Quantcast

ഇസ്രായേൽ മന്ത്രി ബെന്‍ ഗ്വിറിന് പ്രവേശനം നിഷേധിച്ച് അമേരിക്കൻ സിനഗോഗുകൾ

എട്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബെൻ യുഎസിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-04-24 13:10:00.0

Published:

24 April 2025 6:38 PM IST

Itamar Ben-Gvir
X

വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനിടെ ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ ബെൻ ഗ്വിറിന് ന്യൂയോര്‍ക്കിലെ നിരവധി ജൂതപ്പള്ളികൾ പ്രവേശനം നിഷേധിച്ചതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൂത ആരാധനാലയങ്ങളായ സഫ്ര സിനഗോഗും പാർക്ക് ഈസ്റ്റ് സിനഗോഗും അദ്ദേഹത്തെ സ്വീകരിക്കാൻ വിസമ്മതിച്ചതായി ഇസ്രായേൽ ഹയോം പത്രം റിപ്പോർട്ട് ചെയ്തു. രണ്ട് സിനഗോഗുകളും നേരത്തെ ജയിൽമോചിതരായ തടവുകാരെ സ്വാഗതം ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഏതെങ്കിലും ഒരു സിനഗോഗ് ഹാളിൽ തനിക്കായി ഒരു പരിപാടി സംഘടിപ്പിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ അധികൃതര്‍ അത് നിഷേധിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ സിനഗോഗുകൾ ഇസ്രായേലിനോട് അനുകൂല നിലപാട് പുലര്‍ത്തുന്നവരാണെങ്കിലും തന്നെ സ്വീകരിക്കാൻ തയ്യാറുള്ള സിനഗോഗുകൾ കണ്ടെത്തുന്നതിൽ ബെൻ-ഗ്വിറിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നുവെന്ന് ജൂത സമൂഹത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബെൻ യുഎസിലെത്തിയത്. ന്യൂയോർക്ക്, മിയാമി, വാഷിംഗ്ടൺ എന്നിവിടങ്ങൾ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. 'സ്റ്റേറ്റ് സന്ദര്‍ശനം' എന്നാണ് ബെൻ ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയമാണ് യാത്രാച്ചെലവുകൾ വഹിക്കുന്നത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമുമായി കൂടിക്കാഴ്ച ഉറപ്പാക്കാൻ ബെൻ-ഗ്വിറിന് കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ബെന്നിന്‍റെ യുഎസ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ റിപ്പബ്ലിക്കൻമാരും ബിസിനസുകാരും പങ്കെടുത്ത അത്താഴവിരുന്നിൽ ബെൻ ഗ്വിര്‍ പങ്കെടുത്തു. 2022-ൽ നെതന്യാഹു സർക്കാരിൽ ചേർന്നതിനുശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ബെൻ-ഗ്വിർ തിങ്കളാഴ്ചയാണ് യുഎസിലെത്തിയത്.

TAGS :

Next Story