ലിപ്സ്റ്റിക് ഉൾപ്പടെയുള്ള സൗന്ദര്യ വസ്തുക്കൾ ആഹാരമാക്കി; ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ലിപ്സ്റ്റിക്, ഫെയ്സ് മാസ്ക്, ബ്രഷ് എന്നിവ കഴിച്ചിരുന്നതായി ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ യുവതി തന്നെ പങ്കുവച്ചിരുന്നു

തായ്പേയ് (തായ്വാൻ): ലിപ്സ്റ്റിക് ഉൾപ്പടെയുള്ള സൗന്ദര്യ വസ്തുക്കൾ കഴിച്ചതിനെ തുടർന്ന് 24കാരിയായ തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. സമൂഹമാധ്യമത്തിൽ 12,000ത്തിലധികം ഫോളോവേഴ്‌സുള്ള ഗുവ ബ്യൂട്ടി എന്ന പേരിലുള്ള പേജിലൂടെ വിഡിയോകൾ പങ്കുവെച്ചിരുന്ന യുവതിയാണ് മരണപ്പെട്ടത്.
ലിപ്സ്റ്റിക്, ഫെയ്സ് മാസ്ക്, ബ്രഷ് എന്നിവ കഴിച്ചിരുന്നതായി ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ യുവതി തന്നെ പങ്കുവച്ചിരുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ കഴിക്കുന്ന വീഡിയോകളാണ് യുവതി സ്ഥിരമായി തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നത്.
ഹൃദയാഘാതത്തെ തുടർന്നാണ് യുവതി മരണപ്പെട്ടത്. കോസ്മറ്റിക് വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷപദാർഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജെല്ലി പോലെയുള്ള ഒരു ബ്ലഷ് ചുണ്ടിലും കവിളിലും പുരട്ടിയ ശേഷം അത് വായിലിട്ടു ചവയ്ക്കുന്ന ഒരു വിഡിയോ യുവതി പങ്കുവച്ചിരുന്നു. അഗർ ജെല്ലിപോലെ ക്രിസ്പിയാണിതെന്നും എന്നാൽ രുചി അസഹനീയമാണെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, ഇത്തരം കെമിക്കൽ വസ്തുക്കൾ അടങ്ങിയ സൗന്ദര്യ വസ്തുക്കൾ കഴിക്കുന്നതിന് ഇവർക്കെതിരെ വലിയ വിമർശനങ്ങളും സമൂഹ മാധ്യമത്തിൽ ഉയർന്നിരുന്നു.
മരണവാർത്തയുടെ വിവരം യുവതിയുടെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.
Adjust Story Font
16

