Quantcast

വെടിനിർത്തൽ കരാർ നിലവിൽവന്നാലും റഫക്കുനേരെ ആക്രമണം തുടരും- നെതന്യാഹു

വടക്കൻ ഗസ്സയിൽ സഹായമെത്തിച്ചില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസ്

MediaOne Logo

Web Desk

  • Published:

    18 Feb 2024 12:57 AM GMT

വെടിനിർത്തൽ കരാർ നിലവിൽവന്നാലും റഫക്കുനേരെ ആക്രമണം തുടരും- നെതന്യാഹു
X

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി. കരാർ നിലവിൽ വന്നാലും റഫക്കുനേരെയുള്ള ആക്രമണത്തിൽ നിന്ന്​ പിന്മാറില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ​ നെതന്യാഹു അറിയിച്ചു. വടക്കൻ ഗസ്സയിൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന്​ പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്കുനേരെയുള്ള ആക്രമണം വൻപ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്​ ജി 7 രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.

വിയോജിപ്പുകളെ തുടർന്ന്​ ചർച്ചകൾക്ക്​ തിരിച്ചടിയേറ്റെങ്കിലും വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്നാണ്​ ഖത്തർ അറിയിക്കുന്നത്. അതിനുവേണ്ടി എല്ലാ നീക്കങ്ങളും ഊർജിതമായി തുടരുകയാണെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി പറഞ്ഞു. ഗസ്സയിൽ എത്തിക്കുന്ന സഹായത്തിന്റെ തോത്​ അറിയിച്ചാൽ നിലവിലെ തടസങ്ങൾ നീങ്ങുമെന്നും ഫലസ്​തീൻ വിഷയത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്തുക പ്രധാനമാണെന്നും അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ഓർമിപ്പിച്ചു.

ബന്ദികളുടെ കൈമാറ്റത്തിന്​ ഹമാസുമായി കരാറുണ്ടായാൽ റഫക്കുനേരെയുള്ള ആക്രമണം ഉപേക്ഷിക്കില്ലെന്നാണ്​ നെതന്യാഹുവിന്റെ നിലപാട്. അന്താരാഷ്​ട്ര സമ്മർദത്തെ തങ്ങൾ വകവെക്കുന്നില്ലെന്നും രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായ റിപ്പോർട്ടുകൾ ശരിയല്ലെന്നും നെതന്യാഹു പറഞ്ഞു. റമദാൻ മാസത്തിലും ഗസ്സയിൽ യുദ്ധം തുടരുമെന്ന്​ മ​ന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു​. വടക്കൻ ഗസ്സക്കു നേരെയുള്ള ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ വെടിനിർത്തൽ ചർച്ച ഉപേക്ഷിക്കുമെന്നാണ്​ ഹമാസിന്റെ പ്രഖ്യാപനം.

വെടിനിർത്തൽ കരാർ വൈകുന്നതിൽ പ്രതിഷേധിച്ച്​ ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ സ്വന്തം രാഷ്​ട്രീയ താൽപര്യം മാത്രമാണ്​ നെതന്യാഹുവിന്​ പ്രധാനമെന്നും പ്രകടനക്കാർ കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനക​ളെ അണിനിരത്തി ബന്ദിമോചനത്തിനായി അനിശ്ചിതകാല പണിമുടക്ക്​ സമരം പ്രഖ്യാപിക്കുമെന്നും ബന്ദികളുടെ ബന്ധുക്കൾ മുന്നറിയിപ്പ്​ നൽകി. റമദാനിൽ ഫലസ്​തീനികളെ ഇസ്രായേൽ പ്രദേശങ്ങളിൽ അനുവദിക്കരുതെന്ന്​ മന്ത്രി ബെൻഗവിർ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ മാത്രം ഗസ്സയിൽ 83പേരെയാണ്​ സൈന്യം കൊലപ്പെടുത്തിയത്​. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 28,858 ആയി. അൽ നാസർ മെഡിക്കൽ സമുച്ചയത്തിൽ നിന്ന്​ നിരവധി ജീവനക്കാരെ സൈന്യം അറസ്​റ്റ്​ ചെയ്​തു. ഈജിപ്തുമായും മറ്റ് രാജ്യങ്ങളുമായും സമ്പർക്കം പുലർത്തി വരികയാണെന്നും റഫക്കു നേരെ ആക്രമണം നടത്തും മുമ്പ്​ ജനങ്ങളെ ഒഴിപ്പിക്കുമെന്നും ബെന്നി ഗാന്റസിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഗസ്സയിൽ നിന്ന്​ പുറന്തള്ളുന്ന ഫലസ്​തീനികളെ പുനരധിവസിപ്പിക്കാൻ തങ്ങൾക്ക്​ പദ്ധതിയില്ലെന്ന്​ ഈജിപ്​ത്​ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വടക്കൻ ഗസ്സയിലെ മൂന്ന്​ ലക്ഷത്തിലേറെ ജനങ്ങൾ പട്ടിണിയുടെ പിടിയിലെന്ന്​ യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്​.

TAGS :

Next Story