ബത്ലഹേമിന്‍റെ ആകാശത്ത് പ്രതീക്ഷയുടെ വെട്ടം; വംശഹത്യയ്ക്ക് പിന്നാലെ രണ്ട് വർഷങ്ങൾക്ക് ശേഷം ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം
ശനിയാഴ്ച രാത്രി നഗരമധ്യത്തിലെ തിരുപ്പിറവി ചത്വരത്തില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീയില്‍ വിളക്കുതെളിഞ്ഞതിന് ശേഷമുള്ള ചടങ്ങിനായി വെസ്റ്റ് ബാങ്കില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികളെത്തിയിരുന്നു

ബത്ലഹേം: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയില്‍ നിറംമങ്ങിയ ബത്‌ലഹേം തെരുവില്‍ വെളിച്ചംവിതറിക്കൊണ്ട് വീണ്ടുമൊരു ക്രിസ്മസ് കാലം. വംശഹത്യ ആരംഭിച്ചതിന് ശേഷമുള്ള രണ്ടുവര്‍ഷത്തിന് പിന്നാലെ ഇതാദ്യാമായാണ് യേശുവിന്റെ ജന്മഭൂമിയായ ബത്‌ലഹേമില്‍ ക്രിസ്മസ് ട്രീ ഉയരുന്നത്.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരുന്ന വംശഹത്യ കാരണം കഴിഞ്ഞ രണ്ടുവര്‍ഷവും മുടങ്ങിപ്പോയ ക്രിസ്മസ് ആഘോഷങ്ങളെ പ്രധാനമായും രണ്ടുതരത്തിലാണ് ഫലസ്തീനിയന്‍ ജനത ഇത്തവണ നോക്കിക്കാണുന്നത്. ഉയര്‍ത്തെഴുന്നേല്‍പ്പിലുള്ള വിശ്വാസവും ഇസ്രായേലി ഉപരോധത്തില്‍ നിന്നുള്ള വിമോചനത്തിന്‍റെ പ്രതീക്ഷയും പുലര്‍ത്തിക്കൊണ്ടല്ലാതെ ക്രിസ്മസിന്റെ ദിനരാങ്ങളെ കഴിച്ചുകൂട്ടാന്‍ അവര്‍ക്കാവില്ല.
ഗസ്സയിലും ബത്‌ലഹേം പരിസരങ്ങളിലും ഇസ്രായേല്‍ നടത്തിയ നരനായാട്ടിലുണ്ടായ നാശനഷ്ടങ്ങള്‍ കാരണം മുന്‍വര്‍ഷങ്ങളിലേത് പോലെയായിരിക്കില്ല ഇത്തവണത്തെ ആഘോഷങ്ങളെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ പാസ്റ്ററായ മുന്തെര്‍ ഇസാഖ് അല്‍ജസീറയോട് പറഞ്ഞു.
'ബത്‌ലഹേം വളരെ മനോഹരമായി അലങ്കരിച്ചിരിക്കുകയാണ്. മുക്കുംമൂലയും അലങ്കരിച്ചിട്ടുണ്ടെങ്കിലും ഫലസ്തീനികളുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷങ്ങള്‍ക്കിടയിലും ഒരു സന്ദേശം പകര്‍ന്നുനല്‍കാന്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ ഇവിടെത്തന്നെ ധൈര്യസമേധം ഇനിയും കാണും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലമായി നഗരത്തില്‍ തുടരുന്ന അന്ധകാരവും നിശബ്ദതയും അവസാനിപ്പിക്കുന്നതിനായാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബെത്‌ലഹാം മേയര്‍ മഹര്‍ കന്‍വാത്തി പ്രതികരിച്ചു.
'ഫലസ്തീനിലെയും ബത്‌ലഹേമിലെയും ജനങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തണം. കൂടാതെ, ഗസ്സയ്ക്കും ലോകത്തിനും പുതിയ പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കണം.' മേയര്‍ അല്‍ജസീറയോട് പറഞ്ഞു.
ഫലസ്തീന്‍ ജനത നേരിടുന്ന പ്രയാസങ്ങളുടെ പരിസമാപ്തിക്കായി പ്രാര്‍ഥിക്കുമെന്ന മാര്‍പ്പാപ്പയുടെ സന്ദേശവും അദ്ദേഹം ബത്‌ലഹേമിലെ ജനങ്ങള്‍ക്കായി അന്താരാഷ്ട്ര മാധ്യമങ്ങളുമായി പങ്കുവെച്ചു.
ശനിയാഴ്ച രാത്രി നഗരമധ്യത്തിലെ തിരുപ്പിറവി ചത്വരത്തില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീയില്‍ വിളക്കുതെളിഞ്ഞതിന് ശേഷമുള്ള ചടങ്ങിനായി വെസ്റ്റ് ബാങ്കില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികളെത്തിയിരുന്നു. യുദ്ധം കാര്‍ന്നുതിന്ന ജീവിതത്തിലെ സമാധാനവും സുരക്ഷിതത്വബോധവും ക്രിസ്മസിനും പുതുവര്‍ഷത്തിനും പിന്നാലെ പുനസ്ഥാപിക്കാനാകുമെന്ന പ്രത്യാശയിലാണ് ബത്‌ലഹേമിലെ വിശ്വാസികള്‍.
Adjust Story Font
16

