ്​ഗാൻ കൊടി നീക്കിയ താലിബാൻ അവരുടെ കൊടി നാട്ടുകയും, രാജ്യത്തിന്റെ പേര് 'ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്​ഗാനിസ്ഥാൻ' എന്നു മാറ്റുകയും ചെയ്തിരുന്നു. തലസ്ഥാനം താലിബാൻ പിടിച്ചതോടെ പ്രസി‍ഡന്റ് അഷ്റഫ് ​ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിടുകയായിരുന്നു.

TAGS :

Next Story