Quantcast

കമ്പനിയിലെ ജീവനക്കാർക്കെല്ലാം ആഡംബര പാർട്ടി, മദ്യസൽക്കാരം; പിന്നാലെ കൂട്ട പിരിച്ചുവിടൽ

പാർട്ടിയിൽ പങ്കെടുത്ത ജീവനക്കാരോട് അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    9 May 2023 9:37 PM IST

കമ്പനിയിലെ ജീവനക്കാർക്കെല്ലാം ആഡംബര പാർട്ടി, മദ്യസൽക്കാരം; പിന്നാലെ കൂട്ട പിരിച്ചുവിടൽ
X

വാഷിങ്ടൺ: വൻകിട കമ്പനികളിലെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചവിടുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്നത്. ആമസോണും ഫ്‌ളിപ്കാർട്ടും ട്വിറ്ററിലുമെല്ലാം നിരവധി പേർക്കാണ് ജോലി പോയത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഇതിൽ പലരെയും പിരിച്ചുവിട്ടത്. ഇപ്പോഴിതാ കമ്പനിയിലെ ജീവനക്കാർക്ക് മുഴുവൻ ആഡംബര പാർട്ടിയും മദ്യസൽക്കാരവും നൽകിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട വാർത്തയാണ് പുറത്ത് വരുന്നത്. അമേരിക്കൻ സൈബർ സുരക്ഷാ കമ്പനിയായ ബിഷപ്പ് ഫോക്‌സ് ആണ് ഇത്തരത്തിൽ ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടിരിക്കുന്നത്.

ഏപ്രില്‍ മാസം അവസാനമായിരുന്നു ജീവനക്കാരെയെല്ലാം വിളിച്ചു ചേർത്ത് കമ്പനി ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചത്. ഇതിൽ ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. കിടിലൻ ഭക്ഷണങ്ങളും വിലകൂടിയ മദ്യസൽക്കാരവും നടത്തി. പാർട്ടിയിൽ പങ്കെടുത്ത ജീവനക്കാരോട് അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് നിരവധി ജീവനക്കാർ ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തു. എന്നാൽ അതിന് തൊട്ടടുത്ത ദിവസമാണ് കമ്പനി ഏകദേശം 13 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്. 50 ലധികം ജീവനക്കാർക്ക് ജോലി പോകുമെന്നാണ് ലഭിക്കുന്ന വിവരം.

പിരിച്ചുവിടുന്ന കാര്യം സ്വപ്‌നത്തിൽ പോലും തരുതിയിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. എവിടെയെങ്കിലും ജോലി ഒഴിവുണ്ടെങ്കിൽ അറിയിക്കണമെന്നും ഇവർ അഭ്യർഥിച്ചിട്ടുണ്ട്. ഇത്രയും വലിയ പാർട്ടിയൊക്കെ നടത്താൻ പണമുള്ള കമ്പനി എന്തിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നും ചിലർ ചോദിക്കുന്നു. അതേസമയം, കമ്പനിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് ബിഷപ്പ് ഫോക്‌സ് പ്രതികരിച്ചത്. നിലവിലെ ടീമിന്റെ പെർഫോമൻസ് പോരെന്നും കമ്പനിക്ക് വേണ്ടത്ര ലാഭം ലഭിച്ചില്ലെന്നും ഇവർ അവകാശപ്പെട്ടു. അതാണ് ഇത്തരമൊരു അഴിച്ചുപണി നടത്തിയതെന്നും കമ്പനി പറയുന്നു.

TAGS :

Next Story